Breaking News

അഞ്ജലിയുടെ വണ്ടർ വിമൻസ്

സമാനതകളുള്ള ഒരു കൂട്ടം മനുഷ്യരുടെ വ്യത്യസ്ത തലങ്ങളിലൂടെയുള്ള അന്വേഷണങ്ങളാണ് ഓരോ അഞ്ജലി മേനോൻ സിനിമയും. ബാംഗ്ലൂർ ഡെയ്‌സിൽ അത് കസിൻസ് ആണെങ്കിൽ, കൂടെയിൽ അത് സഹോദരങ്ങളും, ഉസ്താദ് ഹോട്ടെലിൽ അത് ജനറേഷനുമാണ്.

പലയിടത്ത് ചിതറികിടക്കുന്ന ഒരു പിടി മനുഷ്യരെ ഒരു കൂട്ടമായി കൊണ്ടുവന്ന്, അവരേറ്റവും തളർന്നുപോകുന്ന മാനസ്സിക വിക്ഷോഭങ്ങളിൽ നിന്നും ഉയിർപ്പിലേക്കുള്ള, അവരുടെ യാത്രയെയാണ് അഞ്ജലി പലപ്പോഴും പ്രേക്ഷകന് മുന്നിൽ എത്തിക്കാറുള്ളത്.

തന്റെ പുതിയ ചിത്രമായ വണ്ടർ വുമൺസിലും, ഒരു കൂട്ടം ഗർഭിണികളുടെ വൈകാരികയാത്രയേ കേവലം 100 മിനിറ്റിൽ മനോഹരമായി ചിത്രീകരിക്കാൻ അഞ്‌ജലിക്ക് കഴിഞ്ഞിട്ടുണ്ട്.

ഗർഭകാലത്ത് ഒരു സ്ത്രീ കടന്ന് പോകാനിടയുള്ള എല്ലാവിധ പേടികളെയും, വൈകാരികക്ഷോഭങ്ങളെയും നിയന്ത്രിക്കാനും, മറികടക്കാനും,അവരെ പ്രാപ്തരാക്കുന്ന ‘സുമന ‘ എന്ന പ്രീനേറ്റൽ ക്ലാസ്സിലെത്തുന്ന വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള 6 ഗർഭിണികളുടെ കഥയാണ് വണ്ടർ വുമൺസ്.

നന്ദിത നടത്തുന്ന ഈ പ്രീനേറ്റൽ സെന്ററിലെ പുതിയ ബാച്ചിൽ 6 ഗർഭിണികളാണ് വരുന്നത്. സുമനയിലെ തന്നെ സ്റ്റാഫ്‌ ആയ ഗ്രേസി, ബാംഗ്ലൂർ ബേസ്ഡ് സംരംഭകയായ നോറ, ഗായികയായ സായ, സിംഗിൾ മദർ ആയ മിനി, തമിഴ് ബ്രാഹ്മണൻ കുടുംബത്തിൽ നിന്നുമുള്ള വേണി, ഇതിന് മുൻപ് രണ്ട് കുഞ്ഞുങ്ങളെ നഷ്ടപെട്ട, ചികിത്സയിലൂടെ ഒരു കുഞ്ഞിനെ ഗർഭം ധരിച്ച മാറാത്തി യുവതിയായ ജയ.

തീർത്തും വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന ഈ 6 സ്ത്രീകൾ പരസ്പരം എങ്ങനെ കണക്ട് ചെയ്യുന്നു എന്നതാണ് വണ്ടർ വുമണിന്റെ മുഖ്യ പ്രമേയം.

മറ്റേതൊരു അഞ്ജലി മേനോൻ സിനിമയും പോലെ ഈ ചിത്രവും പ്രതീക്ഷയെ കുറിച്ച് തന്നെയാണ് സംവദിക്കുന്നത്. ഒരു കഥാപാത്രത്തെയും നെഗറ്റീവ് ഷെയിഡിൽ നിർത്താതെയുള്ള കഥാപറച്ചിൽ ചിത്രത്തിന്റെ പ്രത്യേകതയാണ്. തുടക്കത്തിൽ കഥയ്ക്ക് പുറമെ നിൽക്കുന്നതായി അനുഭവപ്പെട്ട വേണിയുടെ ഭർത്താവിന്റെ അമ്മയുടെ കഥാപാത്രത്തെ പോലും അഞ്ജലി കഥ മുന്നോട്ട് പോകെ പ്രിയപ്പെട്ടവരാക്കുന്നു.

ചിത്രത്തിലെ പുരുഷനമാരെല്ലാവരും തന്നെ തങ്ങളുടെ ദൗർബല്യങ്ങളും, അവഗണനാ മനോഭാവവും, വിലയിരുത്തലുകളെ വകവെയ്ക്കാതെ തന്നെ പ്രകടിപ്പിക്കുന്നുണ്ട്. പങ്കുവെക്കലുകളും, പരസ്പരം ഉള്ള ബോണ്ടിങ്ങും മനുഷ്യരെ എത്രമാത്രം മെച്ചപ്പെടാൻ സഹായിക്കുമെന്ന് പ്രെഗ്നൻസി എന്ന ഉപകരണത്തിനു കീഴിൽ അവരെ ഒരുമിച്ചു നിർത്തി കാണിച്ച് തരികയാണ് വണ്ടർ വുമൺസിലൂടെ അഞ്ജലി മേനോൻ.

സിനിമയുടെ കാസ്റ്റിങ് എടുത്ത് പറയേണ്ട ഒന്നാണ്.ഏത് കഥാപാത്രത്തെയും തന്നിലേക്ക് ഇണക്കിയെടുക്കാൻ അപാര കഴിവുള്ള മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി നദിയ മൊയ്‌തുവിനൊപ്പം, അനായാസം കഥാപാത്രത്തെ സ്വാശീകരിക്കാൻ കഴിവുള്ള ഒരുപിടി മികച്ച അഭിനേതാക്കളാണ് സിനിമയുടെ മുതൽക്കൂട്ട്.

നിത്യ മേനോൻ, പാർവതി തിരുവോത്ത്, അമൃത സുഭാഷ്, പദ്മപ്രിയ, അർച്ചന പദ്മിനി, സയനോരാ അങ്ങനെ എല്ലാവരും തങ്ങളുടെ കഥാപാത്രത്തിന്റെ വൈകാരിക ഭാവം പ്രേക്ഷകനിലേക്കെത്തിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.

അഞ്ജലി മേനോൻ സിനിമകളെ മറ്റൊരു ലോകത്തേക്ക് ഉയർത്തുന്നത്, അവരുടെ എഴുത്ത് തന്നെയാണ്. ആ എഴുത്തിൽ എല്ലാ കഥാപാത്രങ്ങളും മുൻനിര കഥാപാത്രങ്ങളായിരിക്കും. അവർക്കിടയിലേക്ക് നിരവധി പ്രശ്നങ്ങൾ വീതിച്ച് കൊടുക്കുന്നത്, സിനിമയുടെ പല ഘട്ടത്തിലും പ്രേക്ഷകന് റിലേറ്റ് ചെയ്യാനൊരുപാട് അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നു.

ഒരു കുഞ്ഞിന്റെ ജനനത്തിൽ അമ്മയോളം തുല്യ പങ്കാളിത്തം അച്ഛനുമുണ്ടെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ സിനിമ നൽകുന്നുണ്ട്. ഒരു ടിപ്പിക്കൽ അഞ്ജലി മേനോൻ സിനിമ പോലെ പ്രതീക്ഷയിൽ അവസാനിക്കുന്ന ചിത്രം, അതുവരെ ആ സ്ത്രീകൾ നടത്തിയ യാത്രയെ സാധൂകരിക്കുന്നുണ്ട്.

മനേഷ് മാധവന്റെ ഛായാഗ്രഹണം സിനിമയുടെ അന്തരീക്ഷം കൂടുതൽ ശാന്തമാക്കുന്നു. പ്രവീൺ പ്രഭാകരന്റെ കട്ടുകൾ സിനിമ ആവശ്യപ്പെടുന്ന ആവേശം പ്രേക്ഷകനിൽ നിറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഗോവിന്ദ് വസന്ധയുടെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ വലിയ  പങ്ക് വഹിക്കുന്നു.

വ്യക്തമായ അടിത്തറയുള്ള ശക്തമായ കഥാപാത്രങ്ങൾ അഞ്ജലി മേനോൻ ചിത്രങ്ങളുടെ കാതലാണ്. വേദനയെക്കാൾ കൂടുതൽ സ്വയം അംഗീകരിക്കലും, മുന്നോട്ടുള്ള നടത്തവുമാണ് ആ കഥാപാത്രങ്ങളെ ഇത്രമേൽ പ്രിയപ്പെട്ടവരാക്കുന്നത്. അത്തരത്തിൽ പ്രേക്ഷകന് വളരെ വേഗം വൈകാരികമായ കണക്ട് ചെയ്യാൻ കഴിയുന്ന മറ്റൊരു അഞ്ജലി മേനോൻ ചിത്രമാണ് വണ്ടർ വുമൺ.

About Reshma R

Creative & Experianced Malayalam Content from Kerala. Writing sports, technology news and latest sports news in a most attractive & intresting style. Writing Malayalam movie deatiled reviews in a pure audience mind. 3 month ago Reshma Joined with Opuslog as Malayam Content Writer and Writing from her home with homely food.

Check Also

ബേസിൽ ജോസഫ് – പ്രണവ് മോഹൻലാൽ ചിത്രം !

അച്ഛന്റെ കഴിവുകൾ കിട്ടാത്ത മകനെന്നു ഒരു വലിയ വിഭാഗം ആളുകൾ ആദ്യ രണ്ട് പടങ്ങൾക്ക് ശേഷം മുദ്രകുത്തിയ നടനായിരുന്നു പ്രണവ് …

Leave a Reply

Your email address will not be published. Required fields are marked *