Breaking News

അടിയോടടിയുമായി തല്ലുമാല, ടോവിനോയും കല്യാണിയും തീയേറ്റർ പൊളിച്ചടുക്കി

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ തിയേറ്ററുകളിലെത്തി. യൂത്തിനെ ലക്ഷ്യമിട്ട്, വളരെ കളർഫുളായി ഒരുക്കിയിരിക്കുന്ന ഒരു പക്ക കൊമേഷ്യൽ എന്റർടെയിനറാണ് ചിത്രം. തല്ലുമാല എന്ന പേരല്ലാതെ  മറ്റൊരു പേരും ഈ ചിത്രത്തിന് നിർദ്ദേശിക്കാനാവില്ല. ഒരു മാലയിൽ മുത്തുകൾ കോർത്തെടുത്തതുപോലെ തല്ലുകളാൽ കോർത്തെടുത്ത ഒരു രസികൻ ചിത്രം.

മണവാളൻ വസീം എന്നു കാലാന്തരത്തിൽ പേരുവീണ വസീം ആണ് ചിത്രത്തിലെ നായകൻ. പറഞ്ഞു തയ്പ്പിച്ചതു പോലെ കൃത്യമായി അവന്റെ ജീവിതത്തിലേക്ക് തന്നെ എത്തിച്ചേർന്ന നാലു സുഹൃത്തുക്കൾ . അടിയും ഇടിയുമൊക്കെ തന്നെയാണ് അവരുടെ  ജീവിതവും. അവന്റെ കൂട്ടുകാർ പോലും കടന്നു വരുന്നത്  അടിയിലൂടെയാണ്.

വസീമിന്റെ തല്ലുകരിയറിലെ ഏറ്റവും ബെസ്റ്റ് അടിയിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. അന്നവന്റെ കല്യാണമായിരുന്നു, കല്യാണവേഷത്തിൽ പന്തലിൽ അടിയുണ്ടാക്കുന്ന വസീമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും മില്യൺ കണക്കിന് വ്യൂസ് നേടുകയും ചെയ്യുന്നു. അതോടെ വസീം മണവാളൻ വസീമായി മാറുന്നു.

വസീമിന്റെ കരിയറിലെ വിവിധതരം തല്ലുകളിലൂടെ സഞ്ചരിച്ച് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുകയാണ് ‘തല്ലുമാല’യിലൂടെ ഖാലിദ് റഹ്മാൻ. എന്നാൽ ആ കഥ പറച്ചിൽ രീതിയിലെ പുതുമയാണ് ‘തല്ലുമാല’യെ വേറിട്ടൊരു കാഴ്ചാനുഭവമാക്കുന്നത്.

അടി, ഇടി, ഫ്ലാഷ്ബ്ലാക്ക്, പാട്ട്, ഡാൻസ്, റിപ്പീറ്റ്   ഈ മോഡിലാണ് ചിത്രത്തിന്റെ ആദ്യപകുതി മുന്നോട്ട് പോവുന്നത്. സാമ്പ്രദായികമായ സിനിമകാഴ്ചയല്ലാത്തതിനാൽ ആദ്യപകുതിയുമായി കണക്റ്റ് ആവാൻ പ്രേക്ഷകർക്ക് അൽപ്പം സമയമെടുക്കും.

എന്നാൽ സ്ലോ ആയി തുടങ്ങിയ ചിത്രം രണ്ടാം പകുതിയോടെ കൃത്യമായി അതിന്റെ ട്രാക്കിൽ വീഴുന്നുണ്ട്. തുടക്കം മുതൽ ചിതറിതെന്നി കിടക്കുന്ന തല്ലുകളും ഫ്ലാഷ്ബാക്കുകളുമെല്ലാം ഒരു പസിൽ പൂരിപ്പിക്കുന്നതുപോലെ ചേർത്തുവയ്ക്കുകയാണ് രണ്ടാം പകുതി.

ഒരു അൾട്രാ മോഡേൺ യൂത്തനാണ് ടൊവിനോയുടെ മണവാളൻ വസീം. ജീവിതത്തിൽ വലിയ ഉത്തരവാദിത്വബോധമൊന്നുമില്ലാത്ത ഇരുപതുകാരൻ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. ഡാൻസും താനും തമ്മിൽ ചേരില്ലെന്ന് പല വേദികളിലും തുറന്നു പറഞ്ഞിട്ടുള്ള നടനാണ് ടൊവിനോ. എന്നാൽ തന്റെ കംഫർട്ട് സോണിനു പുറത്തുകടന്ന് ഡാൻസിൽ കളിക്കുന്ന  ടൊവിനോയെ ആണ് ‘തല്ലുമാല’യിൽ കാണാനാവുക. അത്യാവശ്യം തരക്കേടില്ലാത്ത ഡാൻസർ ആണ് താനെന്ന് മണവാളൻ വസീമിലൂടെ ടൊവിനോ തെളിയിച്ചിരിക്കുകയാണ്.

