‘പാചകം ഒരു കലയാണ്’ എന്നൊക്കെ പറയാമെങ്കിലും പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ എന്താണെന്ന് നോക്കാം

അടുക്കള എന്ന് പറയുന്നത് തന്നെ പലവിഭവങ്ങളുടെ ഒരു കലവറയാണ്.  ഏറെ ശ്രദ്ധിക്കേണ്ടതും അടിസ്ഥാനപരമായ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുമായ  ഒരു ഭാഗമാണ് അടുക്കള. നമ്മളെ ഒരു നിത്യ രോഗിയാക്കാനും പൂർണ്ണ ആരോഗ്യവാനാക്കാനും  അടുക്കളയ്ക്ക് സാധിക്കും. അതുകൊണ്ട് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കാം.

ഏതൊരു ഭക്ഷണത്തിലും അതിന്റേതായ പോഷകഗുണങ്ങളുണ്ട്.  പക്ഷേ അത് ശരിയായ വിധത്തിൽ പാചകം ചെയ്താൽ മാത്രമേ ശരീരത്തിന് ലഭിക്കുകയുള്ളൂ.ഓരോ വസ്തുക്കളും ശരിയായി കഴുകി ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇങ്ങനെ കഴുകുന്നതിലൂടെ അതിലെ പൊടി, ചെറിയ പ്രാണികൾ, പുഴുക്കൾ,  വിഷാംശം എന്നിവയൊക്കെ നീക്കാൻ കഴിയും.

പച്ചക്കറികൾ അരിയുമ്പോൾ വളരെ ചെറുതാക്കി അറിയാൻ ശ്രദ്ധിക്കുന്നവരാണ് എല്ലാവരും. പക്ഷേ അങ്ങനെ ചെറുതായി അരിയുമ്പോൾ അതിലെ പോഷക ഗുണങ്ങൾ കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അധികം ചെറുതാക്കാതെ അരിയണം.

അരിഞ്ഞ പച്ചക്കറികൾ കൂടുതൽ നേരം വെള്ളത്തിൽ ഇട്ടു വയ്ക്കരുത്. അതിലെ വൈറ്റമിനുകൾ നഷ്ടപ്പെടാൻ ഇത് കാരണമാകും.

കാബേജിന്റെ ഇലകൾ നന്നായി കഴുകിയതിനുശേഷം മാത്രം അരിയുക.

കോളിഫ്ലവർ  പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. അത് ഓരോ പൂക്കളായി അടർത്തി മഞ്ഞളും ഉപ്പും ഇട്ട്  വെള്ളത്തിൽ തിളപ്പിച്ചെടുക്കണം. എങ്കിലേ അതിൽ അണുക്കൾ നശിക്കൂ.

പയറു വിഭവങ്ങൾ മുളപ്പിച്ചു കഴിക്കുന്നത് വളരെ ഉത്തമമാണ്. അതിലെ വൈറ്റമിൻ സി കൂടുതൽ ഉല്പാദിപ്പിക്കാൻ ഇത് സഹായിക്കും.

പയർ വർഗ്ഗങ്ങൾ വേഗം വേവുന്നതിന്  ബേക്കിംഗ് സോഡ ചേർക്കുന്നത് ഒഴിവാക്കുക. ഗുണത്തേക്കാൾ ഉപരി അത് ദോഷമാണ് ചെയ്യുക.

ഒരുപാട് വെള്ളത്തിൽ തിളപ്പിക്കാതെ, ആവശ്യമായ വെള്ളത്തിൽ തിളപ്പിച്ച് ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അരി, പരിപ്പ് എന്നിവ. അമിതമായ വെള്ളത്തിൽ ഭക്ഷണം വേവിക്കുമ്പോൾ അതിലെ വൈറ്റമിനുകൾ ഒക്കെ നഷ്ടപ്പെടുന്നു. പാത്രം അടച്ചുവെച്ച് വേവിക്കുന്നതും ഉത്തമമാണ്.

വസ്തുക്കൾ ആവിയിൽ വേവിക്കുന്നത് കുറച്ചുകൂടി നല്ലതാണ്. പച്ചക്കറികളുടെ നിറവും ഗുണവും നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.

പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് നല്ലതാണ്. സമയ ലാഭവും ഇതിലൂടെ ലഭിക്കും.

പഴങ്ങൾ തൊലിയോട് കൂടി കഴുകാൻ ശ്രമിക്കണം. തൊലിപ്പുറത്ത് മെഴുകിന്റെ സാന്നിധ്യം തോന്നിയാൽ തൊലി കളഞ്ഞേ അത് കഴിക്കാവൂ.

മുന്തിരി, ചീര, മല്ലിയില എന്നിവയൊക്കെ ഉപ്പിട്ട് വെള്ളത്തിൽ തിളപ്പിച്ചതിനുശേഷം  ഉപയോഗിക്കാവൂ.

നിരവധി കാര്യങ്ങൾ പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ പോഷകാഹാരങ്ങൾ   കഴിക്കുന്നതിലൂടെയാണ്  ആരോഗ്യം നിലനിർത്താനാകൂ. അതുകൊണ്ട് ആഹാരം കഴിക്കുന്നത് ശരിയാണ് എന്ന്  ഉറപ്പുവരുത്താനും ശ്രദ്ധിക്കുക. മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ പോഷകാഹാരം നിലനിർത്താൻ സാധിക്കുന്നു.

Leave a Comment