Skip to content
Home » നമ്മുടെ മക്കൾ ഒറ്റപ്പെട്ടിരിക്കുന്നുണ്ടോ ? ഭക്ഷണം കഴിക്കുന്നുണ്ട് പക്ഷേ ഒരു കാര്യവുമില്ല  എന്ന് തോന്നുന്നുണ്ടോ? എന്നാൽ ദേ ഇത് അറിഞ്ഞിരിക്കണം

നമ്മുടെ മക്കൾ ഒറ്റപ്പെട്ടിരിക്കുന്നുണ്ടോ ? ഭക്ഷണം കഴിക്കുന്നുണ്ട് പക്ഷേ ഒരു കാര്യവുമില്ല  എന്ന് തോന്നുന്നുണ്ടോ? എന്നാൽ ദേ ഇത് അറിഞ്ഞിരിക്കണം

” അവർ ആഗ്രഹിക്കുന്ന ഭക്ഷണം ഒക്കെ കൊടുക്കുന്നുണ്ട്  എന്നിട്ടും വലിയ സന്തോഷം ഒന്നും കാണുന്നില്ല ” ഈ ഡയലോഗ് എല്ലാ അമ്മമാരിൽ നിന്നും കേൾക്കാം. വെറുതെ ഒരു നേരമ്പോക്ക് വാക്കല്ല ഈ പറയുന്നതൊന്നും. അതൊക്കെ തോന്നുന്നതാണെന്നുള്ള മറുപടി കൊടുത്തു ഈ ചോദ്യങ്ങൾ ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം എല്ലാവരെയും മാനസികമായി ഏതെങ്കിലും പ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരിക്കാം.

കുട്ടികൾക്ക് മാനസിക പ്രശ്നമോ ? അവർക്ക് എന്താ ഇത്ര സമ്മർദ്ദം? അവർക്ക് പഠിക്കാൻ മാത്രമല്ലേ ഉള്ളൂ, അത് മാത്രം ശ്രദ്ധിച്ചാൽ പോരെ നമ്മളുടെ അത്ര ടെൻഷൻ ഒന്നും അവർക്ക് ഇല്ലല്ലോ ? എന്നൊക്കെ പറയാൻ തുടങ്ങിയാൽ  ഒരു കാര്യത്തിനും  പരിഹാരം ഉണ്ടാവുകയില്ല. അതുകൊണ്ട് പതിവു വർത്തമാനങ്ങൾ ഒഴിവാക്കി  വിശദമായ കാര്യകാരണങ്ങൾ എന്താണെന്ന് തിരിച്ചറിയണം.

മാറിവരുന്ന സാമൂഹിക ജീവിതം കുട്ടികളെ  അത് ഭയങ്കരമായിട്ടാണ് ബാധിക്കുന്നത്. ഇക്കഴിഞ്ഞ കൊറോണയും കുടുംബ വ്യവസ്ഥയിൽ വന്ന മാറ്റവും ഇതിന്റെ ഭാഗമാണ്. വലിയ കുടുംബത്തിൽ നിന്ന് ചുരുങ്ങിയ ഇടങ്ങളിലേക്ക് മാറുമ്പോൾ കുട്ടികളെ കേൾക്കാനും കളിക്കാനും  ആരുമില്ല എന്നൊരു തോന്നൽ അവരിൽ ഉടലെടുക്കും.

ടിവി സ്ക്രീനിലും മൊബൈൽ വെളിച്ചത്തിലും കുട്ടികളെ ഇരുത്തുമ്പോൾ  അവരത് ആസ്വദിക്കുന്നുണ്ടായിരിക്കും പക്ഷേ, എന്നും ഒരേ ആവർത്തനം അവരിലും മടുപ്പുളവാക്കുന്നതാണ്.

രണ്ടു വയസ്സ് മുതലുള്ള കുട്ടികൾ ഒരു ദിവസം മൂന്നു മണിക്കൂറിൽ അധികം സ്ക്രീനിന് മുന്നിൽ ചിലവഴിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇവർ ഒരു അഞ്ചര വയസ്സ് ആകുമ്പോൾ മറ്റു കാര്യങ്ങളിൽ നിന്നെല്ലാം സ്വദവേ ഒഴിഞ്ഞു നിൽക്കുകയോ, ഉഷാറ് കാണിക്കാതിരിക്കുകയോ ചെയ്യാം. ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള കാര്യമാണിത്. അപ്പോൾ വിഷമിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഇപ്പോഴേ പറയുന്നത്.

കുട്ടികളുടെ മാനസികാരോഗ്യത്യത്തെ സംബന്ധിച്ച കാര്യങ്ങളിൽ നിരവധി പഠനങ്ങൾ നടക്കുന്ന കാലഘട്ടമാണ് ഇന്ന്. എന്തൊക്കെ കാര്യങ്ങൾ അടിസ്ഥാനപരമായി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ.ഫാബിയന്‍ അല്‍മൈഡയുടെ അഭിമുഖത്തിൽ നിന്ന് മനസ്സിലാക്കാം. കല്യാണ്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെ കണ്‍സല്‍റ്റന്‍റ് സൈക്യാട്രിസ്റ്റാണ്.

അവർക്കൊപ്പം സമയം ചിലവഴിക്കുക
ഒരുപാട് കളിപ്പാട്ടങ്ങൾ വാങ്ങിച്ചു കൊടുത്തതുകൊണ്ട് യാതൊരു കാര്യവുമില്ല. അവർക്കൊപ്പമിരുന്ന് കളിക്കാനും സംസാരിക്കാനും നമ്മൾ സമയം പ്രത്യേകം മാറ്റി വയ്ക്കേണ്ടതുണ്ട്. അവർക്ക് എന്താണ് വേണ്ടത് അതിനനുസരിച്ച് നമ്മൾ തയ്യാറായിരിക്കണം. അതവരിൽ സുരക്ഷിതത്വബോധം  ഉണ്ടാക്കുകയും മാനസികമായ ഉല്ലാസത്തിലേക്ക് എത്തിക്കുകയും ചെയ്യും.

അവരെ കേൾക്കാൻ തയ്യാറാവുക
അവരുടെ വിശേഷങ്ങൾ ചോദിക്കുകയും അവരോട് വിശേഷങ്ങൾ പറയുകയും ചെയ്യുക. അവരെ ഈ പ്രായത്തിൽ എന്തു പറയാനാണ് ? അതൊന്നും കാര്യമാക്കേണ്ടതില്ല എന്ന് അവഗണന ബോധം മാറ്റിവെച്ച്  അവരെ കേൾക്കാൻ നമ്മൾ തയ്യാറായിരിക്കണം.

ഒരു കാരണവശാലും അവരുടെ സംസാരത്തെ തമാശയുടെ ഗണത്തിൽ മാത്രം ഒതുക്കി നിർത്തരുത്. അവരെ മനസ്സ് തുറന്ന് സംസാരിക്കാൻ തയ്യാറാക്കുന്നതിലൂടെ അവർക്ക് കൂടുതൽ പ്രോത്സാഹനങ്ങളും മനസ്സ് തുറന്ന് സന്തോഷിക്കാനും സാധിക്കും.

