Skip to content
Home » നോവലിനോട് നീതി പുലർത്തി പൊന്നിയിൻ സെൽവൻ

നോവലിനോട് നീതി പുലർത്തി പൊന്നിയിൻ സെൽവൻ

67 വർഷം പുസ്തകരൂപത്തിൽ; 28 വർഷത്തെ മണിരത്നത്തിന്റെ സ്വപ്നം; ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം, ആകാംക്ഷയോടെ കാത്തിരുന്ന ‘മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ഡ്രീം പ്രൊജക്റ്റ്‌ ‘ പൊന്നിയിൻ സെൽവന് പ്രത്യേകതകൾ ഏറെയാണ്.

എല്ലാ കാത്തിരിപ്പിനും അവസാനം കുറിച്ച്, സെപ്റ്റംബർ 30, 2022 ന് ചിത്രം തീയറ്ററുകളിൽ എത്തുമ്പോൾ, കൽക്കി കൃഷ്ണമൂർത്തിയുടെ ഐതിഹാസിക നോവലിനോട് നൂറ് ശതമാനം നീതി പുലർത്തിയിരിക്കുന്നതായാണ് പ്രേക്ഷക പ്രതികരണം. മികച്ച കാസ്റ്റിങ്ങും, ഛായാഗ്രഹണവും, പശ്ചാത്തല സംഗീതവും,സിനിമയുടെ മാറ്റ് കൂട്ടുന്നതായി ചലച്ചിത്ര പ്രേമികൾ അഭിപ്രായപ്പെടുന്നു.

1955 ൽ പ്രസിദ്ധീകരിച്ച നോവൽ, നീണ്ട 67 വർഷങ്ങളാണ് വെള്ളിത്തിരയിലെത്താൻ വേണ്ടി വന്നത്. തമിഴകത്തെ തന്നെ ഏറ്റവും ഐതിഹാസിക എഴുത്തുകാരനായ കൽക്കി കൃഷ്ണമൂർത്തിയുടേതായി രചനകൾ നിരവധി ഉണ്ടെങ്കിലും, അഞ്ചു ഭാഗങ്ങളായി പുറത്ത് വന്ന പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്‌മാണ്ട നോവലാണ് അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.

ലോകചരിത്രത്തിൽ തന്നെ ഏറ്റവും കാലം അധികാരത്തിലിരുന്ന, ചോള പരമ്പരയെ അധികരിച്ചെഴുതിയ നോവൽ, പൊരുതി നേടിയ അധികാരം തങ്ങളിൽ നിന്നും പിടിച്ചെടുക്കാൻ കാത്തിരിക്കുന്ന പാണ്ട്യ രാജാക്കന്മാരെയും, തങ്ങൾക്കെതിരെ ഗൂഡാലോചന നടത്തുന്ന സാമന്ത രാജാക്കന്മാരെയും ചോളന്മാരെങ്ങനെ തരണം ചെയ്തുവെന്ന് കാണിക്കുന്നു.

ചോളരാജ വംശത്തിലെ ഏറ്റവും പ്രസിദ്ധനായ, തഞ്ചാവൂർ ബ്രഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ച, രാജരാജ ചോളൻ /അരുൾ മൊഴി വർമ്മൻ /പൊന്നിയിൻ സെൽവനിലൂടെ ചോള രാജവംശത്തിന്റെ പ്രതാപം നോവൽ കാണിക്കുന്നു. 1958 ൽ എം. ജി. ആർ നോവലിന്റെ പകർപ്പാവകാശം സ്വന്തമാക്കുന്നതിൽ നിന്നുമാണ് പൊന്നിയിൻ സെൽവന്റെ അഭ്രപാളിയിലേക്കുള്ള പ്രയാണം തുടങ്ങുന്നത്.

പിന്നീട് കമൽഹാസൻ ഇതിനു ശ്രമിച്ചെങ്കിലും അമിത നിർമ്മാണച്ചിലവും, തമിഴ്നാട് ക്ഷേത്രങ്ങളിൽ ചിത്രീകരണത്തിനുള്ള വിലക്കും മൂലം ഉപേക്ഷിക്കേണ്ടതായി വന്നു. 1994 ലാണ് മണിരത്നം പൊന്നിയിൻ സെൽവനെ തന്റെ സ്വപ്നപദ്ധതി ആയി പ്രഖ്യാപിക്കുന്നത്.

