16 കോടി മുടക്ക്മുതൽ; 230 കോടി വാരി കാന്താരാ

ഒരുകാലത്ത് ഏറ്റവും മോശം സിനിമകൾ ഇറക്കിയിരുന്ന ഇൻഡസ്ട്രി എന്ന ലേബൽ മാറ്റിയെഴുതുന്ന തിരക്കിലാണ് കന്നഡ ഇൻഡസ്ട്രി. മേക്കിങ്ങിലും കഥയിലും ക്വാളിറ്റി ഒട്ടും കുറക്കാത്ത ചിത്രങ്ങളാണ് കെജിഎഫ് മുത്തലിങ്ങോട്ട് കന്നഡയിൽ നിന്നും വരുന്നത്. അതിലേറ്റവും പുതിയ എൻട്രി ആണ് റിഷബ്‌ ഷെട്ടിയുടെ കാന്താരാ. വെറും 16 കോടി മുടക്കി നിർമിച്ച ചിത്രം, 1 മാസം പിന്നിടുമ്പോഴേക്കും 230 കോടിയാണ് ബോക്സ്‌ഓഫീസിൽ നിന്നും വാരിയത്.

കെജിഎഫിന്റെ പ്രൊഡക്ഷൻ കമ്പനി ആയ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഋഷബ്‌ ഷെട്ടി എഴുതി സംവിധാനം ചെയ്ത്, മുഖ്യ വേഷത്തിലെത്തുന്ന സിനിമയാണ് കാന്താരാ. സൂപ്പർഹിറ്റ് ബ്ലോക്ക്ബസ്സ്റ്റർ ലേബലുകൾ പൊളിച്ച ചിത്രം ഡിവൈൻ ബ്ലോക്ക്‌ബസ്റ്റർ ആയാണ് അറിയപ്പെടുന്നത്.

സെപ്റ്റംബർ 30 ന്, കന്നഡയിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെ ആവശ്യപ്രകാരം, ഒക്ടോബർ 14 ന് ഹിന്ദിയിലും, 15 ന് തമിഴിലും തെലുങ്കിലും, 20 ന് മലയാളത്തിലും റിലീസ് ചെയ്തിരുന്നു. പൃഥ്വിരാജ് പ്രോഡക്ഷൻസ് ആണ് ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റിയത്.

2022 ഇൽ തന്നെ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ ഏറ്റെടുത്ത സിനിമ ആയിരിക്കയാണ് കാന്താരാ. ചലച്ചിത്രാസ്വാധകരും നിരൂപകരും ഒരേപോലെ ചിത്രത്തിന്റെ ഐതിഹാസിക കഥപറച്ചിൽ രീതിയെയും, ഫോൾക്ലോർ തീമിനെയും പ്രകടനത്തേയും പ്രശംസിക്കുന്നു. പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതവും, ചായാഗ്രഹണവും, ക്ലൈമാക്സും സിനിമയുടെ പ്രത്യേകതകളാണ്.

ഇതുവരെ ഹിന്ദിയിൽ നിന്നും മാത്രം ചിത്രം 50 കോടിയാണ് നേടിയത്. കേരളത്തിൽ നിന്നും 4 കോടി, ഇതിൽ 1 കോടി മാത്രം കാസർഗോഡ് നിന്നും, കർണാടകയിൽ നിന്നും 150 കോടി, ആന്ധ്രാപ്രദേശ് – തെലങ്കാനയിൽ നിന്നും 30 കോടി, തമിഴ് നാട്ടിൽ നിന്നും 5 കോടി എന്നിങ്ങനെയാണ് ഇതുവരെയുള്ള കളക്ഷൻ.

നിരവധി പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രൊമോട്ട് ചെയുന്നുണ്ട്. എന്നാൽ ഇതിനിടയിൽ ചിത്രം ചില നിയമക്കുരുക്കുകളിലും പെട്ടിട്ടുണ്ട്. ചിത്രത്തിലെ ‘വരാഹരൂപം ‘ എന്ന ഗാനം, തങ്ങളുടെ പാട്ടായ ‘നവരസത്തിന്റെ ‘പകർപ്പാണെന്ന് അവകാശപ്പെട്ട് മലയാളം മ്യൂസിക് ബാൻഡ് ആയ തൈക്കുടം ബ്രിഡ്ജ് രംഗത്ത് വന്നിട്ടുണ്ട്. ഈ കേസിൽ ഈ ഗാനം തീയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനു വിലക്കും കോടതി ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Comment