കല്യാണി പ്രിയദർശന്റെ വ്‌ളോഗർ   ബീപാത്തുവും രസകരമായ ഒരു കഥാപാത്രസൃഷ്ടിയാണ്. എല്ലാറ്റിനോടും കൂളായ സമീപനമാണ് ബീപാത്തുവിന്. ബീ ലൈക് പാത്തു എന്ന് പറയാൻ  തോന്നുന്നത്ര കൂൾ ക്യാരക്ടർ.  ബീപാത്തു എന്ന കഥാപാത്രത്തെ കല്യാണി രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

ഷൈൻ ടോം ചാക്കോയുടെ റജി മാത്യുവാണ് ചിത്രത്തിലെ മറ്റൊരു കിടിലൻ കഥാപാത്രം.  ലുക്മാൻ അവറാച്ചൻ, അധ്രി ജോ, ഓസ്റ്റിന്‍ ഡാൻ, ഗോകുലൻ, ബിനു പപ്പു, ജോണി ആന്റണി എന്നിവരുടെ കഥാപാത്രങ്ങളും മികവു പുലർത്തുന്നു. ഒരു​ അതിഥി വേഷത്തിൽ ചെമ്പന്‍ വിനോദ് ജോസുമുണ്ട് ചിത്രത്തിൽ.

ആദ്യകാഴ്ചയിൽ തല്ലുമാല ഒരു യോയോ ചിത്രമാണ്. എന്നാൽ അടരുകളിൽ male ego യേയും അതു വരുത്തിവയ്ക്കുന്ന നൂലാമാലകളെയും തുറന്നു കാണിക്കുന്നുണ്ട് ചിത്രം. തല്ലിനൊരു കൈ പുസ്തകമെന്നോ തല്ലുശാസ്ത്രമെന്നോ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ചിത്രത്തിന്റെ തിരക്കഥ.

ചിത്രത്തിലെ സംഘട്ടന രംഗങ്ങളും രസകരമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിറപ്പകിട്ടേറിയതാണ് ചിത്രത്തിന്റെ ഫ്രെയിമുകൾ. ഖാലിദിന്റെ സഹോദരൻ കൂടിയായ ജിംഷി ഖാലിദാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. നിറപ്പകിട്ടേറിയ ഇന്‍സ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ സഞ്ചരിക്കുന്നതുപോലെയൊരു​ അനുഭവം സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

വിഷ്ണു വിജയിന്റെ സംഗീതത്തിന് ചിത്രത്തിന്റെ മൂഡ് ലിഫ്റ്റ് ചെയ്യുന്നതിൽ വലിയ പങ്കുണ്ട്. റിലീസിനു മുൻപു തന്നെ ശ്രദ്ധ നേടിയ കണ്ണിൽ പെട്ടോളേ എന്ന ഗാനവും മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. പോപ്പ് സംസ്കാരത്തിന്റെ പ്രതിഫലനങ്ങൾ ഗാനങ്ങളിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

തല്ലുമാല പൂർണമായും തിയേറ്റർ ആസ്വാദനം ആവശ്യപ്പെടുന്ന എന്റർടെയിനറാണ്. ചിത്രം സമ്മാനിക്കുന്ന ആ വൈബ് തിയേറ്ററിൽ നിന്നുമാത്രമേ ലഭിക്കൂ. യൂത്തിനെയാണ് ചിത്രം പ്രധാനമായും ലക്ഷ്യമിടുന്നത്, അതിനാൽ തന്നെ എല്ലാതരം പ്രേക്ഷകർക്കും ചിത്രം കണക്റ്റ് ആവണമെന്നില്ല.

About tips_7ayp4d

Check Also

അഞ്ജലിയുടെ വണ്ടർ വിമൻസ്

സമാനതകളുള്ള ഒരു കൂട്ടം മനുഷ്യരുടെ വ്യത്യസ്ത തലങ്ങളിലൂടെയുള്ള അന്വേഷണങ്ങളാണ് ഓരോ അഞ്ജലി മേനോൻ സിനിമയും. ബാംഗ്ലൂർ ഡെയ്‌സിൽ അത് കസിൻസ് …

Leave a Reply

Your email address will not be published. Required fields are marked *