ആരാധകലോകം എക്കാലവും ഏറ്റെടുത്ത് ആഘോഷമാക്കുന്ന ജീവിതമാണ് നയൻതാരയുടേത്. വ്യക്തിജീവിതത്തിലെ പല സംഭവങ്ങളും സ്വകാര്യമാക്കിവെക്കുന്ന ആളാണ് നയൻസ് എങ്കിലും, അതിനിടയിൽ വീണ് കിട്ടുന്ന ചില മനോഹര നിമിഷങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഉത്സവമാക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു 2022 ജൂൺ 9 ണ് നടന്ന നയൻസ് – വിഘ്‌നേശ് വിവാഹം.
7 വർഷത്തെ പ്രണയത്തിനൊടുവിൽ, വളരെ വ്യക്തിപരമായി, പുറം ലോകത്തെ അറിയിക്കാതെ നടത്തിയ എൻഗേജ്മെന്റിന് ശേഷമായിരുന്നു വിവാഹം. ചുവന്ന സാരിയിൽ മനോഹരിയായ നയൻതാര അന്ന്, സോഷ്യൽ മീഡിയയിലെല്ലാം നിറഞ്ഞു നിന്നു. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയതും വലിയ വാർത്തയായിരുന്നു. ഇതിനിടയിലാണ്, ഈ താരദമ്പതികളുടെ ജീവിതത്തിൽ പുതിയ വിശേഷം വന്നിരിക്കുന്നത്.
വിഘ്‌നേഷ് ശിവൻ തന്റെ ട്വിറ്റെർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഇരുവരും അച്ഛനമ്മമാരായ വിവരം പങ്കുവെച്ചത്. ഇരട്ട ആൺകുട്ടികളാണ് ഇരുവർക്കുമുണ്ടായിട്ടുള്ളത്. വിഘ്‌നേശും നയൻതാരയും രണ്ട് ജോഡി കുരുന്നു പാദങ്ങളിൽ ഉമ്മ വെക്കുന്ന ചിത്രങ്ങളോടൊപ്പം,” നയൻസും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു.
രണ്ട് ഇരട്ട ആൺകുഞ്ഞുങ്ങളാണ് ഞങ്ങൾക്ക് അനുഗ്രഹമായി കിട്ടിയത്. ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും, ഞങ്ങളുടെ പൂർവികരുടെ അനുഗ്രഹവും കൂടി ചേർന്ന് 2 കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്ന് ചേർന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകണം. ജീവിതം കൂടുതൽ തെളിച്ചമുള്ളതും, സുന്ദരമായും കാണപ്പെടുന്നു. ദൈവം ഇരട്ടി വലിയവനാണ്.” എന്ന കുറിപ്പ് കൂടി വിഘ്‌നേശ് ചേർക്കുന്നുണ്ട്.
ഉയിർ, ഉലകം എന്നിങ്ങനെ പേരിട്ടിരിക്കുന്ന കുഞ്ഞുങ്ങൾ ഇരുവരുടെയും ജീവിതത്തിൽ വഴിതിരിവാകുമെന്നുറപ്പ്. സിനിമാ ലോകം ഒന്നടങ്കം നയൻതാരയെയും, വിഘ്‌നേശിനെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. അതേസമയം നയൻസ് വിവാഹത്തിന് മുന്പേ ഗർഭിണിയായിരുന്നെന്നും, അതല്ല വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും കുഞ്ഞുങ്ങളെ സ്വന്തമാക്കിയതെന്നുമുള്ള വാദങ്ങളാൽ സജീവമാണ് കമന്റ് സെക്ഷനുകൾ.
സിനിമാമേഖലയിൽ നയൻസിന്റെതായി വരാനിരിക്കുന്ന അടുത്ത ചിത്രം അറ്റ്ലീയുടെ സംവിധാനത്തിൽ ഷാഹ്റൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ ‘ആണ്. അതെ സമയം തല അജിത്തിന്റെ 62 ആമത് ചിത്രമാണ് വിഘ്‌നേശിന്റെ അടുത്ത പ്രൊജക്റ്റ്.