ഇഷ്ടഭക്ഷണത്തിനായി ഹോട്ടലുകൾ ഒഴിവാക്കി അർജന്റീന ടീം ; അറിയാം “ബീഫ് അസാഡോ”

ദോഹ : എല്ലാവർക്കും ഓരോ ഇഷ്ടവിഭവം ഉണ്ടായിരിക്കും. പക്ഷേ, പ്രിയ താരങ്ങളുടെ ഇഷ്ടവിഭവം എന്താണെന്നറിയാൻ എല്ലാവർക്കും ആകാംക്ഷയാണ്. അത് ലയണൽ മെസ്സിയുടെ ആയാലോ? മെസ്സിയുടെയും അർജന്റീന ടീമിന്റെയും വിഭവം എന്താണെന്ന് ഇപ്പോ അറിയാം.

‘ബീഫ് ബാർബിക്യു & ബീഫ് അസാഡോ’ ഇതാണ് ഇവരുടെ ഇഷ്ടവിഭവം. ലാറ്റിൻ അമേരിക്കക്കാരുടെ ഇഷ്ട വിഭവമാണ്  ബീഫ്. അതുകൊണ്ടുതന്നെ,  പ്രിയപ്പെട്ട ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ടീം മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്.

ഇതിനായി 900 കിലോ ബീഫ് ആണ്  ദോഹയിൽ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് അർജന്റീനയിലാണ്. പ്രിയ ഭക്ഷണം ആസ്വദിക്കാനും, സ്വഇഷ്ടത്തോടെ പാകം ചെയ്യാനും  വമ്പൻ ഹോട്ടലുകൾ വേണ്ടെന്ന് വെച്ചിരിക്കുകയാണ് താരങ്ങൾ.

ഖത്തർ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ് ഹാളിലാണ് താരവും സംഘങ്ങളും. വിശാലമായ ഗ്രൗണ്ടിൽ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. അസാഡോ  തയ്യാറാക്കാനുള്ള സൗകര്യം ഉള്ളതിനാലാണ്  ഹോട്ടലുകൾ ഉപേക്ഷിച്ച്, യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ എത്തിയതെന്നും അസോസിയേഷൻ പറഞ്ഞു.

മാത്രമല്ല, അസാഡോ ഇവരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. നാട്ടിലെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിലൂടെ, ഭക്ഷണകാര്യങ്ങളെ കുറിച്ചുള്ള  വേവലാതി ഇവരെ അലട്ടുന്നില്ല. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയതാണ് യൂണിവേഴ്സിറ്റിയിലെ മുറികൾ.

“എന്റെ ഇഷ്ടഭക്ഷണമാണിത്. ടീമിൽ ഒത്തൊരുമയും സംഘബോധവും  നിലനിർത്തുന്നതിൽ ഒരു പ്രധാന ഘടകം കൂടിയാണ്  ഈ ഭക്ഷണം. അസാഡോ കഴിക്കുന്ന സമയത്താണ് ഞങ്ങൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും ചിരിക്കുന്നതും.” എന്നാണ് പരിശീലകൻ ലയണൽ സ്കലോണി അസാഡോയെ കുറിച്ച് പറയുന്നത്.

എന്തൊക്കെതന്നെ ആയാലും സ്വദേശത്ത് നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കളിക്കാൻ പോകുമ്പോൾ, ഇഷ്ട വിഭവത്തിനുള്ള ബീഫ് കൊണ്ടുപോകുന്നതിൽ  ഇവർ അതീവ ശ്രദ്ധാലുക്കളാണ്.

Leave a Comment