2008 ൽ ദീപിന്ദർ ഗോയലും പങ്കജ് ചദ്ധയും കൂടി ആരംഭിച്ച മൾട്ടിനാഷണൽ റെസ്റ്റൊറണ്ട്, ഇന്ത്യൻ ഫുഡ് ഡെലിവറി കമ്പനി ആണ് സൊമാറ്റോ. അന്ന് മുതൽ ഇന്ന് വരെ 24ഇൽ അധികം രാജ്യങ്ങളിലെ പ്രിയപ്പെട്ടതാകാൻ സൊമാറ്റോവിന് കഴിഞ്ഞിട്ടുണ്ട്.
നമുക്കടുത്തുള്ള റെസ്റ്റോറണ്ടുകളിലെ വിവരങ്ങൾ, മെനു, ഉപഭോക്താക്കളുടെ അഭിപ്രായം എന്നിവ അനുസരിച്ച്, നമ്മുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ നമ്മുക്കിഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്യാനും, നമ്മുടെ വാതിൽ പടിക്കലത് എത്തിക്കാനുമുള്ള സൗകര്യം സൊമാറ്റോ നൽകുന്നു.
ജനങ്ങളുടെ താല്പര്യങ്ങൾ അടുത്തറിഞ്ഞു കൊണ്ടുള്ള സേവനങ്ങൾ തന്നെയാണ് തങ്ങളെ എല്ലാവരുടെയും പ്രിയ ഫുഡ് ഡെലിവറി ആപ്പ് ആക്കുന്നത് എന്ന കാര്യത്തെ സാധൂകരിക്കുന്നതാണ് സൊമാറ്റോ സിഇഒ ദീപിന്ദർ ഘോയലിന്റെ പ്രവർത്തി.
നൗക്രി. കോമിന്റെ സ്ഥാപകനായ സഞ്ജീവ് ബിഖ്‌ചന്ദനിയുടെ ട്വീറ്റ് ഇപ്പോൾ വൈറൽ ആണ്. അടുത്തിടെ ദീപിന്ദറിനെയും സൊമാറ്റോ ടീമിനെയും മീറ്റ് ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചെന്നും, അതിനിടെ ദീപിന്ദർ പറഞ്ഞ കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും സഞ്ജീവ് പറയുന്നു.
മൂന്ന്മാസത്തിൽ ഒരിക്കൽ ദീപിന്ദർ അടക്കമുള്ള എല്ലാ സീനിയർ മാനേജർമാരും, ഒരു ദിവസം മുഴുവൻ, സൊമാറ്റോയുടെ ഐക്കൺ ആയ ചുവപ്പ് ടീ ഷർട്ട് ധരിച്ചു, മോട്ടോർ സൈക്കിളിൽ ഡെലിവറിക്ക് പോവാറുണ്ട്. എന്നാൽ തന്നെ ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഇത് തുടരുന്നു.ദീപിന്ദറിന്റെ ഈ പ്രവർത്തിക്ക് നിരവധി പ്രശംസകൾ ലഭിക്കുന്നുണ്ട്.
കസ്റ്റമറെ ഏറ്റവും അടുത്തറിയാൻ കഴിയുന്നത് ഇങ്ങനെയാണെന്നും, ഡെലിവറി ബോയ്സ് അനുഭവിക്കുന്ന് കഷ്ടതകൾ നേരിട്ടറിയാനും ഇത് ഉപകാരപ്പെടുമെന്നും പലരും അഭിപ്രായപ്പെടുന്നു. എല്ലാ തൊഴിലിനും തുല്യ പ്രാധാന്യമുണ്ടെന്നും, സഹപ്രവർത്തകരിലൊരാളായി നിൽക്കുന്നതും വലിയ കാര്യമാണെന്നും പലരും അദ്ദേഹത്തെ പുകഴ്ത്തുന്നു.
ഈയടുത്ത്,10 മിനിട്ടുള്ളിൽ ഡെലിവറി നടത്തുന്ന സംരംഭവുമായി ദീപിന്ദറും സൊമാറ്റൊയും മുന്നോട്ട് വന്നിരുന്നു. ഡെലിവറി ഏജന്റുമാരുടെ സുരക്ഷക്കിത് ഭീഷണിയായിരിക്കുമെന്നതിനാൽ, ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടക്കുന്നതാണ് ദീപിന്ദറിന്റെ ഈ പ്രവർത്തി.
ഇതിനു മുൻപ് ഊബർ ഇന്ത്യ പ്രസിഡന്റ് പ്രഭ്ജീത് സിങ്ങും ടാക്സി ഡ്രൈവർ വേഷത്തിൽ യാത്രക്കാരോട് അടുത്തിടപഴകി അവരുടെ ആവശ്യങ്ങൾ അറിയാൻ ശ്രമിച്ചിരുന്നു.