Skip to content
Home » വാട്സ്ആപ്പ് : പ്രവർത്തനം പാളുമ്പോൾ

വാട്സ്ആപ്പ് : പ്രവർത്തനം പാളുമ്പോൾ

  • by

മെറ്റ കമ്പനിയുടെ കീഴിലുള്ള, ലോകത്തേറ്റവും കൂടുതൽ പേർ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന മെസേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. എന്നാൽ പലപ്പോഴും കൃത്യമല്ലാത്ത പ്രവർത്തനം കൊണ്ട് ഉപയോക്താക്കളുടെ ചങ്ങിടിപ്പ് വാട്സ്ആപ്പ് കൂട്ടാറുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 25 ന്, ഇന്ത്യൻ സമയം ഉച്ചക്ക് 12.07 ന് ഇത്തരത്തിൽ വാട്സാപ്പ്, ഏകദേശം 2 മണിക്കൂറിനടുത്ത് പണി മുടക്കി.

ഏഷ്യ, അമേരിക്ക,സൗത്ത് ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലുള്ളവർക്കാണ് വാട്സാപ്പ് ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടത്.നമ്മുടെ പല പേർസണൽ വിവരങ്ങളും നമ്മൾ കൈമാറുന്ന വാട്സാപ്പിന് അടിക്കടിയുണ്ടാകുന്ന ഈ പ്രവർത്തന തകരാറിനെ കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒക്ടോബർ 25 ന് 12 മണിയോടെയാണ് വാട്സാപ്പ് വഴി ചിത്രങ്ങളും വീഡിയോകളും അയക്കാനാവുന്നില്ലെന്ന് ചൂണ്ടികാട്ടി പരാതികൾ സാമൂഹ്യമാധ്യമങ്ങളിൽ വന്നു തുടങ്ങിയത്.കസ്റ്റമഴ്സിനു ഈ സമയം പഴയ മെസ്സേജുകൾ എടുക്കാനോ, പുതിയ മെസ്സേജുകൾ അയക്കാനോ, സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല.

പല യൂസേഴ്സിനും വാട്സ്ആപ്പ് പേജിന് മുകളിൽ സെർവറുമായി ‘കണക്ടിങ് ‘എന്ന് എഴുതികാണിച്ചിരുന്നെങ്കിലും, കണക്ഷൻ ലഭിച്ചില്ല. വാട്സ്ആപ്പ് അടക്കമുള്ള നിരവധി ആപ്പുകളുടെ സർവീസ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റ് ആയ ഡൌൺഡിറ്റെക്ടർ പുറത്തുവിടുന്ന കണക്ക് പ്രകാരം, 67% പേർ പ്രശ്നം നേരിട്ട് തുടങ്ങിയപ്പോൾ തന്നെ മെസ്സേജ് അയക്കാൻ കഴിയുന്നില്ലന്ന പരാതിയുമായി കമ്പനിയേ ബന്ധപ്പെട്ടിട്ടുണ്ട്.

26% പേർക്ക് സെർവർ കണക്ഷൻ പ്രശ്നങ്ങളും, 7% പേർക്ക് ആപ്പിന്റെ മുഴുവൻ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. കാനഡ, കൊളമ്പിയ, ഫ്രാൻസ്, ഇന്ത്യ, ഇസ്രായേൽ, യു. കെ,മെക്സിക്കോ എന്നിവിടങ്ങളിലുള്ളവർക്കാണ് ആപ്പിന്റെ പ്രവർത്തനത്തിൽ പാളിച്ച നേരിട്ടത്.

പ്രവർത്തനത്തിലുണ്ടായ വീഴ്ചയിൽ ക്ഷമാപണം നടത്തിക്കൊണ്ട് മെറ്റയുടെ പ്രതിനിധി രംഗത്തെത്തിയിട്ടുണ്ട്.ടെക്നിക്കൽ എറർ ആണെന്നും പ്രശ്നം പരിഹരിച്ചുവെന്നുമല്ലാതെ, ശെരിയായ പ്രശ്നം എന്തെന്നോ, എങ്ങനെ പരിഹരിച്ചെന്നോ അടങ്ങുന്ന വ്യക്തമായ പ്രതികരണം കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

എന്നാൽ വാട്സാപ്പിന്റെ പണിമുടക്ക് രണ്ട് മണിക്കൂർ നീണ്ടതോടെ കളിയാക്കികൊണ്ടുള്ള നിരവധി മീമുകളാണ് #whatsappdown എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ വന്നത്. ഉച്ച കഴിഞ്ഞ് 2.15 ഓടെ  വാട്സാപ്പും, വെബ്സൈറ്റും പഴയ പ്രവർത്തനത്തിലേക്ക് മടങ്ങിവരികയും ചെയ്തു .

2021 ഒക്ടോബറിലും 6 മണിക്കൂർ നേരത്തേക്ക് വാട്സാപ് പണി മുടക്കിയിരുന്നു. അന്ന് കൂട്ടിനു ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉണ്ടായിരുന്നെന്ന് മാത്രം. അന്നത്തെ പണിമുടക്കിനു കാരണം ഒരു പ്രധാന DNS (ഡോമെയിൻ നെയിം സിസ്റ്റം) ഇന്റെ തകരാറായിരുന്നു.

BGP (ബോർഡർ ഗേറ്റ് വെ  പ്രോട്ടോകോൾ )റൂട്ടിങ് ആയിരുന്നു ഇത്രനേരം നീണ്ടുനിന്ന പ്രവർത്തിതടസ്സത്തിനു കാരണമെന്ന് പിന്നീട്‌ തെളിഞ്ഞിരുന്നു. എന്നാൽ  പേരു വെളിപ്പെടുത്താ നാഗ്രഹിക്കാത്ത ചില ഫേസ്ബുക്ക്‌ എംപ്ലോയീസ് ഇന്റെർണൽ ട്രാഫിക് മൂലമായിരുന്നു ഈ തകരാറെന്നും പറഞ്ഞിരുന്നു.

ഇന്ത്യയിൽ തന്നെ 5 കോടി ആളുകൾ സന്ദേശം കൈമാറാൻ ഉപയോഗിക്കുന്ന വാട്സാപ്പിന് അടിക്കടി ഉണ്ടാകുന്ന ഇത്തരം ടെക്നിക്കൽ ഇഷ്യൂകൾ ഗൗരവമായി എടുക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യയിലെ പല കൊ-ഓപ്പറേറ്റ് സ്ഥാപങ്ങളുടെയും രഹസ്യവിവരങ്ങൾ പോലും വാട്സ്ആപ്പ് വഴി, അതിനുള്ള എളുപ്പം കാരണം അയക്കുന്നുണ്ട്. വാട്സ്ആപ്പ് ഉപയോഗിച്ച് ചെറുകിട സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇത് വലിയ തലവേദനയാണ് നൽകുന്നത്. വിപണിയെയും വരുമാനത്തെയും തന്നെ ഇത് ബാധിച്ചേക്കാം.

എന്നാൽ ഈ അവസരം, മറ്റ് പല ബദൽ ആപ്പുകൾക്കും വലിയ മുന്നേറ്റത്തിനു കാരണമാകുന്നുണ്ട്. വാട്സാപ്പ് ഉപയോഗം തടസപ്പെട്ട മണിക്കൂറുകളിൽ ‘വാട്സ്ആപ്പ് ബദലിനു ‘ വേണ്ടിയുള്ള സെർച്ച്‌ 2400% ആണ് ഉയർന്നത്. മെസ്സേജിങ് ആപ്പ് ആയ ‘സിഗ്നൽ’ഇന് വേണ്ടിയുള്ള സെർച്ച്‌ 138.09% വും,സ്വകാര്യത്യ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ‘ത്രീമ ‘ മെസ്സഞ്ചറിനുവേണ്ടിയുള്ള അന്വേഷണം 400% വും കൂടി.

Leave a Reply

Your email address will not be published. Required fields are marked *