ഉറപ്പായി ദൃശ്യം 3 തീയറ്ററുകളിൽ എത്തും, പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണ് ദൃശ്യം എന്ന ചിത്രം. ഒരുപാട് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു സിനിമ കൂടിയാണിത്. ചൈനീസ് ഭാഷയിൽ അടക്കം ഈ സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്.

മലയാള സിനിമയിൽ ഒരു ക്രൈം ത്രില്ലെർ ഇത്ര മാത്രം ചർച്ചയായത് ദൃശ്യം വന്നതിനു ശേഷമാണ്. മലയാള സിനിമയിലെ ഒരു ബെഞ്ച് മാർക്കായി ദൃശ്യം എന്നും നിലനിൽക്കുന്നു.

ജിത്തു ജോസഫിന്റെ പഴുതടച്ച തിരക്കഥയാണ് ദൃശ്യത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത്. ദൃശ്യത്തിന് ശേഷം ദൃശ്യം 2 ഉണ്ടാകുമോ എന്നുള്ളത് എല്ലാവരുടെയും സംശയമായിരുന്നു. എന്നാൽ 8 വർഷത്തിനു ശേഷം ദൃശ്യം 2 സംഭവിച്ചു.

കോവിഡിന്റെ പരിമിതികൾക്കിടയിൽ ഒടിടി പ്ലാറ്റുഫോമായ ആമസോൺ പ്രൈമിൽ ആയിരുന്നു ദൃശ്യം 2 ഇറങ്ങിയത്. ഒടിടി യിൽ ആയിട്ടു പോലും ദൃശ്യം 2 ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യൻ സിനിമയിലെ അത്ഭുതമായി ദൃശ്യം മാറുകയായിരുന്നു.

ദൃശ്യം 2 ഇറങ്ങിയതിനു ശേഷം പ്രേക്ഷകരുടെ ചോദ്യം ദൃശ്യം 3 ഉണ്ടാകുമോ എന്നായിരുന്നു. എന്നാൽ അപ്പോഴെല്ലാം സംവിധായകനായ ജിത്തു ജോസഫും നടനായ മോഹൻലാലും മൗനം പാലിച്ചു.

എന്നാൽ അതിനുള്ള ഉത്തരമായി എത്തിയിരിക്കുകയാണ് നിർമാതാവായ ആൻ്റണി പെരുമ്പാവൂർ. മഴവിൽ മനോരമയുടെ മഴവിൽ എന്റർടൈൻമെന്റ് അവാർഡ് പരിപാടിക്കിടയിൽ ടൊവിനോ തോമസ് ചോദിച്ച ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം പറഞ്ഞത്.

ദൃശ്യം 3 എന്തായാലും ഉണ്ടാകുമെന്നും അതിന്റെ പണിപ്പുരയിൽ ആണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിലൂടെ ദൃശ്യം 3 വെള്ളിത്തിരയിൽ എത്തുമെന്ന ഉറപ്പു ലഭിച്ചിരിക്കുന്നു.

ഇതറിഞ്ഞതോടെ ആരാധകരെല്ലാം ഏറെ ആവേശത്തിലാണ്. ഇതറിഞ്ഞ നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ ഫാൻമേഡ് പോസ്റ്ററുകൾ അടക്കം വന്നു തുടങ്ങി. കേരളം മാത്രമല്ല ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന പാൻഇന്ത്യ റിലീസായി ദൃശ്യം 3 യെ പ്രേക്ഷകർ കാത്തിരിക്കുന്നു.

Leave a Comment