Skip to content
Home » ഓരോ ദിവസവും സന്തോഷത്തോടെ തുടങ്ങാം ; ശീലിക്കേണ്ട കാര്യങ്ങൾ

ഓരോ ദിവസവും സന്തോഷത്തോടെ തുടങ്ങാം ; ശീലിക്കേണ്ട കാര്യങ്ങൾ

നമ്മളിൽ പകുതിയിലധികം പേരും നേരിടുന്ന വലിയ പ്രശ്നമാണ് രാവിലെ ഉണരുമ്പോൾ മുതൽ പിടികൂടുന്ന ഉന്മേഷക്കുറവ്. “കിടക്കയിൽ നിന്നെണീക്കാൻ തോന്നുന്നില്ല. ബദ്ധപ്പെട്ട് എഴുന്നേറ്റാലും പിന്നെയും മടി. കാപ്പിയും ചായയും എത്ര കുടിച്ചാലും പിന്നെയും ഒരു ക്ഷീണം”. പൊതുവെ എല്ലാവർക്കും രാവിലെകളെ കുറിച്ചുള്ള പരാതികളാണിതെല്ലാം.

എല്ലാ ദിവസവും  ജോലിഭാരങ്ങളും, കൂടുതലായുള്ള ഫോൺ /കമ്പ്യൂട്ടർ ഉപയോഗവും ഉറക്കക്കുറവും നമ്മുടെ മാനസികരോഗ്യത്തെയും, ഉത്പാദനക്ഷമതയെയും സാരമായി ബാധിക്കുന്നുണ്ട്. എന്നാൽ ജീവിതചര്യകളിൽ കൊണ്ട് വരുന്ന ചില മാറ്റങ്ങൾക്ക് ഇങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളെയും വേരോടെ പിഴുതെറിയാനാകും.

ധ്യാനം :-
സ്ഥിരമായുള്ള ധ്യാനം നമ്മിൽ സന്തോഷവും, സുഖവും കൊണ്ടുവരുമെന്നാണ് ഗവേഷണ ഫലങ്ങൾ പറയുന്നത്. നമ്മുടെ ഏറ്റവും ശക്തവും മികച്ചതുമായ കഴിവുകളെ പുറത്തു കൊണ്ടുവരാൻ ധ്യാനം സഹായിക്കുന്നു. അതിനാൽ ദിവസവും ശാന്തമായൊരിടത്ത് ചെന്നിരുന്ന്, അല്പസമയം മറ്റെല്ലാം മറന്ന് ധ്യാനത്തിൽ മുഴുകുന്നത് പിരിമുറുക്കങ്ങളയക്കാൻ നമ്മെ സഹായിക്കുന്നു.

യോഗ /വ്യായാമം:-
നിങ്ങളുടെ ശരീരത്തിലെയും മനസ്സിലെയും മടുപ്പുളവാക്കുന്ന ഘടകങ്ങളെ കുടഞ്ഞു കളയാനുള്ള ശേഷി യോഗയ്ക്കും വ്യായാമങ്ങൾക്കുമുണ്ട്. ഹോർമോൺ ഉത്പാധനത്തിനും ക്രമീകരണത്തിനും ഇത് സഹായിക്കുകയും, ഉന്മേഷം പ്രധാനം ചെയ്യുകയും ചെയ്യുന്നു.

കഠിന വ്യായാമമുറകൾക്ക് പകരം, ചെറിയ ചില ചലനങ്ങളോ, നൃത്തമോ,നടത്തമോ പോലുള്ള ലഘു വ്യായാമങ്ങളാണ് ഉത്തമം. പ്രാണായാമം ചെയ്യുന്നത്, ദിവസത്തിന് മികച്ച തുടക്കമേകാൻ സഹായിക്കുന്നു.

ദൈനംദിന ലക്ഷ്യങ്ങളും ആഗ്രഹങ്ങളും എഴുതുന്നത് ശീലമാക്കുക :-
നമ്മൾ നിരന്തരമായി ചെയ്യുന്നത് നമ്മുടെ വ്യക്തിത്വരൂപീകരണത്തിൽ വലിയ പങ്ക് വഹിക്കുന്നു. രാവിലെ നമ്മൾ ആദ്യം ചെയ്യുന്നതെന്തോ, അതിന് ആ ദിവസത്തെ മുഴുവൻ ചിട്ടയോടെ കൊണ്ട് പോകാൻ കഴിയും. ദിവസവും നേടേണ്ട ലക്ഷ്യങ്ങൾ എഴുതുന്നതും, അത് ചെയ്ത് മുഴുമിക്കാൻ അവനവനെ തന്നെ വെല്ലുവിളിക്കുന്നതും, എന്തും ചെയ്യാനുള്ള പ്രചോദനം നമുക്കേകുന്നു.

