OPUSLOG

ജീവിതത്തിൽ താൻ ചെയ്ത വിചിത്ര സംഭവങ്ങൾ തുറന്ന് പറഞ്ഞ് ബിൽ ഗേറ്റ്സ്

അമേരിക്കൻ കോടീശ്വരനും മനുഷ്യസ്നേഹിയുമായ ബിൽ ഗേറ്റ്സ് താൻ ജീവിതത്തിൽ ചെയ്ത വിചിത്രമായ കാര്യങ്ങൾ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ലോക കക്കൂസ് ദിനമായ നവംബർ 19 നോട്‌ ബന്ധപ്പെട്ട് ലിങ്ക്ഡ് ഇന്നിൽ പോസ്റ്റ്‌ ചെയ്ത പുതിയ കുറിപ്പിലാണ് അദ്ദേഹം ജീവിതത്തിലെ പല വിചിത്ര നിമിഷങ്ങളെ കുറിച്ചും പങ്ക് വെയ്ക്കുന്നത്.

ശുചിത്വത്തെ കുറിച്ചുള്ള അവബോധം കൂടുതൽ പേരിലേക്കെത്തിക്കുക എന്നതായിരുന്നു തന്റെ പ്രവർത്തിയുടെ പിന്നിലെ ഉദ്ദേശമെന്നും ഈ 67 വയസ്സുകാരൻ തന്റെ പ്രൊഫഷണൽ വെബ്സൈറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

“ജീവിതത്തിൽ കക്കൂസ് വെള്ളം കുടിക്കുന്നത് മുതൽ, ഒരു വലിയ പാത്രം നിറയെ മനുഷ്യ മലവുമായി വേദി പങ്കെടുന്നത് വരെയുള്ള സംഭവങ്ങൾ താൻ ചെയ്തിട്ടുണ്ട്.” മൈക്രോസോഫ്റ്റ് സഹ-സ്ഥാപകൻ കൂടിയായ ബിൽ ഗേറ്റ്സ് പറയുന്നു.ജിമ്മി ഫാലണൊപ്പമാണ് താൻ ശുദ്ധീകരിച്ച കക്കൂസ് വെള്ളം കുടിച്ചത്. ഇതിനൊടൊപ്പം തന്നെ കക്കൂസ് കുഴിയുടെ നാറ്റം അറിയുകയും ചെയ്തു.

തന്റെ ഈ ചെയ്തികൾ പലരെയും ചിരിപ്പിച്ചെങ്കിലും, 3.6 ബില്യൺ മനുഷ്യരെ അലട്ടുന്ന ശുചിത്വമില്ലായ്മയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനായിരുന്നു, ഈ പരിശ്രമങ്ങൾ ഒക്കെയും എന്ന് പോസ്റ്റിലൂടെ ഗേറ്റ്സ് വ്യക്തമാക്കുന്നു. രോഗങ്ങളേയും അത് വഴിയുള്ള മരണങ്ങളെയും തടയാനായി ശുചിത്വമില്ലായ്മക്കെതിരെ പുതിയ പരിഹാരങ്ങളിലേക്ക് എത്താൻ ലോകത്തെ സഹായിക്കുന്ന ഡോക്ടർമാർക്കും, എഞ്ചിനീയർമാർക്കും നന്ദി കൂടി അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.

ജൂലൈ 2021 ലെ ഒരു പോസ്റ്റിലേക്കുള്ള ലിങ്കും ഇതിനൊപ്പം അദ്ദേഹം ചേർത്തിട്ടുണ്ട്. ഉയർന്ന് വരുന്ന ജനസംഖ്യയ്ക്ക് അനുയോജ്യമായ ശുചിത്വ മാർഗങ്ങളെ കുറിച്ചുള്ള ഈ പോസ്റ്റിൽ, 10 കൊല്ലം മുൻപ് മെലിണ്ട ഗേറ്റ്സും, ബിൽ ഗേറ്റ്സും ചേർന്ന് ടോയ്‌ലെറ്റുകൾ പുനർനിർമ്മിക്കുന്നതിന് ലോകത്തെ വെല്ലുവിളിച്ചതായും പറയുന്നു.

ഇതിന്റെ ഭാഗമായി, കക്കൂസ് വെള്ളം കുടിക്കുന്നതടക്കമുള്ള സാഹസിക കൃത്യങ്ങൾ നിറഞ്ഞ പൊതുപരിപാടികളിൽ 2015 ഇൽ അദ്ദേഹം ഭാഗമായിരുന്നു. മലം വെള്ളമായും വൈദ്യുതിയായും മാറ്റുന്ന ഒംനിപ്രോസസ്സർ എന്ന മെഷീനിന്റെ പ്രചാരാർത്ഥം അവതാരകാനായ ജിമ്മി ഫാലണിനെയും അദ്ദേഹം ഇതിന് പ്രേരിപ്പിച്ചു.

“മലത്തിന്റെ വലിയ കൂമ്പാരം കൺവെയർ ബെൽറ്റിലൂടെ മുകളിലേക്ക് പോയി ഒരു വലിയ കണ്ടെയ്നറിൽ വീഴുന്നതും, ട്രീറ്റ് ചെയ്തതിനു ശേഷം മെഷീനിലൂടെ ശുദ്ധമായ വെള്ളമായി വരുന്നതും ഞാൻ കണ്ടിട്ടുണ്ട്. ആ വെള്ളം ഞാൻ കുടിച്ചിട്ടുമുണ്ട്.” പോസ്റ്റിൽ ഗേറ്റ്സ് പറയുന്നു.

2016 മലവും, അമ്മോണിയയും, ഛർദിയും നിറഞ്ഞ ഒരു കക്കൂസ് കുഴി മണത്ത് നോക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. തനിക്ക് അതിന് ശേഷം മനംപുരട്ടിയതായി അദ്ദേഹം പറയുന്നു.

2018 ൽ ബീജിങ്ങിൽ വെച്ച് നടന്ന റിഇൻവെന്റെഡ് ടോയ്ലറ്റ് എക്സ്പോയിൽ ഒരു പാത്രം നിറയെ മലവുമായി വേദിയിൽ എത്തിയ ഗേറ്റ്സ് സദസ്സിൽ ചിരിയുണർത്തി. എന്നാൽ എല്ലാ വർഷവും 5,00,000 ത്തിൽ അധികം പേരുടെ മരണത്തിനു കാരണമാകുന്ന ശുചിത്വമില്ലായ്മയിലേക്ക് ജനശ്രദ്ധ കൊണ്ടുവരാനായിരുന്നു ഈ പ്രവർത്തി.

സാനിറ്റേഷൻ മുതലായ പല ആഗോള പ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിനു വേണ്ടി തന്റെയും മുൻ ഭാര്യയുടെയും കീഴിലുള്ള ചാരിറ്റി സ്ഥാപനമായ ബിൽ ആൻഡ് മെലിണ്ട ഗേറ്റ്സ് ഫൌണ്ടേഷനിലൂടെ ബിൽ ഗേറ്റ്സ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം നടത്തുന്ന പല പ്രവർത്തികളും വലിയ ചർച്ചാ വിഷയമാകാറുമുണ്ട്.

Exit mobile version