അർജന്റീന – പോർച്ചുഗൽ ഫൈനൽ പ്രവചിച്ച് ജാമി കാരിഗർ

2022 ലോകകപ്പ് പടിക്കലെത്തി നിൽപ്പാണ്. ലോകം മുഴുവൻ ഖത്തറിൽ പന്തുരുളുന്ന മായിക രാവുകളെ സ്വപ്നം കണ്ടിരിക്കുകയാണ്. ഇതിനിടയിൽ പല പ്രമുഖരും വിജയികളെ പ്രവചിച്ച് രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഇംഗ്ലണ്ടിന്റെയും, ലിവെർപൂളിന്റെയും മുൻ കളിക്കാരനായ ജാമി കാരിഗറും പെടുന്നു.

ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, ഗ്രൂപ്പുകളിലോരോന്നിലൂടെയും വ്യക്തമായ പ്രവചനങ്ങളാണ് കാരിഗർ നടത്തിയിരിക്കുന്നത്. ടെലെഗ്രാഫിന്റെ യൂട്യൂബ് ചാനലിൽ ജെസൺ ബർട്ടുമായുള്ള സംവാദത്തിനിടയിലാണ്, അവരുടെ പ്രെഡിക്ഷൻ ടൂൾ ഉപയോഗിച്ച് അദ്ദേഹം തന്റെ പ്രവചനങ്ങൾ പങ്കു വെച്ചത്.

സെനെഗൾ, നെത്തർലൻഡ്, ഖത്തർ, ഇക്വഡോർ എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ A യിൽ നിന്ന് നെത്തർലൻഡും സെനെഗളും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഇറാൻ, അമേരിക്ക, വെയിൽസ്, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ B യിൽ നിന്ന്, ഇംഗ്ലണ്ടും വെയിൽസും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ക്വാളിഫൈ ആകും.

മെക്സിക്കോ, സൗദി അറേബ്യ, അർജന്റീന,പോളണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ C യിൽ നിന്ന് അർജന്റീനയും പോളണ്ടും; ഗ്രൂപ്പ്‌ D യിൽ, ട്യൂണിഷ്യ, ഫ്രാൻസ്, ഓസ്ട്രേലിയ, ഡെന്മാർക് എന്നിവരിൽ നിന്നും ഡെന്മാർക്കും ഫ്രാൻസും. സ്പെയിനും ജർമനിയുമായിരിക്കും ഇവയ്ക്ക് പുറമെ ജപ്പാനും കോസ്റ്റ റിക്കയുമടങ്ങുന്ന ഗ്രൂപ്പ്‌ E യിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരാവുക.

കാനഡ, മൊറോക്കൊ, ക്രൊയേഷ്യ, ബെൽജിയം എന്നിവരടങ്ങിയ ഗ്രൂപ്പ്‌ F ഇൽ നിന്നും ക്രൊയേഷ്യയും ബെൽജിയവും; കാമെറൂൺ,സെർബിയ എന്നിവർ കൂടി അടങ്ങിയ ഗ്രൂപ്പ് G യിൽ നിന്നും ബ്രസീലും, സ്വിറ്റ്സർലൻഡും. അവസാന ഗ്രൂപ്പ്‌ ആയ H ഇൽ നിന്നും, ഘാന, സൗത്ത് കൊറിയ എന്നിവരെ പിന്തള്ളി കൊണ്ട് പോർച്ചുഗലും, ഉറുഗ്വായും ഒന്നും രണ്ടും സ്ഥാനങ്ങൾ ഗ്രൂപ്പ്‌ മത്സരങ്ങളിൽ നേടുമെന്നും കാരിഗർ പ്രവചിച്ചു.

അടുത്ത റൗണ്ടിൽ 16 ടീമുകളിൽ നിന്നും നെത്തർലൻഡ് വെയിൽസിനെയും, അർജന്റീന ഫ്രാൻ‌സിനെയും, ഇംഗ്ലണ്ട് സെനെഗളിനെയും, ഡെന്മാർക് പോളണ്ടിനെയും, സ്പെയിൻ ബെൽജിയത്തെയും, ബ്രസീൽ ഉറുഗ്വയെയും, ക്രോയെഷ്യ ജർമനിയെയും, പോർച്ചുഗൽ സ്വിറ്റ്സർലന്റിനെയും പരാജയപ്പെടുത്തും.

തുടർന്ന് വരുന്ന ക്വാർട്ടർ ഫൈനലിൽ, നെത്തർലൻഡ് അർജന്റീനയോടും, സ്പെയിൻ ബ്രസീലിനോടും, ഡെന്മാർക് ഇംഗ്ലണ്ടിനോടും, ക്രൊയേഷ്യ അർജന്റീനയോടും പരാജയപ്പെടുമെന്നും കാരിഗർ പ്രവചിക്കുന്നുണ്ട്.

സെമി ഫൈനലിൽ അർജന്റീന ബ്രസീൽ പോരാട്ടമാണ് അദ്ദേഹം പ്രവചിക്കുന്നത്. എന്നാൽ ബ്രസീലിനെ അർജന്റീന പരാജയപ്പെടുത്തും. രണ്ടാം സെമിയിൽ ഇംഗ്ലണ്ട് പോർച്ചുഗലിനോട് പരാജയം ഏറ്റുവാങ്ങും. ഇങ്ങനെ ഫൈനലിൽ പോർച്ചുഗലും അർജന്റീനയും ഏറ്റുമുട്ടും. ഫൈനലിൽ പോർച്ചുഗലിനെ തോൽപ്പിച്ച് അർജന്റീന കപ്പെടുക്കുമെന്നും ജാമി കാരിഗറിന്റെ പ്രവചനത്തിലുണ്ട്.

പ്രവചനം ശെരിയാവുകയാണെങ്കിൽ, ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സിയുടെയും റൊണാൾഡോയുടെയും, നേർക്കുനേരുള്ള പോരാട്ടത്തിനായിരിക്കും ലോകകപ്പ് ഫൈനൽ വേദിയാവുക. ഇരുവരുടെയും അവസാന ലോകകപ്പ് ഇതായിരിക്കുമെന്ന അഭ്യൂഹവും, ഈ കളിയുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്.

Leave a Comment