പോഷകസമൃദ്ധമായ ആഹാരം കഴിക്കുക :-
ശരീരത്തിനു കൃത്യമായ അളവിലുള്ള പോഷകമേകുന്നത് ദിവസം മുഴുവൻ ഉണർവോടെ ഇരിക്കാൻ നമ്മെ സഹായിക്കുന്നു. ഭക്ഷണതോടൊപ്പം ആവശ്യമായ വെള്ളം കുടിക്കുന്നത് ഉറക്കം തൂങ്ങലും മടിയും ഒഴിവാക്കുന്നു.

പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുക:-
നമ്മുക്ക് വേണ്ടപ്പെട്ടവരോടൊപ്പം മൂല്യവത്തായ സമയം കഴിക്കുന്നത്, നമ്മിൽ സുരക്ഷിതബോധമുണർത്താനും, അനാവശ്യ ടെൻഷനുകൾ ഒഴിവാക്കാനും സഹായിക്കുന്നു. പ്രശ്നങ്ങൾ പങ്കിടുന്നതും തുറന്ന് ചിരിക്കുന്നതും, മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും, സമാധാനത്തോടെ ഇരിക്കാനും സഹായിക്കുന്നു.

നന്ദിയോടെ ജീവിക്കുക :-
അവനവനോടും ചുറ്റിലുള്ളവരായുമുള്ള ബന്ധം ദൃഡപ്പെടുത്താൻ ഇത് സഹായിക്കുന്നു. ആത്മാർത്ഥമായി മറ്റുള്ളവരോടും, നമ്മളോട് തന്നെയും, ‘I love you, thank you, bless you’ എന്നീ വാക്കുകൾ പറയുന്നത് തലച്ചോറിലുള്ള പല നാഡികളുടെയും പ്രവർത്തനത്തെ ത്വരിതപെടുത്തുന്നു.

കൃത്യമായി ഉറങ്ങുക :-
എല്ലാ ദിവസവും കൃത്യനേരത്ത് ഉറങ്ങാനും, ആവശ്യമുള്ള അത്രയും ഉറങ്ങാനും ശ്രദ്ധിക്കുക. ഉറക്കമിളയ്ക്കുന്നത് ഒഴിവാക്കുക. പകൽ മുഴുവൻ പ്രവർത്തിച്ച ശരീരത്തിന് മതിയായ വിശ്രമം ആവശ്യമാണ്. കൃത്യമായ ഉറക്കം, ദിവസവും നേരത്തെ ഉണരാനും, കൂടുതൽ മികച്ചതായി കാര്യങ്ങൾ ചെയ്യാനും സഹായിക്കുന്നു.

അവനവനെ സ്നേഹിക്കുക:-
മറ്റുള്ളവരേക്കാൾ ഒരു പടി കൂടുതൽ അവനവനെ സ്നേഹിക്കുക. നമ്മുടെ മനസ്സിനും ശരീരത്തിനും പരിചരണം വേണമെന്നോർക്കുക. ഒരു ഓയിൽ മസ്സാജിനോ, പെടിക്യുവറിനോ സമയം കണ്ടെത്തുക. ജീവിതത്തിൽ നേടുന്ന എല്ലാ നേട്ടങ്ങൾക്കും സ്വയം പ്രശംസിക്കുക.

പോക്കുവെയിൽ കൊള്ളുക:-
കാലത്തും വൈകീട്ടുമുള്ള ഇളം വെയിൽ കൊള്ളുക. ഇത് ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡി ലഭിക്കാനും, ഉണർവോടെ ഇരിക്കാനും സഹായിക്കുന്നു.

തിരക്കുകളിൽ നിന്നും ഇടവേള എടുക്കുക:-
ജോലിക്കും ജീവിതവിജയത്തിനുമെല്ലാം കൂടുതൽ പ്രാധാന്യം ആരോഗ്യകരമായ മനസ്സിന് നൽകുക. തിരക്കുകളിൽ നിന്നും അവധിയെടുത്ത് യാത്ര ചെയ്യുകയോ, പുസ്തകങ്ങൾ വായിക്കുകയോ, ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യുകയോ ആവാം. നമ്മുടെ ഇഷ്ട്ടങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക.

ശുഭാപ്ത്തി വിശ്വാസം കാത്ത് സൂക്ഷിക്കുക :-
ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നവും കടന്ന് പോകുമെന്നും, ഇതിലും നല്ലത് ജീവിതത്തിൽ വരാനുണ്ടെന്നും ഉറച്ച് വിശ്വസിക്കുക, അതിനു വേണ്ടി പ്രയത്നിക്കുക.

Leave a Reply

Your email address will not be published. Required fields are marked *