അർബുദം കാർന്നു തിന്നുമ്പോഴും തന്റെ രാജ്യത്തിനും ദൈവത്തിനും വേണ്ടി പോരാടിയ യുവരാജാവിന്റെ കഥ

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവരാജ് സിംഗ്. കളിക്കളത്തിൽ തോൽക്കാൻ മനസ്സില്ലാത്ത ഒരു കൊച്ചു കുട്ടിയുടെ വാശിയായിരുന്നു യുവരാജിന് ക്രിക്കറ്റിനോട്. അത്ര മാത്രം ആവേശം അദ്ദേഹത്തിന്റെ സിരകളിൽ ഉണ്ടായിരുന്നു. എന്നാൽ അവിടെ രക്തത്തിനു പകരം ക്രിക്കറ്റിനോടുള്ള അഭിനിവേശമായിരുന്നു.

ക്രിക്കറ്റിനെ മതമായും സച്ചിനെ ദൈവമായും കാണുന്ന ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ യുവരാജാവായിരുന്നു യുവരാജ് സിംഗ് എന്ന യുവി. 28 വർഷത്തിന്റെ കാത്തിരിപ്പിനു ശേഷം ഇന്ത്യ ലോകകപ്പിന്റെ നെറുകയിൽ എത്തിയപ്പോൾ സച്ചിനെന്ന പോലെ യുവിക്ക് വേണ്ടിയും കാണികൾ ആർപ്പു വിളിച്ചു.

കളിക്കളത്തിൽ അർബുദത്തിന്റെ കോശങ്ങൾ പടർന്നു പന്തലിച്ചപ്പോഴും അവശനായി ചോര തുപ്പി ഇരുന്നപ്പോഴും ആരുടെ വാക്കുകൾക്കും ചെവി കൊടുക്കാതെ തന്റെ ദൈവത്തിനായി അദ്ദേഹം കപ്പുയർത്തുക തന്നെ ചെയ്തു.

യുവരാജാവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം രാജകീയമായിരുന്നു. അണ്ടർ 19 വേൾഡ് കപ്പ് നേടി,അതിലെ ഏറ്റവും മികച്ച താരമായി മാറാൻ യുവിക്ക് കഴിഞ്ഞു. പന്തു കൊണ്ടും ബാറ്റ് കൊണ്ടും എപ്പോൾ വേണമെങ്കിലും  പൊട്ടിത്തെറിക്കുന്ന പടക്കോപ്പയി യുവി മാറി.

ക്യാമറക്ക് ഒപ്പിയെടുക്കാൻ കഴിയാത്ത എത്ര ക്യാച്ചുകൾ അയാൾ രാജ്യത്തിനു നൽകി. ഫീൽഡിൽ പറന്നു നടക്കുന്ന ചുറുചുറുക്കുള്ള പൂമ്പാറ്റയായിരുന്നു  യുവരാജ് സിംഗ്. കൈഫിന്റെ കൈയും പിടിച്ച് യുവി കടന്നു വന്നത് ഇന്ത്യയുടെ സുവർണ കാലഘട്ടത്തിലേക്കാണ്.

കോഴവിവാദം പിടിച്ചു കുലുക്കിയ,അസറുദ്ധീനും അജയ് ജഡേജയും ഇല്ലാത്ത ഇന്ത്യൻ ടീം. അവിടേക്കാണ് യുവരാജാവിന്റെ എഴുന്നള്ളത്ത്. അവിടേക്കാണ് അണ്ടർ 19 ടീമിലെ മികച്ച കളിക്കാരന് സീനിയർ ടീമിലേക്ക് ടിക്കറ്റ് കിട്ടുന്നത്.

തന്റെ രണ്ടാമത്തെ കളി ക്രിക്കറ്റിന്റെ തമ്പുരാക്കന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഓസ്‌ട്രേലിയക്ക് എതിരായിരുന്നു. തുടക്കക്കാരന്റെ ലാഞ്ചനകളില്ലാതെ 80  പന്തിൽ 86 റൺസ്  നേടിയ ശേഷമാണ് യുവി കളം വിട്ടത്. അരങ്ങേറിയ രണ്ടാം മത്സരത്തിൽ തന്നെ പ്ലേയർ ഓഫ് ദി മാച്ച് വാങ്ങിയ ഇതിഹാസമാണ് യുവരാജ് സിംഗ്.

2011 ൽ നമ്മൾ വേൾഡ് കപ്പ് ഉയർത്തിയതിന് നന്ദി പറയേണ്ട വ്യക്തി  യുവരാജ് തന്നെയാണ്. ഗ്രൗണ്ടിൽ മരിച്ചു വീഴേണ്ടി വന്നാലും ക്രിക്കറ്റ് ദൈവത്തിനു വേണ്ടി കപ്പ് എടുക്കുമെന്ന യുവിയുടെ വീറും വാശിയുമാണ് ഒരർത്ഥത്തിൽ  അത് സാധ്യമാക്കിയത്.

കളിക്കളത്തിൽ തളർന്നിരിക്കുകയും ചോര ഛർദിക്കുമ്പോഴും അമ്പയർ വിശ്രമിക്കാൻ പറയുമ്പോഴും അതൊന്നും കൂട്ടാക്കാതെ അദ്ദേഹം പോരാടി കൊണ്ടിരുന്നു. സെഞ്ച്വറി നല്കിയിട്ടാണ് അദ്ദേഹം ക്രീസ് വിട്ടിറങ്ങിയത്. യുവരാജിന്റെ ആത്മവിശ്വാസത്തിന്റെയും കഠിനധ്വാനത്തിനെയും ഫലമായിരുന്നു അന്ന് അദ്ദേഹത്തിന് കിട്ടിയ പ്ലേയർ ഓഫ് ദി മാച്ച്. ഒടുവിൽ ലോകകപ്പ് ഉയർത്തി പ്ലേയർ ഓഫ് ദി ടൂർണമെന്റും ആ ഇടംകൈയ്യൻ സ്വന്തമാക്കി.

2007 ട്വെന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളിലും യുവരാജ് സിക്സറടിച്ചു. എല്ലാ തരം ക്രിക്കറ്റിലുമായി ഇത്തരമൊരു പ്രകടനം അതിനു മുമ്പായി മൂന്ന് തവണയേ നടന്നിട്ടുള്ളൂ. ടെസ്റ്റ് പദവി നേടിയ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഒരോവറിൽ തുടർച്ചയായി ആറ് സിക്സ്റുകൾ നേടുന്ന ആദ്യ കളിക്കാരനാണ് യുവരാജ്.

യുവരാജ് സിങിന്റെ കരിയറു കൊണ്ട് രാജ്യം എന്തു നേടി എന്നതിന്റെ ഉത്തരമാണ് ബിസിസിഐ യുടെ ഓഫീസിൽ ഇരിക്കുന്ന മൂന്ന് ലോകകപ്പുകൾ. അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്,ടി 20 ലോകകപ്പ്. ഇതെല്ലം നേടിയപ്പോൾ 2 പ്രാവശ്യവും പ്ലേയർ ഓഫ് ദി സീരീസ് ആകാൻ യുവിക്ക് സാധിച്ചു.

അർബുദ രോഗത്തിന് അടിപ്പെട്ട് മാസങ്ങൾ നീണ്ട ചികിത്സ കാരണം ഒരുവർഷത്തോളമാണ് യുവി അന്താരാഷ്ട്ര കരിയറിൽ നിന്ന് വിട്ടു നിന്നത്. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനത്തിലൂടെ കായികക്ഷമത വീണ്ടെടുത്ത യുവി, ശ്രീലങ്കയിൽ നടക്കുന്ന 20 -20 ലോകകപ്പിനു മുന്നോടിയായ് ന്യൂസിലാൻഡിനെതിരെ നടക്കുന്ന 20 -20യിലാണ് കരിയർ പുനരാരംഭിക്കുന്നത്.

അവസാനം 2019 ലെ ജൂൺ മാസം 10 ന് ക്രിക്കറ്റ് കരിയറിനോടും കളിക്കളത്തിനോടും ആരാധകരോടും അദ്ദേഹം ഔദ്യോതികമായി വിടപറഞ്ഞു. എന്നാൽ എക്കാലവും ഇന്ത്യൻ ക്രിക്കറ്റ് ലോകം യുവരാജിനോട് കടപ്പെട്ടിരിക്കുന്നു.

Leave a Comment