കൂടുതൽ യൂസർ – ഫ്രണ്ട്‌ലി ആയി വാട്സാപ്പ്

അടിക്കടിയുള്ള ടെക്നിക്കൽ പ്രശ്നങ്ങളിൽ ജനങ്ങൾ വലയുമ്പോഴും, കൂടുതൽ ഫീച്ചറുകളുമായി കസ്റ്റമർസിന് കൂടുതൽ പ്രിയങ്കരനാവുകയാണ് വാട്സാപ്പ്. കൃത്യമായ ഇടവേളകളിൽ, ഉപഭോക്താക്കളുടെ മനസ്സറിഞ്ഞു കൊണ്ടുവരുന്ന അപ്ഡേഷനുകൾ തന്നെയാണ് മറ്റ് മെസ്സേജിങ് ആപ്പുകളിൽ നിന്നും വാട്സാപ്പിനെ വ്യത്യസ്തമാക്കുന്നത്. ഇതുവഴി കൂടുതൽ പേരെ തന്നോടടുപ്പിക്കാനും, മെറ്റ കമ്പനിയുടെ കീഴിലുള്ള ഈ മെസ്സേജിങ് ഭീമന് കഴിയുന്നു.

മെറ്റയുടെ സ്ഥാപകനായ മാർക് സക്കർബർഗ്, തന്റെ ബ്ലോഗിലൂടെയാണ് വാട്സാപ്പിൽ വരാൻ പോകുന്ന പുതിയ സൗകര്യങ്ങളെ കുറിച്ച് അറിയിച്ചത്. ഏറ്റവും പ്രധാനമായി, പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ യൂസേഴ്സിനെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ തന്നെയാണ് ഹൈലൈറ്റ്. ഒരു കമ്മ്യൂണിറ്റിക്ക് 5000 ത്തിൽ അധികം മെമ്പേഴ്സിനെ ഉൾക്കൊള്ളാനായി കഴിയും.

ഓരോ കോമൺ ഫാക്ടറിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെ ഒരേ കമ്മ്യൂണിറ്റിയിൽ ചേർക്കാനും, എല്ലാ ഗ്രൂപ്പുകളെയും കൃത്യമായി പരിപാലിക്കാനും ഇത് അഡ്മിന്മാരെ സഹായിക്കുന്നു. ഓരോ ഗ്രൂപിലുള്ളവർക്കും മറ്റേതൊക്കെ ഗ്രൂപ്പിലുള്ള മെസ്സേജുകൾ കാണാൻ കഴിയുമെന്ന കാര്യവും അഡ്മിന് തന്നെ തീരുമാനിക്കാവുന്നതാണ്.

പല തവണ ഫോർവേഡ് ചെയ്ത് വരുന്ന സന്ദേശങ്ങൾ കമ്മ്യൂണിറ്റി ഫീച്ചറിൽ ഒരു സമയം ഒരു ഗ്രൂപ്പിലേക്ക് മാത്രമേ ഷെയർ ചെയ്യാനാകൂ.ഒരു കമ്മ്യൂണിറ്റിയിൽ, എല്ലാ ഗ്രൂപ്പിലെയും അംഗങ്ങളുടെ നമ്പർ അഡ്മിന് മാത്രമായിരിക്കും കാണാൻ കഴിയുക.

മറ്റ് അംഗങ്ങൾക്ക് അവരവരുടെ ഗ്രൂപ്പിലെ അംഗങ്ങളുടെ നമ്പർ മാത്രമേ കാണാനാകു. ഗ്രൂപ്പുകളിൽ വരുന്ന അനാവശ്യ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനും അഡ്മിന് കഴിയുന്നതാണ്.

ഒരു ഗ്രൂപ്പിൽ ഉൾകൊള്ളിക്കാവുന്ന അംഗങ്ങളുടെ എണ്ണം ഈ വർഷം ആദ്യം 256 ഇൽ നിന്നും 512 ആക്കിയിരുന്നു. ഇപ്പോഴത് പിന്നെയും ഉയർത്തി 1024 ആക്കിയിരിക്കുന്നു. ടെലിഗ്രാം മുതലായ ആപ്പുകളിൽ ലഭ്യമായിരുന്ന പോളിങ് ഓപ്ഷനും ഇനി വാട്സാപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായിരിക്കും.

ഇതിനു പുറമെ,32 ഓളം പേരെ ഉൾകൊള്ളിക്കാൻ വോയിസ്‌ കോളിലുണ്ടായിരുന്ന സൗകര്യം ഇനി മുതൽ വീഡിയോ കോളിലും കിട്ടും. ഈ ഫീച്ചറുകൾക്ക് എല്ലാം തന്നെ എന്റ് -ടു – എന്റ് എൺക്രിപ്ഷൻ ഉള്ളത് ഉപഭോക്താക്കളുടെ സന്ദേശങ്ങൾ സ്വകാര്യമായിരിക്കുന്നതിനും സഹായിക്കുന്നു.

ഇതിനു പുറമെ വാട്സാപ്പ് വഴി അയക്കാൻ കഴിയുന്ന ഫയലുകളുടെ സൈസ് 2.00 ജി ബി ആയി ഉയർത്തിയിട്ടുണ്ട്. മുമ്പിത് വെറും 16 എം ബി ആയിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യക്കാർക്ക് വരുന്ന ആഴ്ചകളിൽ ഈ ഫീച്ചറുകൾ ലഭ്യമാക്കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്. വാട്സാപ്പിന്റെ ഈ പുതിയ പരീക്ഷണങ്ങൾ ടെലിഗ്രാം മുതലായവക്ക് ഭീഷണിയാകുമെന്നുറപ്പാണ്.

Leave a Comment