Breaking News

മഹാനടനത്തിന്റെ 51 വർഷങ്ങൾ പൂർത്തിയാക്കി മലയാളിയുടെ നിത്യ യൗവനം

മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി അദ്ദേഹത്തെ കണക്കാക്കാം. തന്റെ സിനിമ ജീവിതത്തിലെ 51 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി.

മൂന്ന് തവണ ദേശിയ അവാർഡ് വാങ്ങി മലയാളികളുടെ അഭിമാനം വാനോളമുയർത്തിയ നടൻ. മുപ്പതോളം തവണയാണ് ദേശീയ പുരസ്കാര പട്ടികയിൽ മമ്മൂട്ടി ചിത്രങ്ങൾ ഇടംനേടിയത്. ഇതിൽ പതിനഞ്ചോളം തവണ അവസാന റൗണ്ടിലും എത്തി. ഇന്ത്യയിലെ മറ്റൊരു നടനും അവകാശപ്പെടാൻ സാധിക്കാത്ത റെക്കോർഡാണിത്.

മുഹമ്മദ് കുട്ടിയെന്ന വ്യക്തി വക്കീൽ കുപ്പായം ഉപേക്ഷിച്ച് വെള്ളിത്തിരയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിലേക്ക് നടന്നു കയറിയത് മലയാളി പ്രേക്ഷകരുടെ മനസിലേക്കാണ്. മൂന്ന് നാഷണൽ അവാർഡും ഏഴ് കേരള സംസ്ഥാന അവാർഡും പതിമൂന്ന് ഫിലിംഫെയർ കരസ്ഥമാക്കിയിട്ടുള്ള അതുല്യ പ്രതിഭയാണ് അദ്ദേഹം.

മലയാളത്തിന്റെ സൗന്ദര്യമായി മമ്മൂക്കയെ വിശേഷിപ്പിക്കാറുണ്ട്. എഴുപത് വയസ്സിന്റെ നിത്യ യൗവനത്തിൽ തന്റെ കഥാപാത്രങ്ങളോട് പ്രണയത്തിലായ കാമുകനാണ് മമ്മൂട്ടി.

1971 ഓഗസ്റ്റ് ആറിനാണ് മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമ തിയറ്ററുകളിലെത്തുന്നത്. ഊരും പേരുമില്ലാത്ത കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. ഡയലോഗ് പോലും ഇല്ലായിരുന്നു. അവിടെ നിന്നാണ് മമ്മൂട്ടിയെന്ന നടന്റെ വളര്‍ച്ച ആരംഭിക്കുന്നത്.

അവിടെ നിന്നാരംഭിച്ച യാത്രയിൽ ഉടനീളം കഥാപാത്രങ്ങളോടും നല്ല സിനിമകളോടും ആർത്തിയോടാണ് താൻ പ്രതികരിച്ചതെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് ഒരു സിനിമ കണ്ടപ്പോള്‍ ആ സിനിമയിലെ നായകന്‍ കുതിരപ്പുറത്ത് പോകുന്നത് കണ്ടാണ് വലുതാകുമ്പോള്‍ തനിക്കും സിനിമാ നടന്‍ ആകണമെന്ന് മനസില്‍ ആഗ്രഹം പൂവിട്ടതെന്നും മമ്മൂട്ടി പറയുന്നു.

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയ്‌ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മറ്റൊരു സിനിമയുടെ ഭാഗമാകുന്നത്. 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയിലൂടെയാണ് വീണ്ടും മമ്മൂട്ടി സ്ക്രീനിലെത്തിയത്.

എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന ചിത്രത്തിലാണ് നടൻ ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. എന്നാൽ ഈ ചിത്രം പൂർത്തിയാക്കാൻ സാധിച്ചിരുന്നുന്നില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

പിന്നീട് കെ.ജി.ജോർജ്ജിന്റെ തന്നെ യവനിക, ഐ.വി ശശിയുടെ തൃഷ്ണ എന്നീ സിനിമകളുടെ മമ്മൂട്ടി മലയാള സിനിമ പ്രേമികളുടെ ഇഷ്ടനടനായി വളർന്നു. അഹിംസ എന്ന സിനിമയിലൂടെ ആദ്യത്തെ സംസ്ഥാന അവാർഡ് സഹനടൻ എന്ന വിഭാ​ഗത്തിൽ അദ്ദേഹം നേടി. പിന്നീട് മലയാളികൾ സാക്ഷ്യം വഹിച്ചത് മമ്മൂട്ടി എന്ന മഹാനടന്റെ വളർച്ചയ്‌ക്കാണ്.

എന്നാൽ എമ്പതുകളുടെ പകുതിയിൽ തുടർച്ചയായ പരാജയമാണ് മമ്മൂട്ടി ചിത്രങ്ങൾക്ക് നേരിടേണ്ടി വന്നത്. മമ്മൂട്ടി എന്ന നടന്റെ അവസാനമായിരിക്കുന്നു എന്ന് പലരും വിധിയെഴുതി. പക്ഷെ 1987 ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹിയിലൂടെ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ മമ്മൂട്ടി വീണ്ടും പറന്നുയർന്നു. പിന്നീട് ഒരിക്കലും മമ്മൂട്ടി എന്ന താരത്തിനും നടനും തലതാഴ്‌ത്തേണ്ടി വന്നിട്ടില്ല.

ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ മമ്മൂട്ടി എന്ന അതുല്യ നടന് സാധിക്കട്ടെ. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നിത്യ യൗവനത്തിന്റെ ഇനിയുള്ള പ്രയാണത്തിന് ഒരായിരം ഭാവുകങ്ങൾ നേരാം.

About tips_7ayp4d

Check Also

താമസിക്കാൻ ‘ ജംഗിൾ ഹട്ട് ‘ ഒരുക്കി മണാലി ; ആപ്പിൾ തോട്ടത്തിന് നടുവിൽ  ഒരു അവധിക്കാലം

‘കുളു മണാലി’ കേൾക്കുമ്പോൾ തന്നെ കുളിര് കോരുന്നുണ്ടല്ലേ. അതെ, വിനോദസഞ്ചാരികളുടെ സ്വർഗമായി മാറിയിരിക്കുകയാണ് മണാലി. മഞ്ഞ് എന്നും ഒരു അത്ഭുതമാണ്. …

Leave a Reply

Your email address will not be published. Required fields are marked *