Skip to content
Home » കേരളത്തിന്റെ സ്വന്തം ടിപ്പിക്കൽ മണിയമ്മാവൻ

കേരളത്തിന്റെ സ്വന്തം ടിപ്പിക്കൽ മണിയമ്മാവൻ

  • by

ഒരു പെൺകുട്ടി ജനിച്ചു വീഴുമ്പോൾ തൊട്ട്, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അവൾ അനുഭവിക്കുന്ന സംഘർഷങ്ങളെയും വിലക്കുകളെയും ആക്ഷേപഹാസ്യരൂപത്തിൽ പ്രേക്ഷകന് മുന്നിലേക്കെത്തിക്കുന്ന ചിത്രമാണ് വിപിൻ ദാസ് സംവിധാനം ചെയ്ത്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തുന്ന ‘ജയ ജയ ജയ ജയ ജയഹെ ‘.

സ്ത്രീ സ്വന്തം വീട്ടിൽനിന്നും ഭർതൃവീട്ടിലെത്തുമ്പോൾ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെ പ്രമേയമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ‘ എന്ന ചിത്രം സ്ത്രീയുടെ പെടാപാടുകളെ കൃത്യമായി കാണിച്ച്, നിരൂപക ശ്രദ്ധ നേടിയിരുന്നു.

എന്നാൽ വിഷയവും അവതരണവും ഗൗരവതരമായതിനാൽ തന്നെ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞില്ല. ഇവിടെ ഗുരുതരമായ ഒരു പ്രശ്നത്തെ  നർമ്മത്തിൽ പൊതിഞ്ഞു, സാധാരണ ഒരു വീടിന്റെ അന്തരീക്ഷത്തിൽ കൂടുതൽ ആപേക്ഷികമായി അവതരിപ്പിച്ചതിനാൽ തന്നെ, ജയ ജയ ജയ ജയ ജയഹേ, വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

മലയാളികൾക്ക് സ്വന്തം വീടുകളിൽ കാണാൻ കഴിയുന്ന പല സന്ദർഭങ്ങളും, പല കഥാപാത്രങ്ങളെയും ചിത്രത്തിൽ കാണാനായി കഴിയും. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രത്തിലെ സുധീർ പറവൂർ അവതരിപ്പിക്കുന്ന മണിയമ്മാവൻ എന്ന കഥാപാത്രം.

സിനിമയിൽ ദർശന അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രമായ ജയയുടെ അമ്മയുടെ ആങ്ങളയാണ് മണിയമ്മാവൻ. മണിയമ്മാവൻ ജയയുടെ ‘നന്മ’ മാത്രമാഗ്രഹിക്കുന്ന ആളാണ്‌. അതുകൊണ്ട് തന്നെ ജയയുടെ കല്യാണമാണ് മണിയമ്മാവന്റെ ഏറ്റവും വലിയ ‘ സ്വപ്നം ‘.

ജയക്ക് അമ്മാവനോട് എത്ര അമർഷമുണ്ടെന്നു വീട്ടിലേക്ക് മണിയമ്മാവൻ കടന്നു വരുന്നത് നോക്കി ‘അയ്യോ മണിയമ്മാവൻ’ എന്ന് പറയുന്നതിൽ നിന്ന് തന്നെ വ്യക്തമാണ്. ജയയുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ജീവിതം താറുമാറാക്കുന്ന തീരുമാനങ്ങളിലേക്ക് അവളെ വലിച്ചിടുന്നതിന്റെ  പ്രധാന ഉത്തരവാദി കൂടിയാണ് മണിയമ്മാവൻ.

കുഞ്ഞായിരുന്ന ജയയെ ‘ജവഹർ ഇന്ദിരയെ  വളർത്തിയ പോലെ താൻ വളർത്തും ‘എന്ന് അവളുടെ അച്ഛൻ പറയുമ്പോൾ, പക്ഷെ മുടി വേണം, അല്ലെങ്കിൽ ‘കല്യാണം നടക്കില്ല ‘ എന്ന് പറഞ്ഞ് മണിയമ്മാവൻ തടയുന്നു. ചെറുപ്പത്തിൽ തുണക്കാരോടൊപ്പം മരത്തിൽ കയറി കളിക്കുന്ന ജയയെ താഴെക്കിറക്കിക്കൊണ്ട് ‘വെറുതെ നാട്ടുകാരെ കൊണ്ട് മരംകേറി പെണ്ണെന്നു പറയിപ്പിക്കാൻ ‘ എന്നാണ് അമ്മാവൻ പറയുന്നത്.

ജയക്കിഷ്ടമില്ലാത്ത ലൗലോലിക്ക, അവൾക്കിഷ്ടമാണെന്ന വ്യാജേന കൊണ്ടുകൊടുത്ത് സ്നേഹം കാണിക്കുന്ന മണിയമ്മാവൻ, ജീവിതത്തിലുടനീളം ജയയുടെ അനിഷ്ടങ്ങളാണ് അവളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്ന് വ്യക്തമാകുന്നു.

പ്ലസ്ടുവിനു മികച്ച മാർക്ക്‌ വാങ്ങി പാസ്സായി അടുത്ത ജില്ലയിൽ അഡ്മിഷൻ ശെരിയായി നിൽക്കുന്ന ജയയുടെ വീട്ടിലേക്ക് വന്ന്, പഠിക്കാൻ വിടാൻ സമ്മതിച്ചു നിന്നിരുന്ന വീട്ടുകാരെ പറഞ്ഞിളക്കി, ആന്ത്രോപ്പോളജി പഠിക്കാനാഗ്രഹിച്ച ജയയെ, ഓലമേഞ്ഞ ഒരു പാരലൽ കോളേജിൽ കൊണ്ട് ചെന്നെത്തിക്കുന്നത് മണിയമ്മാവനാണ്.

പാരലൽ കോളേജിലെ മാഷുമായുള്ള പ്രണയം വീട്ടിലറിഞ്ഞ ജയയുടെ പഠിപ്പ് മുടക്കുന്നതും, ‘കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ ‘ എന്ന അഭിപ്രായത്തിൽ ഉടനെ വിവാഹകാര്യം അവതരിപ്പിച്ച്, രാജേഷ് എന്ന ബാധയെ ജയയുടെ ജീവിതത്തിലേക്ക് കൊണ്ട് വന്നതും, നമ്മുടെ സ്വന്തം മണിയമ്മാവൻ തന്നെ.

ഇത്തരത്തിൽ കഥയെ വലിയ അളവ് വരെ നിയന്ത്രിക്കുന്നത് അമ്മാവൻ ആണ്. ജയയുടെ വിവാഹദിനത്തിൽ, മാറി നിന്ന് പൊട്ടിക്കരഞ്ഞ് ‘ഈ ദിവസത്തിനു വേണ്ടിയാണ് അമ്മാവൻ ജീവിച്ചത് ‘ എന്ന് കൂടെ പറയുമ്പോൾ, ജയയോടൊപ്പം നമ്മുക്കും അമ്മാവന് ഒന്നു കൊടുക്കാൻ തോന്നും. അത്രയധികം മലയാളിമനസ്സിലെ കപടസദാചാരവും, കപടവാത്സല്യവും നിറയുന്ന കഥാപാത്രമാണ് മണിയമ്മാവന്റേത്.

മലയാള ചാനൽ രംഗത്ത് ചെറിയ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചു കൊണ്ടാണ് സുധീർ പറവൂർ കടന്നു വന്നത്. അടുത്തിടെയായി പല സിനിമകളിലും ലഭിക്കുന്ന ചെറിയ വേഷങ്ങളിൽ വരെ വലിയ രീതിയിൽ ഈ നടൻ സ്കോർ ചെയ്യുന്നുണ്ട്.

സ്വതസിദ്ധമായ നർമ്മബോധം കൊണ്ടും, പ്രത്യേക ശരീരഭാഷ, ആംഗ്യങ്ങൾ കൊണ്ടും പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് സിനിമയുടെ അഭിവാജ്യഘടകമായി സുധീറിന്റെ മണിയമ്മാവൻ മാറുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *