ഇന്ത്യയെ വിലക്കി ഫിഫ, അധികാര വടംവലി മൂലം നഷ്ടപ്പെടുന്നത് അണ്ടർ 17 വനിതാ ലോകകപ്പ്

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ വിലക്കിയതായി ഫിഫ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 85 വർഷത്തിന് ഇടയിൽ ആദ്യമായാണ് ഫിഫ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കുന്നത്.

രാജ്യത്തിൻറെ ഫുട്ബോൾ സ്വപനങ്ങൾക്കു മേലുള്ള കരിനിഴൽ ആയി നിൽക്കുകയാണ് ഫിഫയുടെ വിലക്ക്. വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമാകാനാണ് സാധ്യത.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ഫിഫ നേതൃത്വത്തെ വരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്ന് കാരണത്താലാണ് ഭരണസമിതി സുപ്രീം കോടതിയിൽ പോയിരിക്കുന്നത്. ഭരണത്തിന് പുറമെയുള്ള ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഫിഫ വിലക്ക് ഏർപ്പെടുത്തിയത്.

പലവട്ടം ഫിഫ മുന്നറിയിപ്പ് നൽകിയിട്ടും മാറ്റമൊന്നും ഇല്ലാത്തതു കൊണ്ടാണ് കടുത്ത നടപടികളിലേക്ക് ഫിഫ കടന്നത്. സുപ്രീം കോടതി വരെ ഇടപെട്ടിട്ടും അധികാര വടംവലിയിൽ മാറ്റമൊന്നും ഇല്ലാത്തതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം 28 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു കോടതി വിധി. നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടത്താനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് നടത്താൻ കഴിയില്ല.

മത്സരം മറ്റേതെങ്കിലും രാജ്യത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് ഫിഫ. കമ്മിറ്റി പുനഃസ്ഥാപിക്കാൻ കഴിഞ്ഞാൽ വിലക്ക് നീക്കുമെന്നും ഫിഫ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

ഫുട്ബോൾ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നു രാജ്യസഭാംഗം കൂടിയായ പ്രഫുൽ പട്ടേലിനെ വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഏതാനും സംസ്ഥാന അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും നടപടിയാവശ്യപ്പെട്ടിട്ടുണ്ട്. ഫിഫയുടെ കൗൺസിൽ അംഗമെന്ന പദവി പ്രഫുൽ പട്ടേൽ ദുരുപയോഗം ചെയ്തുവെന്നു വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഫുട്ബോൾ ഫെഡറേഷന്റെ മികവുയർത്താൻ കോടതി നടത്തുന്ന പല ശ്രമങ്ങളെയും സംസ്ഥാന അസോസിയേഷനുകളുടെ കൂട്ടുപിടിച്ച് തകർക്കാനാണു പ്രഫുൽ പട്ടേൽ ശ്രമിക്കുന്നു എന്നാണ് കോടതിയലക്ഷ്യ ഹർജിയിൽ ആരോപിക്കുന്നത്.

ഒന്നര വർഷത്തിലേറെയായി തിരഞ്ഞെടുപ്പ് നടത്താത്ത സാഹചര്യത്തിലാണ് കോടതി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിരിച്ചു വിട്ട് മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചത്. നിലവിലെ രാജ്യത്തെ അവസ്ഥ മനസിലാക്കാൻ ഫിഫയും ഏഷ്യ ഫുട്ബോൾ ഫെഡറേഷനും ചേർന്ന് എഎഫ്സി ജനറൽ സെക്രട്ടറി വിൻഡ്സർ ജോണിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

Leave a Comment