ഖത്തറിലൊരു മോഹൻലാൽ വളവ് !

നവംബർ 20 മുതൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറാൻ ഒരുങ്ങി നിൽക്കുകയാണ് ഖത്തർ. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ  ഡിസംബർ 18 വരെ 2022 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി   ഖത്തറിലുണ്ടായിരിക്കും.

ഇതോടൊപ്പം മെസ്സിയുടെയും റൊണാൾഡോയുടെയുമെല്ലാം അവസാന ലോകകപ്പാവാൻ സാധ്യതയുള്ള 2022 ലോകകപ്പ് നേരിൽ കാണാനായി ഖത്തറിലേക്കൊഴുകാൻ പോകുന്ന വമ്പൻ ജനസാഗരത്തെയും സ്വീകരിക്കാൻ പൂർണ്ണ സജ്ജമായാണ് ഖത്തർ ഉള്ളത്.

താരങ്ങളെയും കാണികളെയും ഖത്തർ വരവേൽക്കുക ദോഹയിലെ ഹമദ് രാജ്യന്തരവിമാനത്താവളത്തിലൂടെയാണ്. കഴിഞ്ഞ വർഷത്തെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരത്തിളക്കത്തിലാണ് ഹമദ്. ഖത്തർ പോലുള്ള അറബ് രാജ്യങ്ങളുടെ മറ്റൊരു പ്രത്യേകത അൽ വെച്ച് തുടങ്ങുന്ന സ്ഥലനാമങ്ങളാണ്.

അൽ -റയാൻ, അൽ -തുമാമ സ്റ്റേഡിയം, അൽ – റുവൈസ്, അൽ -ഖോർ  എന്നിങ്ങനെ നീളും അവയുടെ എണ്ണം. എന്നാൽ ഇതിനിടയിൽ ഒരു മലയാളിയുടെ പേരുള്ള സ്ഥലവും ഖത്തറിലുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ തീരു.

ആ നാമത്തിനുടമ മറ്റാരുമല്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ. നമ്മുടെ മോഹൻലാലിൻറെ പേരിൽ അറിയപ്പെടുന്ന ഒരു റൗണ്ട് എബൌട്ട്‌ ഖത്തറിലുണ്ട്.

അൽ -മോഹൻലാൽ ! അല്പം ചെരിഞ്ഞ വട്ടം പോലെയുള്ള റോഡിന്, സ്ലോപ് റൗണ്ട് എബൌട്ട്‌ എന്നാണ് ശെരിയായ പേര്. എന്നാൽ ലാലേട്ടന്റെ ചെരിവ് പോലുള്ള ഘടനയോട് കൂടിയ റോഡിനെ, മലയാളികൾ സ്നേഹത്തോടെ അൽ -മോഹൻലാൽ റൗണ്ട് എബൌട്ട്‌ എന്ന് വിളിച്ചു. പിന്നീടത് ആ പേരിൽ അറിയപ്പെട്ട് തുടങ്ങി.

ഇതുകൂടാതെ മലയാളികൾ ചെല്ലപ്പേരിട്ട് വിളിക്കുന്ന മറ്റ് പല സ്ഥലങ്ങളും ഖത്തറിലുണ്ട്. അറബ് ചിഹ്നമായ വാളുകൾ കുറുകെ വെച്ചത് പോലുള്ള സിഗ്നലിനെ, മലയാളികൾ ‘വാൾ സിഗ്നൽ എന്ന് വിളിച്ച്, വിളിച്ച് അറബികൾക്ക് പോലും അത് ശീലിച്ചു.

സിഗ്നൽ തെളിഞ്ഞതിനു ശേഷം എങ്ങോട് പോകണമെന്നറിയാതെ, നമ്മെ ആശയകുഴപ്പത്തിലാക്കുന്ന സിഗ്നൽ, ക്രെസി സിഗ്നല്ലെന്ന് അറിയപ്പെടുന്നു. മലയാളികൾ എത്രമാത്രം ഖത്തറിനെയും, ഖത്തർ മലയാളികളെയും ഹൃദയത്തിലേക്കെടുത്തു എന്നുള്ളതിന് തെളിവ് ആണിത്.

Leave a Comment