അഭിനന്ദനങ്ങൾ അവർക്കും ഇരിക്കട്ടെ
ഒരു ചെറിയ തെറ്റിന് വരെ അടിക്കുകയും വഴക്കുപറയുകയും ചെയ്യുന്ന നമ്മൾ ,ചെറിയ ശരികൾക്ക് ഒരു അഭിനന്ദിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ അവർക്ക് അവരോട് തന്നെ ഒരു മതിപ്പു തോന്നുകയും, നല്ലതായ കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യം കൂടി ഉണ്ടാകും. പക്ഷേ മറ്റൊന്നുകൂടി ശ്രദ്ധിക്കണം, അമിത വില കൊടുത്തുള്ള സമ്മാനങ്ങൾ നൽകി അവരെ മറ്റൊരു ലോകത്തേക്ക് എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

യാഥാർത്ഥ്യത്തോടെയുള്ള പ്രതീക്ഷകൾ
ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ഒന്നാണ്, നമ്മുടെ മക്കളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുന്നത്. ഇത്തരം താരതമ്യപ്പെടുത്തലുകൾ അവരിൽ അപകർഷതാബോധം തലപൊക്കാൻ കാരണമാകും.  അത് അവരുടെ ജീവിതാവസാനം വരെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായി മാറുകയും ചെയ്യും. 

അതുകൊണ്ട് ഒരുതരത്തിലും മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തരുത്.  അവർ എന്താണ് ചെയ്യുന്നതെന്ന് ശരിയായ ബോധം അവരിൽ എത്തിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒരിക്കലും അമിതമായ പ്രതീക്ഷകൾ വച്ച്  അവരെ സമ്മർദ്ദത്തിൽ ആക്കരുത്.

കൈകാര്യം ചെയ്യണം സമ്മർദ്ദത്തെയും ഉൽകണ്ഠയെയും
മത്സരങ്ങളുടെ ലോകമാണ് ഇന്ന്. അതുകൊണ്ടുതന്നെ അവരെ ആ ലോകത്തിന്റെ  കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. പുറംലോകവും ആയിട്ടുള്ള മാനസിക പിരിമുറുക്കങ്ങളിൽ നിന്ന്  എങ്ങനെ മോചനം നേടാം എന്ന് നമ്മൾ അവരെ പഠിപ്പിക്കണം. കാരണം പുറംലോകത്തെ മാറ്റാൻ നമ്മൾക്ക് സാധിക്കണമെന്നില്ല.

അതുകൊണ്ട് മാനസികമായി കാര്യങ്ങൾ നേരിടാനുള്ള കരുത്ത് നമ്മുടെ മക്കൾക്ക് കൊടുക്കണം. ജീവിതം എന്നും സമാധാനവും സന്തോഷവും മാത്രമാണെന്ന തെറ്റിദ്ധാരണ അവരിൽ നിന്ന് മാറ്റണം. ജീവിതത്തിന്റെ എല്ലാ മേഖലകളും തികഞ്ഞ യാഥാർത്ഥ്യത്തോടെ അവരെ പഠിപ്പിക്കണം.

ഇന്നത്തെ സമൂഹത്തിൽ  പലതരത്തിലുള്ള പ്രശ്നങ്ങളാൽ സമ്പന്നമാണ് എല്ലാവരും. പക്ഷേ മാനസിക പ്രശ്നങ്ങൾക്ക് ശരിയായ ചികിത്സ നമ്മുടെ സമൂഹത്തിൽ ആരും തന്നെ ചെയ്യുന്നില്ല. അതിന് കാരണം നമ്മുടെ സമൂഹം തന്നെയാണ്. 

ഏത് അസുഖത്തിന് ആയാലും ഏത് പ്രശ്നത്തിനായാലും  ശരിയായ ചികിത്സയും പരിഹാരങ്ങളും നമ്മളെടുക്കണം.  അതിന് മറ്റുള്ളവരുടെ  വിലയിരുത്തലുകൾ ആവശ്യമില്ലെന്ന യാഥാർത്ഥ്യം കൂടി ഓരോരുത്തരും അംഗീകരിക്കണം. എങ്കിൽ മാത്രമേ നമ്മുടെ മക്കൾക്കും ശരിയായ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. നല്ലൊരു തലമുറയ്ക്ക് ആയി  ഒരുമിച്ചു മുന്നേറണം.

Leave a Reply

Your email address will not be published. Required fields are marked *