ഇളങ്കോ കുമാരവേലും, മണിരത്‌നവും ചേർന്ന് 2009ൽ തിരക്കഥ എഴുതി തുടങ്ങിയെങ്കിലും ചിത്രീകരണമാരംഭിക്കാൻ പിന്നെയും 10 വർഷം എടുത്തു. ഇതിനിടയിൽ അഭിനേതാക്കളെ നിരവധി തവണ മാറ്റി. അതിനുപുറമേ കോവിഡും ചിത്രത്തിന് വെല്ലുവിളിയായി വന്നു, ഇത്തരത്തിൽ പല പ്രതിസന്ധികളും മറികടന്ന് തീയറ്ററുകളിലെത്തിയ ചിത്രം, വലിയ പ്രതീക്ഷകളാണ് സിനിമാസ്വാദകരിൽ ഉയർത്തിയത്.

ഇതിനിടയിൽ പൊന്നിയൻ സെൽവൻ നോവൽ കൂടുതൽ പേരിലേക്കെത്തിയതും, ഡി. സി ബുക്സ്, മലയാളത്തിൽ പൊന്നിയിൻ സെൽവൻ പ്രസിദ്ധീകരിച്ചതും, സിനിമാ പ്രേമികൾക്ക് പുറമെ, പുസ്തകപ്രേമികളെ കൂടി സിനിമയോട് അടുപ്പിച്ചു.

പത്താം നൂറ്റാണ്ടിനെ ആസ്‌പദമാക്കി തമിഴിൽ വരുന്ന ആദ്യ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ആ കാലഘട്ടത്തിന്റെ ശില്പചാതുര്യം ബിഗ് കൊണ്ടു വരുന്നതിൽ ആർട്ട്‌ ഡിപ്പാർട്മെന്റും, രവി വർമ്മന്റെ ഛായാഗ്രഹണവും വിജയിച്ചതായി പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇസൈ പുയൽ എ. ആർ. റഹ്മാന്റെ മാസ്മരിക സംഗീതം, ചിത്രത്തെ കൂടുതൽ എങ്കെജിങ് ആക്കുന്നുണ്ട്.

പൊന്നിയിൻ സെൽവൻ എന്ന ടൈറ്റിൽ റോളിൽ ജയം രവിയും, ആദിത്യ കരികാലനായി വിക്രമും, കുന്ദവയായി തൃഷയും, വന്ദിയദേവനായി കാർത്തിയും, പാണ്ട്യ രാഞ്ജി നന്ദിനിയായി ഐശ്വര്യ റായി ബച്ചനും വേഷമിടുന്നു. മലയാളി സാന്നിധ്യമായി ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ, റഹ്മാൻ, ബാബു ആന്റണി, റിയാസ് ഖാൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

സിനിമയുടെ പ്രൊമോഷൻ വേളയിൽ വിക്രം, ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ കുറിച്ച് വാചാലനായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ ശിൽപകലയും, മറ്റ് സൂപ്പർ പവർ രാജ്യങ്ങളെല്ലാം കണ്ടുപിടിക്കുന്നതിനു മുന്നേ നമ്മൾ ക്ഷേത്ര കലകളിലും, നിർമ്മാണത്തിലും സ്വന്തമാക്കിയിരുന്ന പ്രാവീണ്യവും, മഹത്തായ നമ്മുടെ നാവികസേന പാരമ്പര്യത്തെ കുറിച്ചും, രാജാ -പ്രജാ ബന്ധത്തെ കുറിച്ചും, അക്കാലത്തു തന്നെ സ്ത്രീകൾക് നൽകി വന്നിരുന്ന പദവികളെ കുറിച്ചും വിക്രം പ്രതിപാദിക്കുന്നുണ്ട്.

ഇങ്ങനെയുള്ള നമ്മുടെ സ്വന്തം ചരിത്രം പലർക്കുമിന്ന് അന്യമാണ്. ആ ചരിത്രത്തിന്റെ വീണ്ടെടുപ്പും, ആഘോഷവുമാണ് പൊന്നിയിൻ സെൽവൻ. 1978 ലെ രാജരാജ ചോളന്റെയും,എം. ജി ആറിന്റെ മധുരയ് മീട്ട സുന്ദരപാണ്ട്യന്റെയും പരാജയത്തോടെ നിലച്ച് പോയ തമിഴ് ചരിത്ര സിനിമകൾക്ക് പൊന്നിയിൻ സെൽവൻ പുത്തനുണർവേകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *