OPUSLOG

തീയറ്ററുകളെ പൂരപറമ്പാക്കി മലയാള സിനിമ

കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തീയറ്ററുടമകൾ അന്യഭാഷ ചിത്രങ്ങളെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ബിഗ്ബജറ്റ് ചിത്രങ്ങൾ മലയാള സിനിമ പ്രേമികൾക്കിടയിൽ നല്ല പിന്തുണ നേടിയെടുത്തു.

എന്നാൽ മലയാള സിനിമയുടെ മോശം കാലമായി പലരും ഇതിനെ തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണകൾ മാറ്റി മറിച്ച് തീയറ്ററുകൾ ആളുകളെ കൊണ്ട് നിറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവം ബോക്സ്ഓഫീസ് ഹിറ്റ്‌ നേടിയിരുന്നു. തുടർന്ന് പ്രിത്വിരാജിന്റെ ജനഗണമനയും കടുവയും എത്തി. ഇതു രണ്ടും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകളായിരുന്നു.

പ്രണവ് മോഹൻലാലിൻറെയും വിനീത് ശ്രീനിവാസന്റെയും കൂട്ടുക്കട്ടിൽ പിറന്ന ഹൃദയം എന്ന ചിത്രം എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു. സുരേഷ് ഗോപി അഭിനയിച്ച് ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന സിനിമയും പ്രേക്ഷക പ്രീതി നേടിയിരുന്നു.

ഇപ്പോൾ നിറഞ്ഞോടി കൊണ്ടിരിക്കുന്ന രണ്ടു മലയാള സിനിമകളാണ് ന്നാ താൻ കേസ് കൊട് എന്നതും തല്ലുമാലയും. ചോക്ലേറ്റ് ഹീറോ പരിവേഷത്തിൽ നിന്നും ബോധപൂർവം ഒഴിഞ്ഞു മാറി വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. സ്‌ക്രീനിൽ നമ്മൾ ആരും ഇതുവരെ കാണാത്ത ഒരു ചാക്കോച്ചനെയാണ് കാണാൻ സാധിക്കുന്നത്. 25 കോടിയിലേറെ രൂപയുമായി കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറിയിരിക്കുക്കയാണ് ഈ സിനിമ.

കാമ്പുള്ള കഥയോടൊപ്പം എന്റർടെയ്ൻമെന്റ് കൂടി മിക്സ് ചെയ്ത് മികച്ച ഒരു വിരുന്നു തന്നെയാണ് ‘ന്നാ താൻ  കേസ് കൊട്. ശക്തമായ തിരക്കഥ ഒരുക്കി എന്നാൽ അതിനൊപ്പം കാണികളെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഥ മുന്നോട്ട് പോകുന്നു. ഒരു കള്ളന്റെ കഥ പറയുന്നതിലൂടെ ഒരു നാടിന്റെയും ഭരണത്തിന്റെയും കഥ പറഞ്ഞു വെക്കുകയാണ് സംവിധായകൻ.

ടോവിനോ തോമസ് നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. തല്ലില്ലൂടെ മെനഞ്ഞെടുത്ത കഥയാണ് തല്ലുമാല. പുതിയ കാലത്തിന്റെ അഭിരുചി അറിഞ്ഞു ചെയ്ത ചിത്രമാണ് തല്ലുമാല.

കല്യാണി പ്രിയദർശൻ, ലുക്മാൻ, ഷൈൻ ടോം ചാക്കോ എന്നിങ്ങനെയുള്ള താരനിര തന്നെ സിനിമയിലുണ്ട്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം മലയാളികൾക്ക്  അത്ര പരിചിതമല്ലാത്ത  ദൃശ്യഭാഷയിലാണ് എത്തിയിരിക്കുന്നത്. അതേസമയം ആദ്യ ദിനങ്ങളില്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ചിത്രത്തെ സ്വീകരിച്ചു.

ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 31 കോടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്തുതന്നെ ആയാലും മലയാള സിനിമയുടെ ശുക്ര ദശ ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. കോവിഡിന്റെ പ്രതിസന്ധികൾ മറികടന്ന് മലയാള സിനിമകൾ വാനോളം ഉയർന്നിരിക്കുന്നു.

കഥാ പ്രാധാന്യമുള്ള ചിത്രമായാലും എന്റർടൈൻമെന്റ് സിനിമയായാലും മലയാളത്തിൽ ഓക്കേ ആണ്. ഇനിയുമേറെ സിനിമകളിലൂടെ മലയാള സിനിമ ബോക്സ്ഓഫിസ് ഹിറ്റുകൾ ഉണ്ടാകട്ടെ.

Exit mobile version