ചെക്ക് ഇൻ ചെയ്യാൻ ഇനി “മുഖം” ; എമിഗ്രേഷൻ നടപടികൾ കൂടുതൽ സാങ്കേതിക വൽക്കരിച്ച് ദുബായ്

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളം  സാങ്കേതികവിദ്യകൊണ്ട്  മുന്നേറുകയാണ്. മൂന്നാം ടെർമിനലിലാണ് പുതുക്കിയ സാങ്കേതികവിദ്യ. ചെക്ക് ഇൻ ചെയ്യാനും ലോഞ്ചുകൾ , ബോർഡിങ് , ഇമിഗ്രേഷൻ ഇവയൊക്കെ വേഗത്തിൽ ചെയ്യാൻ  സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ.

ഫേഷ്യൽ റെക്കഗനൈസേഷനാണ് ഇത്. അതായത്, മുഖം സ്കാൻ ചെയ്ത് വിമാനത്താവളത്തിനുള്ളിലെ കാര്യങ്ങൾ വേഗത്തിലാക്കാം.  ക്യൂ നിൽക്കാനോ, കാത്തിരിക്കേണ്ടതോ ആയ ആവശ്യങ്ങൾ ഒന്നുമില്ല.

ഇത് സംബന്ധിക്കുന്ന കരാറിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ്‌ അഫയേഴ്സ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയും, എമിറേറ്റ്സ് എയർലൈൻസ് ചീഫ് ഓപറേറ്റിങ് ഓഫീസർ ആദിൽ അൽ റിദയും ഒപ്പ് വെച്ചു.

ദുബായ് വിമാനത്താവളത്തിൽ ടെർമിനൽ മൂന്നിലാണ്  ഫേഷ്യൽ റെക്കഗനൈസേഷൻ നടപ്പിലാക്കുന്നത്. ഇത് നടപ്പാക്കുന്നതിലൂടെ, ടെർമിനൽ മൂന്നിൽ എത്തുന്ന രാജ്യാന്തര  യാത്രക്കാരുടെ സേവന നടപടികൾ കൂടുതൽ മെച്ചപ്പെട്ടതാവുകയും വേഗത്തിൽ കാര്യങ്ങൾ നടക്കുകയും ചെയ്യും.

മാത്രമല്ല, ഫേസ് റെക്കഗനൈസേഷൻ ഒപ്പം തന്നെ  ജിഡിആർഎഫ്എ പ്രീ-പോപ്പുലേറ്റഡ് ബയോമെട്രിക് ഡാറ്റാബേസും ഉപയോഗിക്കുന്നുണ്ട്.  ഇതിലൂടെ വിമാനത്താവളത്തിലെ പല പോയിന്റ്കളിൽ വച്ചും യാത്രക്കാരെ തിരിച്ചറിയാൻ സാധിക്കുന്നു.

മുഖത്തെ സവിശേഷതകൾ വേഗത്തിൽ തിരിച്ചറിയുകയും സിസ്റ്റത്തിലൂടെ തന്നെ  അവരുടെ പാസ്പോർട്ടുമായി ലിങ്ക് ചെയ്യപ്പെടുകയും ചെയ്യുന്നു.

കരാർ ഒപ്പിടുന്ന ചടങ്ങിനിടയിൽ, ദുബായിയെ  ലോകത്തിലെ തന്നെ മുൻനിര ബിസിനസും ടൂറിസവും ഉൾപ്പെടുന്ന കേന്ദ്രമാക്കി മാറ്റാനുള്ള ലക്ഷ്യത്തിലാണ് തങ്ങൾ എന്ന്  അൽ മർറി പറഞ്ഞു. ഇനിയും മികച്ച സേവനങ്ങൾക്കായുള്ള തയ്യാറെടുപ്പിൽ ആണെന്ന്  ഇദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment