OPUSLOG

ട്വിറ്ററിന് പിന്നാലെ ആമസോണിലും കൂട്ട പിരിച്ചുവിടൽ ; കാരണം സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂട്ട പിരിച്ചുവിടലിനു തയ്യാറായി ആമസോൺ. ബുധനാഴ്ച ആരംഭിക്കുന്ന പിരിച്ചുവിടൽ നടപടികളിൽ 10,000 ജീവനക്കാരാണ് പുറത്താക്കപ്പെടുന്നത്.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ്  ട്വിറ്ററിൽ  കൂട്ട പിരിച്ചുവിടലിനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു.3700 ജീവനക്കാരെ ട്വിറ്ററിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അതിനു പിന്നാലെയാണ് ആമസോണിന്റെ വാർത്ത വരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടുമില്ല. പിരിച്ചുവിടാൻ പോകുന്ന ജീവനക്കാർക്ക് മെയിൽ അയച്ചിട്ടുണ്ട് എന്നാണ് നിലവിലെ റിപ്പോർട്ട്.

മാക്രോ ഇക്കണോമിക്  പരിതസ്ഥിതികളിൽ  നേരിടേണ്ടിവന്ന അനിശ്ചിതത്വമാണ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിന് പിന്നിലെന്ന് ആമസോൺ മുൻപ് അറിയിച്ചിട്ടുണ്ട്. തുടർന്ന്,ഡിവൈസസ് ആൻഡ് സര്‍വീസസ് സീനിയർ വൈസ് പ്രസിഡന്റ് ഡേവിഡ് ലിംപും ഈ അറിയിപ്പ് സ്ഥിതീകരിച്ചു.

എന്നാൽ ഈ ജീവനക്കാരെ വ്യക്തമായ ആനുകൂല്യങ്ങളോടെയാണ്  പിരിച്ചുവിടുന്നത്. മറ്റൊരു ജോലി കണ്ടെത്താനുള്ള സമയപരിധി രണ്ടുമാസമാക്കി കൊടുത്തിട്ടുണ്ട്. ആമസോണിൽ തന്നെ മറ്റൊരു ജോലി കണ്ടെത്താനുള്ള അവസരവുമുണ്ട്.

ആമസോണിന്റെ ആഗോളതലത്തെ ഇത് ബാധിക്കുമെങ്കിലും സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി പിരിച്ചുവിടൽ ഒഴിവാക്കാൻ സാധിക്കുകയില്ല.ഡിവൈസസ് ആൻഡ് സർവീസസ് മേഖലകളെയാണ് പ്രധാനമായും ബാധിക്കുക. ഇതിനെ സംബന്ധിച്ച ഔദ്യോഗിക മെയിൽ അയച്ചിട്ടുണ്ട് എന്നാണ് ആമസോൺ അറിയിച്ചിട്ടുള്ളത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം  നിരവധി മേഖലകളിൽ ഇത്തരത്തിലുള്ള പിരിച്ചുവിടലുകൾ നടക്കുന്നുണ്ട്. ആമസോണിന്റെ പിന്നാലെ ഫേസ്ബുക്കിലും  ഈ നടപടികൾ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്കിന്റെ പ്രധാന സ്ഥാപനമായ മെറ്റ, പിരിച്ചുവിടലിനുള്ള സൂചന അറിയിച്ചിരുന്നു. ഏകദേശം 13% ജീവനക്കാരെ മെറ്റയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നയത്തിലേക്ക് ആഗോളതലത്തിലെ കമ്പനികൾ തിരിയുന്നത്. ഇനിയും ഏതൊക്കെ കമ്പനികളിൽ നിന്ന് കൂട്ട പിരിച്ചുവിടലിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് കണ്ടു തന്നെ അറിയണം.

Exit mobile version