വൈറലായി മെസ്സിയുടെ ‘ഗോൾഡൻ ബൂട്ട്സ്’

2022 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോടേറ്റ പരാജയത്തിൽ വലിയ പരിഹാസമാണ് സോഷ്യൽ മീഡിയയിലൂടെ അർജന്റീന ടീമിനെയും, ഏറ്റവും കൂടുതലായി മെസ്സിയെയും ലക്ഷ്യം വച്ച് വന്നിരുന്നത്. എന്നാൽ പരിഹസിച്ചവരുടെയെല്ലാം വായടപ്പിക്കുന്ന ജയത്തോടെ മിശിഹാ തിരിച്ചുവന്നിരിക്കുന്നു.

ഞായറാഴ്ച പുലർച്ചെ മെക്സിക്കോയുമായുള്ള മത്സരത്തിൽ ഒരു ഗോൾ അടിച്ചും, ഒരു ഗോളിന് വഴി വച്ചും, മെസ്സി കളത്തിൽ നിറഞ്ഞ് നിന്നു. എന്നാൽ ഈ വിജയത്തേക്കാളിപ്പോൾ സാമൂഹ്യമാധ്യമങ്ങൾ  ചർച്ച ചെയ്യുന്നത്, മെസ്സിയുടെ ലോകകപ്പ് സ്വർണ്ണ ബൂട്ടിനെപ്പറ്റിയാണ്.

ചാമ്പ്യൻസ് ലീഗിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജ് ആണ്, ‘മെസ്സിയുടെ ലോകകപ്പ് ബൂട്ട്സ് ‘എന്ന അടിക്കുറിപ്പോടെ  ബൂട്ടിന്റെ ചിത്രം പങ്ക് വെച്ചത്. മെസ്സിയുടെ പ്രിയപ്പെട്ടവരുടെ പേരോടെയും, ജനന തീയതികളോടെയും ഉള്ള കസ്റ്റമൈസ്ഡ് ബൂട്ട്സാണിവ. വലത് ബൂട്ടിൽ മെസ്സിയുടെ മക്കളായ തിയാഗോ, മത്തിയോ എന്നിവരുടെ ജനന തീയതികൾ ആലേഖനം ചെയ്തിരിക്കുന്നു.

“തിയാഗോ 02 11 12 ” എന്നും “മത്തിയോ 11 09 15 ” എന്നുമാണ് കൊടുത്തിരിക്കുന്നത്. ഇടത് ബൂട്ടിൽ ഇളയമകൻ സിറോയുടെ ജനനത്തീയതിയും, ഭാര്യ ആന്റനെല്ലയുടെ പേരിന്റെ ചുരുക്കമായ ‘ആന്റോ ‘ എന്നും ആലേഖനം ചെയ്തിരിക്കുന്നു.

ബൂട്ടിന്റെ പിറക് വശത്ത്, തന്റെ ജേഴ്സി നമ്പർ ആയ ’10’ എന്ന അക്കവും, ഇടത്  ബൂട്ടിനു പിറകിൽ അഡിഡാസിന്റെയും, വലത് ബൂട്ടിന് പിറകിൽ മെസ്സിയുടെ തന്നെയും പേർസണൽ ലോഗോയും കൊടുത്തിട്ടുണ്ട്. അഡിഡാസിന്റെ എക്സ് സ്പീഡ്പോർട്ടൽ ലയേന്റ മോഡൽ ഷൂസുകളാണ് ഇവ. അടിവശം സ്വർണ്ണനിറത്തിലുള്ള ബൂട്ടിൽ അർജന്റീനയെ പ്രതിനിധീകരിക്കുന്ന വെള്ള -നീല നിറങ്ങളും കാണാം.

“അർജന്റീന തന്റെ പെർഫെക്ട് പത്തുമായി ലോകകപ്പ് ഉയർത്താൻ ഇറങ്ങുമ്പോൾ, ഈ പ്രത്യേക X speedportal ബൂട്ടുകൾ, മെസ്സിയുടെ തിളക്കമാർന്ന ലെഗസി ആഘോഷിക്കുന്നവയാകും. 2006 ൽ തന്റെ ആദ്യമത്സരത്തിൽ മെസ്സി ധരിച്ച ബൂട്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ടിരിക്കുന്ന ഇവ, സ്വർണത്തളക്കത്തിൽ എടുത്തു നിൽക്കും. “അഡിഡാസ് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ കുറിച്ചു.

Leave a Comment