OPUSLOG

യാത്രകളിൽ മരുന്ന് സൂക്ഷിക്കുന്നവരാണോ നിങ്ങൾ, യുഎഇ ചട്ടങ്ങൾ അറിഞ്ഞില്ലെങ്കിൽ ഇനി പിടി വീഴും

യുഎഇ യിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായി നമുക്കിടയിൽ  ധാരാളം പേരുണ്ടാകും. അവരിൽ പലരും പല രോഗങ്ങൾക്കായി മരുന്നുകൾ ഉപയോഗിക്കുന്നവരാകും. അതിനാൽ തന്നെ നാട്ടിൽ നിന്ന് പോകുമ്പോൾ പലരും മരുന്ന് കൈയിൽ സൂക്ഷിച്ചിട്ടാണ് അവിടേക്ക് യാത്ര ചെയ്യുന്നത്.

എന്നാൽ ഇനി യുഎഇ യാത്രയിൽ ഇത്തരം മരുന്നുകൾ കൊണ്ട് പോകാൻ ചില ചട്ടങ്ങളും നിർദ്ദേശങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ് യുഎഇ സർക്കാർ.

മരുന്നുകൾ ഏത് വിഭാഗത്തിൽ പെടുന്നു എന്നു നോക്കിയാണ് നടപടിക്രമങ്ങൾ. സ്വന്തം ആവശ്യത്തിനുള്ള മരുന്നായാലും അതിന് പ്രത്യേകം പെർമിറ്റ് എടുക്കേണ്ടി വരും.

കൺട്രോൾഡ് ആൻഡ് സെമി കൺട്രോൾഡ് മരുന്നുകൾ അവിടേക്ക് കൊണ്ടു പോകണമെങ്കിൽ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് ആവശ്യമായി വരും. മറ്റു മരുന്നുകൾക്ക് ഇതാവശ്യമില്ലെങ്കിൽ അളവിൽ കവിഞ്ഞ മരുന്ന് കൊണ്ട് പോകാനാകില്ല. പെർമിറ്റിനായി ഓൺലൈനിൽ ആണ് അപേക്ഷിക്കേണ്ടത്.

ഏറെകുറെ എല്ലാ മരുന്നുകളും യുഎഇ യിൽ ലഭ്യമാണ്. എന്നാൽ ചില മരുന്നുകളിൽ നിയന്ത്രണമുണ്ട്. പല ഇടങ്ങളിലും ലഹരി വസ്തുക്കൾ ശാസ്ത്ര ഗവേഷണ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

എന്നാൽ ചികിത്സാ രംഗത്ത് അത് കർശന വിധേയമാണ്. ഇത്തരം മരുന്നുകൾ കൈമാറ്റം ചെയ്യുന്നതും ലഹരി ആവശ്യത്തിനായി ഉപയോഗിക്കുന്നതും കുറ്റകരമാണ്. എന്നാൽ ചില രോഗികളുടെ രോഗാവസ്ഥ കണക്കിലെടുത്ത് ഡോക്ടർമാർ നിയന്ത്രിത അളവിൽ മരുന്നുകൾ നൽകാറുണ്ട്.

ഓൺലൈൻ അപേക്ഷയിൽ രോഗം,യുഎഇ  ഡോക്ടറുടെ 3 മാസത്തിനുള്ളിലുള്ള കുറിപ്പടി,മരുന്ന്,ചികിത്സിച്ച സ്ഥാപനം നൽകിയ റിപ്പോർട്ട്,എമിറേറ്റ്സ് ഐഡിയോ പാസ്പോര്ട്ടിന്റെ പകർപ്പോ അപേക്ഷയിൽ സമർപ്പിച്ചിരിക്കണം. ഏത് രാജ്യത്തു നിന്നാണോ ചികിത്സിച്ചത് അവിടുത്തെ ആരോഗ്യ മന്ത്രാലയത്തിന്റെയോ അല്ലെങ്കിൽ യുഎഇ എംബസിയുടെയോ രേഖകൾ കരുതണം. യുഎഇ ഡ്രെഗ് ഡിപ്പാർട്മെന്റിന് നിങ്ങളുടെ അപേക്ഷയിൽ വിശ്വസനീയത തോന്നിയാൽ സമ്മതപത്രം നൽകും.

ഔഷധങ്ങളെന്ന വ്യാജേന പലരും ലഹരി മരുന്നുകൾ കൊണ്ട് പോകുന്നത് പിടിക്കപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള കർശന നടപടികളിലേക്ക് പല രാജ്യങ്ങളും കടക്കുന്നത്. പലരും ഷുഗറിന്റെയും പ്രഷറിന്റെയും മരുന്നാണെന്ന് പറയുകയും എന്നാൽ അതിൽ നിന്നും ലഹരി മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

മൊബൈൽ സ്മാർട്ട് ലാബ് എന്ന സംവിധാനത്തിലൂടെ വളരെ എളുപ്പത്തിൽ കസ്റ്റംസിന് ഇത് തിരിച്ചറിയാനാകും. നിങ്ങൾ കൊണ്ട് വരുന്ന മരുന്നുകൾ അവരുടെ സ്കാനറിൽ വെച്ചാൽ സകല ചേരുവകളുടെയും രാസനാമം അടക്കം സ്‌ക്രീനിൽ തെളിഞ്ഞു വരും.

യുഎഇ യാത്രയിൽ ഇത്തരം നിയന്ത്രണങ്ങൾ ഉള്ളതിനാൽ അവിടേക്ക് പോകുന്നവർ ഇക്കാര്യം പ്രത്യേകം ശ്രെദ്ധിക്കണം.

Exit mobile version