ഇന്ത്യയിൽ വിഎൽസി പ്ലേയർ നിരോധിച്ചു, വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും ബ്ലോക്ക് ചെയ്തു

വിഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ജനപ്രിയ മീഡിയ പ്ലേയറും സ്ട്രീമിംഗ് മീഡിയ സെർവറുമായ വിഎൽസി പ്ലേയർ നിരോധിച്ചു. മീഡിയനാമ പുറത്തു വിട്ട റിപ്പോർട്ടിലാണ് വിഎൽസി നിരോധിച്ച വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ രണ്ടു മാസം മുൻപ് നിരോധനം ഏർപ്പെടുത്തിയെന്ന് പറയുമ്പോഴും ഇതിന്റെ വിവരങ്ങൾ ഒന്നും തന്നെ കമ്പനിയോ കേന്ദ്ര സർക്കാരോ വെളിപ്പെടുത്തിയിട്ടില്ല.

ചില ട്വിറ്റർ ഉപഭോക്താക്കളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐടി ആക്റ്റ്, 2000 പ്രകാരം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വെബ്‌സൈറ്റ് നിരോധിച്ചിരിക്കുന്നു എന്നാണ് ട്വീറ്റിൽ കാണിക്കുന്നത്.

ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പാണ് സിക്കാഡ. ഇന്ത്യയിലെ സൈബർ ആക്രമണങ്ങൾക്ക് വിഎൽസി പ്ലാറ്റുഫോം ഉപയോഗിച്ചതിനാലാണ് ഇതിനു വിലക്ക് ഏർപ്പെടുത്തിയത് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ദീർഘകാല സൈബർ ആക്രമണ ക്യാംപെയ്‌നിന്റെ ഭാഗമായി മാൽവെയർ ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് സുരക്ഷാ വിദഗ്ദ്ധർ  കണ്ടെത്തിയിരുന്നു.

നിലവിൽ വിഎൽസി പ്ലേയറിന്റെ വെബ്സൈറ്റും അത് ഫോണിൽ ഇൻസ്റ്റാൾ ആക്കാനുള്ള ലിങ്കും നിരോധിച്ചിരിക്കുന്നു. വിഎൽസി പ്ലേയറിന്റെ ഓൺലൈൻ സേവങ്ങളും ഇന്ത്യയിൽ ലഭ്യമാകില്ല.

ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളുടെയും ഫോണിൽ വിഎൽസി പ്ലേയർ ഉണ്ടായിരിക്കും. എന്നാൽഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് കാലാന്തരത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്.

എസിടിഫൈബർനെറ്റ്, ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെ എല്ലാ പ്രധാന ഐഎസ്പികളിലും വിഎൽസി പ്ലേയർ നിരോധിച്ചിട്ടുണ്ട്. ചൈനയുടെ ഹാക്കിങ് ഗ്രൂപ്പും വിഎൽസിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ദൂരൂഹത ഉണർത്തുന്ന കാര്യമാണ്. കാരണം വിഎൽസിക്ക് ചൈനീസ് കമ്പനിയുടെ പിന്തുണ ഇല്ല എന്നത് ശ്രദ്ധേയമാണ്.

Leave a Comment