‘കാതലി’ നൊപ്പം ഒരു ദിനം പങ്കിട്ട് സൂര്യ

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാതൽ- ദി കോർ ‘, പോസ്റ്റർ ഇറങ്ങിയ ദിവസം മുതൽ ചർച്ചാവിഷയമായ സിനിമയാണ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് , ഒരു നീണ്ട കാലത്തിന് ശേഷം ജ്യോതിക മലയാളത്തിൽ നായികയായെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

സിനിമയുടെ ചിത്രീകരണം തുടരുന്നുവെന്ന വാർത്തയ്ക്കിടയിലാണ് തമിഴ് സൂപ്പർ താരം സൂര്യ, കാതൽ ലൊക്കേഷൻ സന്ദർശിക്കാനെത്തിയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ഒക്ടോബറിൽ ചിത്രീകണം തുടങ്ങിയ സിനിമയുടെ ഇപ്പോഴത്തെ ലൊക്കേഷൻ എറണാകുളം ആണ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ജ്യോതിക ടീമിനൊപ്പം ചേർന്നത്. അതിനിടയിലാണ് സൂര്യ അപ്രതീക്ഷിതമായി സെറ്റിൽ എത്തുന്നതും, ടീമിനെ കാണുന്നതും.  

കാതലിന്റെ പോസ്റ്റർ റിലീസ് ആയ ദിവസം തന്നെ, ചിത്രത്തിന്റെ ആശയം തന്നെ ഏറെ ആകർഷിച്ചതായി സൂര്യ പറഞ്ഞിരുന്നു.ചിത്രത്തിന്റെ ക്രൂവിനൊപ്പവും താരങ്ങൾക്കൊപ്പവും ചിത്രമെടുക്കാനുള്ള സമയവും സൂര്യ കണ്ടെത്തി.

സൂര്യയും, മമ്മൂട്ടിയും, ജ്യോതികയും ചേർന്നുള്ള ചിത്രങ്ങൾ വലിയ രീതിയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. സിനിമയുടെ ടീമിനൊപ്പം ഭക്ഷണം കഴിച്ച്, വിശേഷങ്ങൾ പങ്കിട്ടതിന് ശേഷമാണ് സൂര്യ തിരിച്ചു പോയത്.

രണ്ട് പെൺകുട്ടികൾ, കുഞ്ഞുദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ഒരു ഫാമിലി ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചിന്നു ചാന്ദ്നി, ലാലു അലക്സ്‌, മുത്തു മണി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോൾസൺ സ്കറിയ, ആദർശ് സുകുമാരൻ എന്നിവരുടേതാണ് തിരക്കഥ.

Leave a Comment