OPUSLOG

ഫാമിലി ലിങ്ക് ആപ്പിൽ പുതിയ ഫീച്ചറുകളുമായി ഗൂഗിൾ

മാതാപിതാക്കൾക്ക് കുട്ടികളുടെ ഇന്റർനെറ്റ്‌ ഉപയോഗം നിയന്ത്രിക്കാൻ സഹായിച്ചിരുന്ന ഗൂഗിൾ ആപ്പ് ആണ് ഫാമിലി ലിങ്ക്. ഈ ആപ്പിനെ ഒന്നാകെ ഉടച്ച് വാർത്ത്, കൂടുതൽ ഉപയോഗപ്രദമായ ഫീച്ചറുകൾ കൂടെ ഉൾപ്പെടുത്തിക്കൊണ്ട് അവതരിപ്പിച്ചിരിക്കയാണിപ്പോൾ.

ഹൈലൈറ്റ്സ്, കണ്ട്രോൾ, ലൊക്കേഷൻ എന്നിവയോടൊപ്പം നോട്ടിഫിക്കേഷന് വേണ്ടിയുള്ള ഒരു സെൻട്രൽ ഹബ്ബും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടി ഫാമിലി ലിങ്കിന്റെ വെബ് വേർഷൻ കൂടി ഗൂഗിൾ പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.

കുട്ടികൾ സ്ക്രീൻ ഉപയോഗിക്കുന്ന സമയവും, അവരുടെ ആപ്പുകളുടെ ഉപയോഗവും മാതാപിതാക്കൾക്ക് നിയന്ത്രിക്കാനും, നിരീക്ഷിക്കാനുമായി 2017 ലാണ് ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് കൊണ്ടുവരുന്നത്. മുൻകൂട്ടി സെറ്റ് ചെയ്ത് വച്ച ‘ബെഡ്ടൈമിൽ ‘ കുട്ടികളുടെ ആൻഡ്രോയ്ഡ്, ക്രോംബുക്ക്‌ ഡിവൈസുകൾ ലോക്ക് ചെയ്യാനും ഇത് രക്ഷിതാവിനെ അനുവദിച്ചിരുന്നു.

പുതിയതായി കൊണ്ടുവന്ന 3 ടാബുകളുള്ള ഡിസൈൻ, കുട്ടികൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകളെ വിലയിരുത്തുന്നതിനും ആവശ്യമായ മാറ്റങ്ങൾ എളുപ്പത്തിൽ വരുത്താനും സഹായിക്കുന്നു.

ഹൈലൈറ്റ്സ് ഉപയോഗിക്കുന്നത് കുട്ടി ഡിവൈസ് എത്ര നേരം ഉപയോഗിക്കുന്നു എന്നറിയുന്നതിനാണ്. അതിൽ തന്നെ അന്നന്നത്തെ ഉപയോഗം അറിയാനുള്ള സംവിധാനവുമുണ്ട്. അടുത്തായി ഇൻസ്റ്റാൾ ചെയ്ത ആപ്പുകളെ കുറിച്ചും, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളെ കുറിച്ചുള്ള വിവരവും ഇത് നൽകുന്നു.

കോമൺ സെൻസ് മീഡിയ, കണക്ട്സേഫ്ലി, ഫാമിലി ഓൺലൈൻ സേഫ്റ്റി എന്നീ ഓർഗനൈ സേഷനുകളുടെ സേവനത്തിലൂടെ കുട്ടികളെ, ഓൺലൈൻ സുരക്ഷയെ കുറിച്ച് നിരന്തരം ബോധവാന്മാരാക്കാനുള്ള ഓപ്ഷനുകളും ഹൈലൈറ്റ്സ് ടാബ് തരുന്നു.

കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിലും ആപ്പ് ഉപയോഗത്തിലും പരിധികൾ വെക്കാൻ , കണ്ട്രോൾ ടാബ് ഉപയോഗിക്കാം. കുട്ടികളുടെ പൊതുവെയുള്ള സമയക്രമീകരണങ്ങളിൽ മാറ്റം കൊണ്ട് വരാതെ തന്നെ, പ്രത്യേകമൊരു ദിവസത്തിനു വേണ്ട പരിധികൾ സെറ്റ് ചെയ്യാൻ സഹായിക്കുന്ന ‘ടുഡേയ്സ് ലിമിറ്റ് ‘ ഓപ്ഷനും ഇതിൽ ലഭ്യമാണ്.

കുട്ടികളുടെ നിലവിലെ ലൊക്കേഷൻ അറിയാനും, ഓഫ്‌ലൈൻ ആയി കുട്ടികളെ നിയന്ത്രിക്കാനും ലൊക്കേഷൻ ടാബ് സഹായിക്കുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുടെ ലൊക്കേഷൻ ഒരേ സ്‌ക്രീനിൽ കാണിക്കുന്നുണ്ട്. കുട്ടികളുടെ ഡിവൈസിന്റെ ബാറ്ററി ശതമാനം അറിയാനും, അവരെ വിളിക്കാനുമുള്ള ഓപ്ഷനുകളും ഇതിൽ ലഭ്യമാണ്.

സ്കൂൾ, പ്ലേഗ്രൗണ്ട്, വീട് എന്നിങ്ങനെ ഏതെങ്കിലുമൊരു പ്രത്യേക ലക്ഷ്യത്തിൽ കുട്ടി എത്തുന്നതിന്റെയും , അവിടെ നിന്നിറങ്ങുന്നതിന്റെയും സമയം രക്ഷിതാക്കൾക്ക് ആപ്പ് നോട്ടിഫിക്കേഷൻ ആയി അയക്കുന്നു.

ഇതിന് പുറമെ കുട്ടികളുടെ ഫോണിലേക്ക് ആപ്പുകളിൽ നിന്നും വരുന്ന എല്ലാ നോട്ടിഫിക്കേഷനുകളും റിക്വസ്റ്റുകളും കാണിച്ചു തരുന്ന  സെൻട്രൽ പ്ലേസും ഈ പുതിയ നവീകരണങ്ങളിൽ പെടുന്നു.

ഇതിനു പുറമെ കുട്ടികൾക്ക് വേണ്ട പരിധികൾ എളുപ്പത്തിൽ സെറ്റ് ചെയ്യാൻ രക്ഷിതാക്കളെയും, സ്ക്രീൻ ടൈം മാതാപിതാക്കളോട് റിക്വസ്റ്റ് ചെയ്യാൻ കുട്ടികളെയും സഹായിക്കുന്ന ‘ക്വിക് സ്റ്റാർട്ട്‌ ‘സംവിധാനവും ഇതിലുണ്ട്. ഫാമിലി ലിങ്ക് പ്രോഡക്റ്റ് മാനേജർ ആയ  Wendi Rieb തന്റെ ബ്ലോഗിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

എന്നാൽ ഇത്തരം സംവിധാനങ്ങളിലൂടെ കുട്ടികളുടെയും മാതാപിതാക്കളുടെയും വ്യക്തിപരമായ വിവരങ്ങൾ ഗൂഗിളിന് പക്കലെത്തും. ഡാറ്റയുടെ സംരക്ഷണത്തിലുള്ള ഗൂഗിളിന്റെ കാര്യക്ഷമത പരിതാപകരമായതിനാൽ, വളരെ അധികം ആലോചനകൾക്ക് ശേഷം മാത്രം ഇത്തരം ആപ്പുകൾ ഉപയോഗിക്കുക.

Exit mobile version