Skip to content
Home » ഐടി മേഖലയിൽ സ്വമേധയാ രാജി വെക്കൽ കൂടുന്നു

ഐടി മേഖലയിൽ സ്വമേധയാ രാജി വെക്കൽ കൂടുന്നു

കോവിഡ് മഹാമാരിക്കിടയിലും നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ഉലയാതെ പിടിച്ചു നിർത്തിയതിൽ മുഖ്യ പങ്ക് ഐടി മേഖലക്കായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ അതിശയകരമായ വളർച്ചയാണ് ഐടി മേഖലയ്ക്കുണ്ടായത്. 15.5% വളർച്ചാനിരക്കിൽ 22 ബില്യൺ ഡോളർ വരുമാനത്തോടെ, 5.5 ലക്ഷം  തൊഴിൽ അവസരങ്ങളാണ് 2022 ഫിനാൻഷ്യൽ ഇയറിൽ മാത്രം ഉണ്ടായത്. എന്നാൽ വരും വർഷങ്ങളിൽ കഠിനമായ വെല്ലുവിളികളാണ് ഐടി മേഖലയെ കാത്തിരിക്കുന്നത്.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്സിഎൽ എന്നീ ഇന്ത്യൻ ഐടി ഭീമന്മാരെയെല്ലാം തന്നെ ഒരുപോലെ ആശയകുഴപ്പത്തിലാക്കുന്ന പൊതു പ്രശ്നമാണ്, ഐടി പ്രൊഫഷണൽസിന്റെ സ്വമേധയാ ഉള്ള രാജി. സ്വന്തം ഇഷ്ടപ്രകാരം ജോലി ഉപേക്ഷിക്കുന്നവരുടെ നിരക്കായ അട്രീഷൻ റേറ്റ് വരും വർഷങ്ങളിലും ക്രമാതീതമായി ഉയരാനുള്ള സാധ്യതയാണ് പഠനങ്ങൾ മുന്നോട്ട് വെക്കുന്നത്.

ടിസിഎസ് -19.7%,ഇൻഫോസിസ് -28.4%, വിപ്രോ 23.3%, എച്സിഎൽ- 23.8% എന്നിങ്ങനെയാണ് നിലവിലെ അട്രീഷൻ റേറ്റ്. ഇന്ത്യയുടെ ഐടി -ബിപിഎം (ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ബിസിനസ് പ്രോസസ്സ് മാനേജ്മെന്റ് ) സെക്ടറുകളിൽ 2025 ഓടെ, 22 ലക്ഷം ഐ ടി പ്രൊഫഷണലുകൾ രാജി വെക്കാനുള്ള ശക്തമായ സാധ്യതയാണ് 2022 ലെ ടീംലീസ് ഡിജിറ്റൽ റിപ്പോർട്ട്‌  ചൂണ്ടികാണിക്കുന്നത്.

ഡിജിറ്റലൈസേഷൻ തുറന്നിട്ട പുതിയ തൊഴിൽ അവസരങ്ങളിലൂടെ കൂടുതൽ പേരും ഐടി ഇതര മേഖലകളിലേക്ക് ചേക്കേറാനാണ് സാധ്യത എന്നും ടീംലീസ് ഡിജിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ സുനിൽ ചെമ്മൻകോട്ടിൽ പറയുന്നു.

പുതിയ കമ്പനികൾ എംപ്ലോയീസിനു മേൽ ചെലുത്തിയ അമിത ജോലി സമ്മർദ്ദമായിരുന്നു 2021 ലെ അട്രീഷൻ നിരക്ക് ഉയരാനുണ്ടായ കാരണം. എന്നാൽ 2022ൽ ഇത് കോവിഡിന് ശേഷം  എംപ്ലോയീസിന്റെ ജോലിയോടും ജീവിതത്തോടുമുള്ള സമീപനത്തിലുണ്ടായ  മാറ്റത്തിന്റെ ഫലമാണ്.

ശമ്പള വർധനവിനും, മറ്റ് ആനുകൂല്യങ്ങൾക്കും പുറമെ, കരിയറിലെ ഫ്ളക്സ്ബിലിറ്റി, വളർച്ച, ജീവനക്കാർക്ക് കമ്പനിയിൽ ലഭിക്കുന്ന മൂല്യം, എന്നിവ ജീവനക്കാരുടെ മുൻഗണനയായി മാറിയതും, ഇതിനെ തൃപ്തിപ്പെടുത്തുന്നതിൽ ഐടി ഫേമുകൾ പരാജയപ്പെട്ടതും, അട്രീഷൻ റേറ്റ് ഉയരാൻ കാരണമായി.

പിരിഞ്ഞു പോകുന്നതിൽ 57% പേരും ഐടി മേഖലയിലേക്ക് ഭാവിയിൽ മടങ്ങിവരാൻ താല്പര്യം കാണിച്ചേക്കില്ലെന്നും സർവ്വേ പറയുന്നു. ശമ്പള വർദ്ധനവുകൊണ്ട് മാത്രം ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുമെന്നുള്ള ധാരണ മാറ്റി, ജീവനക്കാരുടെ പൊതുവെയുള്ള ജീവിതസാഹചര്യം മെച്ചപ്പെടുന്നതിനു വേണ്ടിയുള്ള പദ്ധതികളും കമ്പനികൾ തങ്ങളുടെ അജണ്ടയിൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *