Skip to content
Home » പണ്ടോറയിലേക്ക് ഒരു തിരിച്ചു പോക്ക്

പണ്ടോറയിലേക്ക് ഒരു തിരിച്ചു പോക്ക്

  • by

പത്തുവർഷത്തിലേറെയായുള്ള സസ്പെൻസിനു ശേഷം, ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകർ ഏറ്റവുമധികം കാത്തിരിക്കുന്ന ജെയിംസ് ക്യാമറൂൺ ചിത്രമായ അവതാർ 2- ദി വേ ഓഫ് വാട്ടറിന്റെ ആദ്യ ട്രൈലെർ നവംബർ 3 ന് പുറത്തുവന്നിരിക്കുകയാണ്. 

അവതാർ 1 നോട്‌ നീതിപുലർത്തുന്ന രീതിയിൽ രണ്ടാം ഭാഗം കൊണ്ടുവരാൻ വലിയ ഒരു ടീം തന്നെയാണ് ജെയിംസ് ക്യാമെറൂണിനു പിന്നിൽ അണിനിരന്നിട്ടുള്ളത്. 2009 ഇൽ പുറത്തുവന്ന അവതാർ 1, ലോകത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം കൂടിയായിരുന്നു.

സാം വർത്തിങ്ടൺ, സൊ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർട്ടിസ്, കേറ്റ് വിൻസ്‌ലൈറ്റ് എന്നിവരാണ് ചിത്രത്തിലെ മുൻനിരാഭിനേതാക്കളായി വരുന്നത്. അവതാർ 1, പണ്ടോറ എന്ന അന്യഗ്രഹജീവി ലോകത്ത്, അവരുടെ കാട് കയ്യേറാൻ വരുന്ന മനുഷ്യരെ നവി എന്ന അന്യഗ്രഹജീവി സമൂഹം എങ്ങിനെയെല്ലാം ജയിക്കുന്നു എന്നതിനെ ആസ്‌പദമാക്കിയാണ്.

മെറ്റ്കയിന എന്ന പേരിലുള്ള പാറകളിൽ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെയാണ് അവതാർ 2 ഇൽ അവതരിപ്പിക്കുന്നത്. മുഖ്യകഥാപാത്രങ്ങളായ ജെയ്ക്ക് സള്ളിയുടെയും നെയ്റ്റിരിയുടെയും മകളിലൂടെയാണ് അവതാർ 2 ന്റെ കഥ തുടങ്ങുന്നതായി കാണിക്കുന്നത്. മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സുന്ദരമാണ് ട്രൈലെർ.

തങ്ങളുടെ ആവാസവ്യൂഹത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള നിലനിൽപ്പിന്റെ യുദ്ധം തന്നെയായിരിക്കും കഥാ പശ്ചാത്തലം എന്ന് വ്യകതമാക്കുന്ന ‘This is our home’ എന്ന ഡയലോഗും ട്രൈലെറിൽ കേൾക്കാം. നെയ്റ്റിരിയോട്, ശക്തയായിരിക്കാൻ പറയുന്ന ജെയ്ക്കിലാണ് ട്രൈലെർ അവസാനിക്കുന്നത്.

അന്യഗ്രഹജീവികളുടെ പ്രകൃതിയോടും കുടുംബത്തോടും അവരുടെ സംസ്കാരത്തോടുമുള്ള സ്നേഹം തന്നെയാണ് സിനിമയുടെ മെറ്റീരിയൽ ആയി വരുന്നതെങ്കിലും ഇതുവരെ നമ്മൾ കണ്ടു പരിചയിച്ചിട്ടില്ലാത്ത പണ്ടോറയുടെ പല കാഴ്ചകളും അവതാർ 2 നൽകുമെന്നുറപ്പാണ്. ഉഷ്ണമേഖല ബീച്ചുകളും പണ്ടോറ തീരങ്ങളും ഒരു കടലത്തീര സ്വർഗ്ഗമായി ചിത്രത്തിൽ വിവരിക്കുന്നതായിരിക്കും.

അണ്ടർ വാട്ടർ ഫോട്ടോഗ്രാഫിക് ടെക്നോളജി ഉപയോഗിച്ച് ഷൂട്ട്‌ ചെയ്ത സിനിമ ഇതുവരെ ആരും നല്കാത്ത ദൃശ്യാനുഭവമായിരിക്കും പ്രേക്ഷകന് നൽകുന്നത്. 2009 ലെ അവതാറിന്റെ വലിയ വിജയത്തിനു ശേഷമാണ് നവികളുടെ ജീവിതം 4 ഭാഗങ്ങളായി പ്രേക്ഷകന് മുന്നിലെത്തിക്കുമെന്ന് ക്യാമറൂൺ പ്രഖ്യാപിക്കുന്നത്.

അഭിനേതാക്കളുടെ വർഷങ്ങൾ നീണ്ട പരിശീലനങ്ങളുടെയും, സാങ്കേതിക ഗവേഷണങ്ങളുടെയും ഫലമാണ് അവതാർ 2. അതിനാൽ തന്നെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്തുന്നതും, അവതാർ 1 ന്റെ സർവ്വ റെക്കോർഡുകളെയും തകർക്കുന്നതുമായിരിക്കും രണ്ടാം ഭാഗമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. ഡിസംബർ 16നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *