ലോകകപ്പ് നാളുകൾക്കായുള്ള മുന്നൊരുക്കങ്ങളുമായി കെഎസ്ഇബി

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ഖത്തർ വേൾഡ് കപ്പ്‌ 2022 നെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലോകം ഒന്നാകെ. പ്രോമോ വിഡീയോകളും, പ്രോമോ സോങ്ങുകളും, ലോകകപ്പ് പ്രവചനങ്ങളും, കൂറ്റൻ ഫ്ലക്സ് ബോർഡുകളും കട്ട്‌ ഔട്ടുകളുമായി മലയാളികളും വലിയ ഹരത്തിലാണ്.

എല്ലാ തവണത്തെയും പോലെ ഇത്തവണയും കൂട്ടമായിരുന്ന് മാച്ചുകൾ ആസ്വദിക്കാൻ വലിയ സ്ക്രീനുകളിൽ പ്രൊജക്ടർ ഉപയോഗിച്ച് തത്സമയം കളി കാണുന്നതിനായുള്ള വലിയ തിരശീലകളും പലയിടങ്ങളിലും പൊങ്ങി തുടങ്ങി. എന്നാൽ വേൾഡ് കപ്പ്‌ ദിവസങ്ങളിൽ ആരാധകരെ ഏറ്റവുമധികം കുഴപ്പിക്കാറുള്ളത് വൈദ്യുതി തടസ്സമാണ് .

പ്രൊജക്റ്ററിൽ കളി കാണിക്കുന്ന പല ക്ലബുകാരും ലോക കപ്പ്‌ അവസാനിക്കുന്നത് വരെ ജനറേറ്റർ സൗകര്യം ഒരുക്കാറുണ്ടെങ്കിലും എല്ലായിടത്തും അത് പ്രായോഗികമല്ല. ഇതിന്റെ അനന്തരഫലങ്ങൾ, മിക്കപ്പോഴും ചീത്ത വിളികളുടെ രൂപത്തിൽ കേൾക്കാറുള്ളത് കെഎസ്ഇബി ജീവനക്കാരാണ്. ആ പതിവിനെ മാറ്റാനുള്ള കഠിന പ്രയത്നത്തിലാണ് ഇക്കൊല്ലം കെഎസ്ഇബി.

ലോകകപ്പ് നാളുകളിലെ വൈദ്യുതി തടസ്സം  ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഇപ്പോൾ തന്നെ ജീവനക്കാർ തുടങ്ങി കഴിഞ്ഞു. വൈദ്യുതി കമ്പികൾക്ക് തടസ്സമായി നിൽക്കുന്ന മരച്ചില്ലകൾ  വെട്ടി മാറ്റുന്ന പണിയാണിപ്പോൾ നടക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും വൈദ്യുതി മുടങ്ങുന്ന മലയോരമേഖലകളിലെ 10 കിമി അലുമിനിയം കമ്പികൾ മാറ്റി ഫൈബർ കമ്പികളാക്കുന്ന ജോലിയും നടക്കുന്നുണ്ട്.

ജീവനക്കാരെ പ്രത്യേക ഗ്രൂപ്പായി തിരിച്ചാണ് ഈ പണികൾ ചെയ്യുന്നത്.ഡിസംബർ 2 നകം പണികൾ പൂർണ്ണമായി തീരുമെന്ന് കാളികാവ് അസിസ്റ്റന്റ് എഞ്ചിനീയർ ബിജു പറഞ്ഞു. ലോക കപ്പ് നാളുകളിൽ വൈദ്യുതി മുടങ്ങുന്നതിനെതിരെ ഉണ്ടാകാനിടയുള്ള വ്യാപക പ്രതിഷേധം ഇതിലൂടെ ഇല്ലാതാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

Leave a Comment