ബേസിൽ ജോസഫ് – പ്രണവ് മോഹൻലാൽ ചിത്രം !

അച്ഛന്റെ കഴിവുകൾ കിട്ടാത്ത മകനെന്നു ഒരു വലിയ വിഭാഗം ആളുകൾ ആദ്യ രണ്ട് പടങ്ങൾക്ക് ശേഷം മുദ്രകുത്തിയ നടനായിരുന്നു പ്രണവ് മോഹൻലാൽ. എന്നാൽ വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഈ വർഷം ആദ്യം റിലീസ് ചെയ്ത ‘ഹൃദയം ‘ ഈ വാദങ്ങളെ എല്ലാം തിരുത്തി കുറിച്ചു.

ചെറുപ്പക്കാരും കുടുംബപ്രേക്ഷകരും ഒരേപോലെ ഏറ്റെടുത്ത ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയമായിരുന്നു. അതിനു ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്ത പ്രണവിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ.

പ്രണവ് മോഹൻലാൽ -ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രമണ്യം നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയോടെ തുടങ്ങുമെന്ന റിപ്പോർട്ടുകളാണ് പുറത്ത്, വരുന്നത്. ബേസിലിന്റെ കുഞ്ഞിരാമായണത്തിനു തിരക്കഥ ഒരുക്കിയ ദീപു തന്നെയാണ് പുതിയ ചിത്രത്തിന്റെ തിരക്കഥയെന്നും വാർത്തകളുണ്ട്.

കുഞ്ഞിരാമായണത്തിലൂടെ സംവിധാന രംഗത്തെത്തിയ ബേസിലിന്റെ നാലാമത്തെ ചിത്രമാണിത്. ബ്ലോക്ക്‌ബസ്റ്റർ ഹിറ്റായ, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയാണ് അവസാനമായി ബേസിൽ സംവിധാനം ചെയ്തത് . അതിനു ശേഷം ഈ വർഷം ആദ്യം മുതലേ, അഭിനയരംഗത്ത് ബേസിൽ സജീവമാണ്.

ജാനേമൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയ ജയ ഹെ എന്നീ ചിത്രങ്ങളിൽ നായകനായിരുന്നു. ടോവിനോയുടെ ഇറങ്ങാനിരിക്കുന്ന അജയന്റെ രണ്ടാം മോക്ഷണം എന്ന ചിത്രത്തിലും ബേസിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹൃദയത്തിന്റെ നിർമ്മാതാക്കളായ മെരിലാൻഡ് സിനിമാസ് തന്നെയായിരിക്കും പുതിയ ചിത്രം നിർമ്മിക്കുന്നത്. ഉടമ വൈശാഖ് സുബ്രമണ്യത്തിന്റെ വിവാഹം കഴിഞ്ഞ മാസമായിരുന്നു.

ഹൃദയം സിനിമയുടെ ചിത്രീകരണത്തിനു ശേഷം നീണ്ട ഇടവേളയിലാണ് പ്രണവ്. ചിത്രത്തിന്റെ പ്രൊമോഷനു പോലും പ്രണവിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. സിനിമയിൽ നിന്നും വിട്ട് ഒരു കൊല്ലം യാത്രയിലായിരിക്കുമെന്നും, തിരിച്ചു വന്നു അടുത്ത ചിത്രം ചെയ്യുമെന്നും പ്രണവ് മുൻപ് പറഞ്ഞിരുന്നു. അടുത്തിടെ തമിഴിൽ നിന്നും വന്ന ഓഫർ പ്രണവ് നിരസിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സിനിമയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അറിയാൻ, ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Leave a Comment