ജീവിതം ദുസ്സഹമാക്കിയ പരീക്ഷണം

1963ൽ സ്കൂളിലെ ശാസ്ത്ര ക്ലബിന് വേണ്ടി ഉറക്കമില്ലായ്മയെ കുറിച്ച് കൂടുതലാറിയാനായി ഒരു പരീക്ഷണം തുടങ്ങുമ്പോൾ അത് തങ്ങളുടെ ജീവിതത്തെ ഇത്ര മാരകമായി ബാധിക്കുമെന്ന് 17 വയസ്സുകാരായ റാന്റി ഗാർഡ്നറും ,ബ്രൂസ് മക്അലിസ്റ്ററും വിചാരിച്ചുകാണില്ല.

പതിറ്റാണ്ടുകൾക്കപ്പുറം ഈ പരീക്ഷണത്തിന് വലിയ വിലയാണ് റാന്റി കൊടുക്കേണ്ടതായി വന്നത്. ഏറ്റവും കൂടുതൽ നേരം ഉറങ്ങാതിരുന്നതിനുള്ള ലോക ഗിന്നസ് റെക്കോർഡ് ജേതാവായി നാമറിയുന്ന റാന്റി ഗാർഡ്നറുടെ, പിന്നീടുള്ള ജീവിതം പുറംലോകം അറിയാതെ പോയി.

സ്കൂളിലെ സയൻസ് പ്രോജെക്ടിനു വേണ്ടിയുള്ള വിഷയം തിരയുമ്പോഴാണ് റാന്റിയും ബ്രൂസും ഉറക്കത്തെ അടിസ്ഥാനമാക്കി ഒരു പരീക്ഷണം നടത്തിയാലെന്തെന്നു ചിന്തിക്കുന്നത്. അതിന് മുൻപ് വരെ 260 മണിക്കൂർ ഉറങ്ങാതെയിരുന്നതിന് ഹോനോലുലുവിലെ ഒരു ഡിജെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് തിരുത്തി കുറിക്കാൻ ആ ചെറുപ്പക്കാർ വാശിയോടെ തീരുമാനിച്ചു.

ഉറക്കമില്ലായ്മ,സാധാരണയായുള്ള മനുഷ്യന്റെ കഴിവുകളെയും, വൈജ്ഞാനിക കഴിവുകളെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്നത് റാന്റിയെ പരീക്ഷണവസ്തുവായി കല്പിച്ച് കണ്ടുപിടിക്കാൻ അവർ തീരുമാനിച്ചു.

റാന്റി ഉറങ്ങാതിരിക്കുകയും ബ്രൂസ് റാന്റിയെ നിരീക്ഷിക്കുകയും ചെയ്തു. മൂന്നാംദിവസം ഉറക്കമില്ലായ്മ റാന്റിയുടെ മൂഡിനെയും ശ്രദ്ധിക്കാനുള്ള കഴിവിനെയും ബാധിച്ചതായി അവർ നിരീക്ഷിച്ചു. ഹൃസ്വകാല ഓർമ്മനഷ്ടം, മതിഭ്രമം, മനോവിഭ്രാന്തി എന്നിവയുടെ ലക്ഷണങ്ങളും റാന്റി കാണിച്ചു തുടങ്ങി.

എന്നാൽ പരീക്ഷണവേളയിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ വില്യം ഡെമെന്റ് റാന്റി ബാസ്കറ്റ് ബോൾ കളിച്ചിരുന്നതായി പറയുന്നുണ്ട്. ഇത്തരത്തിൽ 11 ദിവസം, 264 മണിക്കൂറാണ് റാന്റി ഉറങ്ങാതെ ചിലവഴിച്ച് ഗിന്നസ് റെക്കോർഡ് നേടിയത്.

പരീക്ഷണത്തിന് ശേഷം റാന്റിയുടെ തലച്ചോറിന്റെ സ്കാനിങ് ഫലങ്ങൾ കൗതുകമുണർത്തുന്നതായിരുന്നു. റാന്റിയുടെ തലച്ചോറിന്റെ ചില ഭാഗങ്ങൾ പരീക്ഷ വേളയിൽ ഉണർന്നിരുന്നപ്പോൾ മറ്റു ചില ഭാഗങ്ങൾ പൂച്ചയുറക്കം നടത്തുകയായിരുന്നു.

പരീക്ഷണത്തിന് ശേഷം റാന്റിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കയും അവിടെ അവൻ 14 ദിവസത്തെ ഉറക്കത്തിന് ശേഷം അലാറം സംവിധാനങ്ങളില്ലാതെ സ്വമേധയാ എഴുന്നേൽക്കുകയും ചെയ്തു.

എന്നാൽ അന്നത്തെ പരീക്ഷണത്തിന്റെ അനന്തര ഫലമായി 50 വർഷങ്ങൾക്ക് ശേഷവും ഉറക്കമില്ലായ്മ റാന്റിയെ വേട്ടയാടുന്നു. ഉറക്കമൊഴിക്കൽ പോലുള്ള പരീക്ഷണങ്ങൾ, അതിന് വിധേയനാകുന്ന വ്യക്തിക്ക് ഒരുപാട് കാലം നീണ്ടു നിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നൽകാനിടയുണ്ട് .

ഇത് പിന്നീട് മാനസ്സിക പ്രശ്നങ്ങൾക്കും കാരണമാകും. ഇതിനാൽ തന്നെ ഇത്തരം പരീക്ഷണങ്ങളും വെല്ലുവിളികളും ഇനിമുതൽ ഗിന്നസ് റെക്കോർഡിന് പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് അധികൃതർ.

Leave a Comment