OPUSLOG

‘ ഹൃദയം ‘ അറ്റാക്ക് നേരിടാൻ ഒരുങ്ങിയോ ?രക്തപരിശോധനയിലൂടെ പരിഹാരം

ഇന്നസെന്റിന്റെ ‘കാൻസർ വാർഡിലെ ചിരി ‘ എന്ന പുസ്തകത്തിൽ  ‘ ഹാർട്ടറ്റാക്ക് ‘ എന്ന രോഗത്തെ കോടീശ്വരന്മാരുടെ അസുഖം എന്ന്  പറയുന്നുണ്ട്. വായനയിൽ അത് രസം തോന്നിപ്പിക്കുമെങ്കിലും എല്ലാവരുടെ ജീവിതത്തിലും വില്ലനാണ് ഹാർട്ടറ്റാക്ക്.

ഇന്നത്തെ സമൂഹത്തിൽ ഒരു സാധാരണ മരണമാണ് ഹൃദയാഘാതം. മാറിവരുന്ന ഭക്ഷണശീലങ്ങളും  ഫാസ്റ്റ് ഫുഡും തെറ്റായ ജീവിതക്രമങ്ങളും അമിത ടെൻഷനും വ്യായാമ കുറവും മറ്റുമാണ് ഹൃദയത്തെ ഒരു രോഗിയാക്കി മാറ്റുന്നത്.

അപ്രതീക്ഷിതമായാണ് ഇദ്ദേഹം നമ്മുടെ ജീവിതത്തിൽ കടന്നുവരുന്നത്. പ്രത്യേക ഒരു മുന്നറിയിപ്പോ  ലക്ഷണങ്ങളോ ഒന്നുംതന്നെ  കിട്ടുകയുമില്ല. ചിലരിൽ മാത്രം  നേരിയ ലക്ഷണങ്ങൾ കണ്ടെന്ന് വരാം. എന്നാൽ  അതിലൂടെ രോഗത്തെ തിരിച്ചറിയാനോ വേണ്ടവിധം  മുൻകരുതൽ എടുക്കാനോ  സാധിക്കുന്നില്ല. അതിനുമുമ്പേ തന്നെ  മരണം സംഭവിക്കുന്നു.

ഈയൊരു സാഹചര്യത്തിലാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനുള്ള ഡോക്ടർമാരുടെ പരിശ്രമം. ഇതിന് ഡോക്ടർമാരെ  സഹായിക്കുന്ന രക്ത പരിശോധനയാണ് കാര്‍ഡിയോ സി-റിയാക്ടീവ് പ്രോട്ടീന്‍ ടെസ്റ്റ് അഥവാ എച്ച്എസ്-സിആര്‍പി.

കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സി-റിയാക്ടീവ് പ്രോട്ടീന്ൻ എത്രത്തോളം രക്തത്തിൽ കലർന്നിട്ടുണ്ടെന്ന്  മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ പരിശോധന. മനുഷ്യ ശരീരത്തിൽ ഏൽക്കുന്ന പലവിധത്തിലുള്ള അണുബാധയെ തുടർന്നാണ്  ഇവ രക്തത്തിൽ  കലരുന്നത്.

രണ്ടുവിധത്തിലാണ് സിആർപി പരിശോധനകൾ  നടത്തിവരുന്നത്.

  1. സ്റ്റാൻഡേർഡ് സിആർപി
    ലിറ്ററിൽ 10 മുതല്‍ 1000 മില്ലിഗ്രാം വരെ സി റിയാക്ടീവ് പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തുന്നതാണ്  ഈ പരിശോധന.
  1. എച്ച്എസ്-സിആര്‍പി
    0.5 മുതല്‍ 10 മില്ലിഗ്രാം വരെ കുറഞ്ഞ തോതിലുള്ള പ്രോട്ടീന്‍ സാന്നിധ്യം കണ്ടെത്തുന്നതാണ് ഇത്. അതുകൊണ്ടുതന്നെ കാലങ്ങളായി നിലനിൽക്കുന്ന അണുബാധയുടെ തോത്  കണ്ടെത്താൻ ഈ പരിശോധനയിലൂടെ കഴിയും.

മാത്രവുമല്ല രക്തധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍, ഭാവിയില്‍ ഉണ്ടാകാവുന്ന പക്ഷാഘാതം, പെരിഫെറല്‍ ആര്‍ട്ടറി രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പും ഈ പരിശോധനയിലൂടെ ലഭിക്കുന്നു.

ഒരാളിൽ സിആർപി തോത്  കൂടുതലാണെന്ന് കണ്ടാൽ രണ്ടാഴ്ചത്തെ ഇടവേളകളിൽ രണ്ടുതവണ ഈ പരിശോധന നടത്തുന്നതിലൂടെയാണ് കാലങ്ങളായി നിലനിൽക്കുന്ന അണുബാധയുടെ തോത് കണ്ടെത്താൻ ആവുന്നത്.

ഫരീദബാദ് അമൃത ആശുപത്രിയിലെ കാര്‍ഡിയോളജി വകുപ്പ് തലവനായ ഡോ.വിവേക് ചതുര്‍വേദി, ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിൽ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നുണ്ട്.

ഈ പരിശോധനകൾ കൊണ്ട് മാത്രം  കണ്ടെത്താവുന്ന ഒന്നല്ല ഹൃദ്രോഗം എന്നാണ്. ലിപിഡ് പ്രൊഫൈല്‍, രക്തസമ്മര്‍ദം, പ്രമേഹം എന്നീ പരിശോധനകൾക്ക് ഒപ്പമാണ്  എച്ച്എസ്-സിആര്‍പിയും പരിശോധിക്കുക.  അതിലൂടെ മാത്രമാണ് ഹൃദ്രോഗസാധ്യതകൾ ഒരു പരിധിവരെ  കണ്ടെത്താനാവുന്നത്.

Exit mobile version