Skip to content
Home » മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാം

മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാം

ഒന്നര നൂറ്റാണ്ടിലേറെയായി മലയാളികളുടെ ദിനചര്യയുടെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ് മലയാള മനോരമ. മലയാളിക്കൊപ്പം കേരളത്തിനൊപ്പം മാറ്റങ്ങളുൾക്കൊണ്ട് മാറുന്നതിലും , മാറുന്ന കാലത്തിന്റെ വാർത്തകൾ മലയാളികളിലേക്ക് തത്സമയം എത്തിക്കുന്നതിലും മനോരമ ഏറെ ശ്രദ്ധിച്ചിരുന്നു.

മലയാളി, പത്രം മടക്കി ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്തു വച്ചപ്പോൾ തന്നെ, മാധ്യമധർമ്മത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലാതെ മനോരമയും ഡിജിറ്റൽ കുപ്പായമെടുത്തണിഞ്ഞു. “മനോരമ ഓൺലൈൻ ” എന്ന സംരംഭം, വിരൽ തുമ്പിൽ ശരവേഗത്തിൽ വാർത്തകളറിയാൻ മലയാളിയെ സഹായിച്ചു. ആഗോള, രാഷ്ട്രീയ, ബിസിനസ്സ്, ജീവിതശൈലി വാർത്തകൾ, മലയാളി, മനോരമയിലൂടെ അറിഞ്ഞു.

എല്ലാ കാലവും, എല്ലാ പ്രായക്കാർക്കും, അറിവ് നൽകുന്നതും, വിനോദപരവുമായ വാർത്തകൾ നൽകിയ മനോരമ തങ്ങളുടെ അടുത്ത സംരംഭവുമായി വരികയാണ് . മലയാള മാധ്യമരംഗത്തേക്ക് യുവതലമുറയെ കൂടുതലടുപ്പിക്കാൻ സഹായിക്കുന്ന ഓൺലൈൻ ക്യാംപസ് റിപ്പോർട്ടാറാകാനുള്ള അവസരമാണ്, ഇത്തവണ മനോരമ മുന്നോട്ട് വക്കുന്നത്.

സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ ആദ്യം പ്രതിഫലിക്കുന്ന ഇടങ്ങളിലൊന്നാണ് ക്യാംപസുകൾ. പല ഇടങ്ങളിൽ നിന്നും, പല സാഹചര്യങ്ങളിൽ നിന്നും, ജീവിതത്തിലെ ഏറ്റവും മനോഹരവും, പ്രാധാന്യമേറിയതുമായ കുറച്ചു വർഷങ്ങൾ ഒരുമിച്ച് ചിലവഴിക്കാനായി വന്നു ചേർന്ന പല തരക്കാരായ വിദ്യാർത്ഥികളുള്ള ക്യാംപസ്സുകൾ, വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ്.

എങ്കിൽ പോലും, കേരളത്തിലെ ക്യാംപസ്സുകൾ ഇപ്പോഴും പൊതുസമൂഹത്തിന് അന്യമാണ്. രാഷ്ട്രീയ പകപോക്കലിനുള്ള ഇടങ്ങളായല്ലാതെ, അവിടങ്ങളിൽ, തുടക്കം കുറിക്കുന്ന മാറ്റങ്ങളുടെ പുതുനാമ്പുകൾ ആരും കാണാറില്ല. സിനിമയും, സാഹിത്യവും, കലയും, രാഷ്ട്രീയവും ചർച്ച ചെയ്യുന്ന നമ്മുടെ ക്യാംപസ് അകത്തളങ്ങളിലാണ് ഏറ്റവും ശക്തമേറിയതും സാമൂഹിക പരിഷ്കരണ സ്വഭാവമുള്ളതുമായ തർക്കങ്ങളും പ്രസംഗങ്ങളും നടക്കാറുള്ളത്.

ഓരോ കാലത്തെയും, സിനിമ കഥാപാത്രങ്ങളെയും, അവരുടെ വസ്ത്രധാരണവും, ശരീരഭാഷയും അനുകരിച്ച് ‘ട്രെൻഡ് സെറ്റിങ് ‘ നടത്തുന്നതിലും നമ്മുടെ കോളേജ് വിദ്യാർത്ഥികളെ കടത്തിവെട്ടാനാരുമില്ല. സമൂഹത്തിലെ അനീതികൾക്കെതിരെയുള്ള ആദ്യ പ്രധിഷേധങ്ങളുയരുന്നതും ക്യാംപസ്സുകളിലാണ്.

സദാചാരത്തിന്റെ അടിവേര് പിഴുതെറിയുന്ന, ആൺ -പെൺ സൗഹൃദങ്ങൾ നോർമലൈസ് ചെയ്യപ്പെടുന്ന, വ്യക്തിസ്വാതന്ത്ര്യത്തിന് പ്രഥമ പരിഗണന കൊടുക്കുന്ന, സ്വവർഗാനുരാഗവും, ആർത്തവവും മനുഷ്യാവസ്ഥകളായി കണക്കാക്കപ്പെടുന്ന ക്യാംപസ്സ് വിശേഷങ്ങൾ, എന്നാൽ, ഒരു പരിധിക്കപ്പുറം പൊതു സമൂഹത്തിലേക്കെത്തുന്നില്ല എന്നതാണ് സത്യം.

ഈ അവസ്ഥയ്ക്കൊരു മാറ്റവുമായാണ് ക്യാമ്പസ്സിന്റെ സ്പന്ദനങ്ങൾ നേരിട്ടൊപ്പിയെടുക്കുന്ന ക്യാംപസ് റിപ്പോർട്ടർ എന്ന ആശയവുമായി മനോരമ ഓൺലൈൻ എത്തുന്നത്.

ക്യാംപസ് ട്രെന്റുകൾ, വിദ്യാർത്ഥികളുടെ നേട്ടങ്ങൾ, രസകരമായ അനുഭവങ്ങൾ എന്നിങ്ങനെ ക്യാംപസ്സുമായി ബന്ധപ്പെട്ടതെന്തും വാർത്തയാക്കാം. ക്യാംപസ് റിപ്പോർട്ടറുടെ പേരിനൊപ്പം വാർത്ത മനോരമ ഓൺലൈനിൽ വരുന്നതാണ്. പഠനത്തിന് സഹായമാകുന്ന പ്രതിഫലവും റിപ്പോർട്ടറെ കാത്തിരിക്കുന്നു.

ക്യാംപസ് റിപ്പോർട്ടറിന് വേണ്ടിയുള്ള അപേക്ഷകൾ മനോരമ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. ഐഡഡ് /പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

“ട്രോളുകൾ ഭരിക്കുന്ന കാലം ” എന്ന വിഷയത്തെ ആധാരമാക്കി , campus@mm.co. in എന്ന ഇമെയിൽ ഐ ഡി യിൽ അയച്ച് കൊടുക്കുന്ന കുറിപ്പുകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മനോരമ റിപ്പോർട്ടിങ്ങിനുള്ള പരിശീലനവും നൽകുന്നുണ്ട്. ഒക്ടോബർ 20,2022 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

യുവജനതയെ മാധ്യമരംഗത്തേക്കടുപ്പിക്കാനും, ക്യാമ്പസ്‌ വിശേഷങ്ങൾ പൊതുജന മധ്യത്തിലേക്ക് കൊണ്ടുവരാനും ഈ സംരംഭം സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *