OPUSLOG

ലോകകപ്പിന്റെ ഹയാ കാർഡ് സുരക്ഷിതം, കളി കാണണമെങ്കിൽ ഹയാ കാർഡ് നിർബന്ധം

ദോഹ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഇതാ അടുത്തെത്തിയിരിക്കുന്നു. ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നാളുകളാണ് ലോകകപ്പിന്റേത്. അതിൽ പകുതിയിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരിക്കുന്നു.

ഡിജിറ്റൽ ഹയാ കാർഡുകളാണ് ഇവർക്ക് നൽകിയിട്ടുള്ളത്. ലോകകപ്പ് കാണാൻ  ദോഹയിലേക്ക് വരണമെങ്കിലും സ്റ്റേഡിയത്തിലേക്ക് കടക്കണമെങ്കിലും ഹയാ ടിക്കറ്റ് വേണ്ടി വരും.

കാണികൾക്കുള്ള ഫാൻ കാർഡാണ് ഹയാ കാർഡുകൾ. വ്യക്തിഗത വിവരങ്ങൾ അടങ്ങിയതാണ് ഹയാ കാർഡ് ടിക്കറ്റുകൾ. അതിനാൽ കാർഡുകളിലെ ഡാറ്റ സൂക്ഷിക്കുന്നത് നൂതന സാങ്കേതിക വിദ്യയിലാണെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയാ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടിവ് ഡയറക്ടർ സയീദ് അലി അൽ ഖുവാരി വെളിപ്പെടുത്തി.

ഹയാ കാർഡുകൾ ഫോണിൽ സ്ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല എന്നതാണ് പ്രധാന സുരക്ഷാ സവിശേഷത. കാർഡ് ഉടമയുടെ വ്യക്തി വിവരങ്ങളും ക്യുആർ കോഡും ഉൾപ്പെടുന്നതിനാൽ സ്ക്രീൻ ഷോട്ട് എടുക്കാനോ സ്ക്രീൻ റെക്കോർഡ് ചെയ്യാനോ സാധ്യമല്ല. ഹയാ കാർഡ് റീഡ് ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ കാർഡ് സ്‌കാൻ ചെയ്യുമ്പോൾ കാർഡുടമയുടെ എല്ലാ വിവരങ്ങളും സ്‌ക്രീനിൽ തെളിയും.

ലോകകപ്പിനായിട്ടാണ് ഹയാ കാർഡുകൾ ഡിസൈൻ ചെയ്‌തതെങ്കിലും ഇനി മുതൽ ഖത്തറിന്റെ പ്രധാന കായിക മത്സരങ്ങൾക്കായുള്ള എൻട്രി കാർഡായി ഇത് മാറിയിരിക്കുന്നു. ലോകകപ്പ് കാണാൻ വരുന്ന വിദേശീയർക്കുള്ള പ്രവേശന പാസ് കൂടിയാണ് ഹയാ കാർഡ്. ലോകകപ്പ് കാണുന്നവർക്കെല്ലാം ഹയാ കാർഡ് നിർബന്ധമായതിനാൽ വളരെ പ്രധാനപ്പെട്ട രേഖ കൂടിയാണിത്.

Exit mobile version