മീശ പിരിച്ച് കണ്ണൂരുകാരിയായ ഷൈജ

കണ്ണൂരുകാരിയായ ഷൈജയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വെറും താരമെന്ന്‌ പറഞ്ഞാൽ പോരാ ബിബിസി വരെ എത്തി നിൽക്കുന്നു ഷൈജയുടെ പ്രശസ്‌തി. തന്റെ മീശ കാരണമാണ് ഷൈജ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

ഹോർമോൺ പ്രശ്നം,പാരമ്പര്യം ഇവയെല്ലാം കാരണം  ചില സ്ത്രീകളിൽ രോമവളർച്ച കൂടുതൽ ആകാറുണ്ട്. എന്നാൽ പുതിയ ലോകത്തിൽ ലേസർ പോലുള്ള ചികിത്സകൾ ഇത്തരം ബുദ്ധിമുട്ടുകളെ ലഘൂകരിക്കാറുണ്ട്. എന്നാൽ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന ഭാവത്തിൽ മീശ തന്റെ അഹങ്കാരമാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന സ്ത്രീയാണ് ഷൈജ.

പുരുഷന്റെ മീശ അവന്റെ അഭിമാനവും അലങ്കാരവും ആകുന്ന ലോകത്ത് ഒരു സ്ത്രീയുടെ മീശ എങ്ങനെയാണു അഹങ്കാരമാകുന്നു എന്നതിന്റെ ഉത്തരമാണ് ഷൈജ എന്ന കണ്ണൂരുകാരി. കാരണം നമ്മുടെ സമൂഹം സ്ത്രീക്കും പുരുഷനും  കല്പിച്ചു കൊടുക്കുന്ന നിർവചനങ്ങളിൽ നിന്ന് മാറി ജീവിച്ചാൽ അവർ സമൂഹത്തിന് എന്നും കാഴ്ച വസ്തുവായിരിക്കും. പുരുഷന്റെ മീശ സൗന്ദര്യവും സ്ത്രീയുടേത് അഭിമാന കുറവുമായി കാണുന്ന ലോകത്ത് ഷൈജ വേറിട്ട് നിൽക്കുന്ന ഒരു സൗന്ദര്യത്തിന് ഉടമയാണ്

ചെറുപ്പത്തിൽ പൊടിമീശ ആയിരുന്നു ഷൈജക്ക്.എന്നാൽ കാലക്രമേണ ഷൈജയുടെ മീശക്ക് കട്ടി കൂടി വന്നു.കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു ഇത്ര കട്ടിയിൽ രോമ വളർച്ച തുടങ്ങിയിട്ട്.ഷൈജയുടെ അഭിമാനമായ മീശ തന്നെയാണ് അവരുടെ ഫേസ്ബുക്,ഇൻസ്റ്റാഗ്രാം പേരും.മീശക്കാരി എന്ന പേരിലൂടെയാണ് അവർ ജനശ്രദ്ധ ആകർഷിച്ചത്.ഇന്ന് ന്യൂസ് ചാനലിലും യൂട്യൂബ് വിഡിയോസിലും തിളങ്ങുകയാണ് ഈ കണ്ണൂരുകാരി.

എന്തു തന്നെ സംഭവിച്ചാലും താനീ മീശ ഉപേക്ഷിക്കില്ല എന്ന നിലപാടാണ് ഷൈജക്ക് ഉള്ളത്.കാരണം ഒരുപാട് പേർ മീശ ഒഴിവാക്കാൻ പറഞ്ഞപ്പോഴും അത് തന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്നുള്ള നിലപാടാണ്  അവർക്കുള്ളത്. എല്ലാവർക്കും ഒരു  ജീവിതമേ ഉള്ളു,അത് എന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കും എന്ന ഉറച്ച കാഴ്ചപ്പാടുള്ള സ്ത്രീയാണ് അവർ. കുടുംബവും പൂർണ പിന്തുണയോടെ ഷൈജയുടെ കൂടെയുണ്ട്.

തന്റെ ആത്മവിശ്വാസം തന്നെ മീശയാണെന്ന് അവർ വെളിപ്പെടുത്തുന്നു. എന്നാൽ മീശ വളരാനായി താൻ വളരാനായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നും മീശ താഴോട്ട് ഇറങ്ങുമ്പോൾ ഒന്ന് വെട്ടി കുറയ്ക്കും എന്നല്ലാതെ ഒരിക്കൽ പോലും ഷേവ് ചെയ്യേണ്ട കാര്യം അവർ ആലോചിച്ചിട്ടു പോലുമില്ല.

മലയാളിയുടെ അല്ലെങ്കിൽ സ്ത്രീകളുടെ സൗന്ദര്യ സങ്കല്പത്തിന്റെ ഭാവനകളെ അട്ടിമറിക്കുന്ന ഷൈജയെ പോലുള്ള സ്ത്രീകൾ എന്നും സ്ത്രീ സമൂഹത്തിന് അലങ്കാരമാണ്. പനങ്കുല മുടിയും കസവിന്റെ നിറവും മാൻപേട മിഴികളും മാത്രമല്ല സൗന്ദര്യ ലക്ഷണങ്ങൾ. ഉറച്ച കരുത്തുള്ള ഇത്തരം ശബ്‌ദങ്ങൾ കൂടിയാണെന്ന് തെളിയിക്കുകയാണ് ഷൈജ.

Leave a Comment