OPUSLOG

സുരേഷ് ഗോപിക്ക് ഗംഭീര തിരിച്ചു വരവേകി ജോഷിയുടെ പാപ്പൻ

ഒരുപാട് നാളുകൾക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന സിനിമയാണ് പാപ്പൻ. ടീസറും ട്രെയ്‌ലറും ഇറങ്ങിയപ്പോൾ മുതൽ കേരളം മുഴുവൻ ഉറ്റു നോക്കി കൊണ്ടിരുന്ന സിനിമയായിരുന്നു ഇത്. കാരണം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നത് കാണാൻ പ്രേക്ഷകരെല്ലാം ഏറെ ആവേശത്തിലായിരുന്നു. എന്തായാലും പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ പാപ്പൻ എന്ന സിനിമ ഗംഭീര തീയറ്റർ റെസ്പോൻസുമായി ആദ്യ ദിവസം തന്നെ ജനഹൃദയങ്ങളിലേക്ക് എത്തിയിരിക്കുന്നു.

3 വർഷങ്ങൾക്ക് ശേഷമാണ് ജോഷി സർ ഒരു സിനിമയമായി എത്തുന്നത് എന്ന സവിശേഷതയും ഈ സിനിമക്കുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങൾ നൽകിയ ജോഷി സാറിലൂടെ തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാം വരവും ഗംഭീരമായിരിക്കുന്നത്. പത്രവും,ന്യൂ ഡൽഹിയും,വാഴുന്നോരും എല്ലാം ഈ ഹിറ്റ് കോംബോയുടെ സംഭാവനകളാണ്.

നൈല ഉഷ,ഗോകുൽ സുരേഷ്,നീത,ജനാർദ്ധനൻ,വിജയ രാഘവൻ,ടിനി ടോം എന്നിവർ അടങ്ങുന്ന ഒരു താരനിര തന്നെ സിനിമയിലുണ്ട്. ആർജെ ഷാനാണ് ഈ സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

മലയാളത്തിൽ ഇപ്പോൾ ഇറങ്ങുന്നതിൽ കൂടുതൽ ഡാർക്ക് മോഡിലുളള ത്രില്ലെർ സിനിമകളാണ്. ആ ഒരു ജോണറിൽ തന്നെയാണ് പാപ്പനും ഇറക്കിയിരിക്കുന്നത്. എല്ലാ ത്രില്ലെർ കഥക്കും ഒരു ഭൂതകാലം ഉണ്ടായിരിക്കും. കൊലയാളിയുടെ പ്രതികാര കഥ പറയുന്ന ഒരു ഇമോഷണൽ ഡ്രാമ ഇതിലും മാറ്റമില്ലാതെ തന്നെ അത് തുടരുന്നു.

ഒരേ സമയം അധികം ആളുകളെ മടുപ്പിക്കാതെയും എന്നാൽ ഇനി അടുത്തത് എന്താണ് എന്നത് കാഴ്ചക്കാർക്ക് മനസിലാകും വിധമാണ് ചിത്രത്തിന്റെ തിരക്കഥ പോകുന്നത്. പ്രത്യേകം എടുത്തു പറയേണ്ടത് സുരേഷ് ഗോപി എന്ന നടന്റെ മികവുറ്റ പ്രകടനത്തെയാണ്.

പോലീസ് യൂണിഫോമിൽ ഒരു മാസ്സ് പ്രതീക്ഷിച്ചു പോകുന്നവർക്ക് മാസിന് പകരം ക്ലാസ് പെർഫോമൻസ് നൽകി അദ്ദേഹം പ്രേക്ഷകരെ ഞെട്ടിക്കുന്നു. അതിഭാവുകത്വം ഇല്ലാതെ മിതത്വം നിറഞ്ഞ അഭിനയ മുഹൂർത്തങ്ങൾ അദ്ദേഹം സിനിമ പ്രേമികൾക്ക് സമ്മാനിക്കുന്നു.

സിനിമയുടെ ക്ലൈമാക്സ് സീൻ ഏറെ മികവ് പുലർത്തുന്ന ഒന്നാണ്. സിനിമ കണ്ട പ്രേക്ഷകരും ഇത്തവർത്തിക്കുന്നു. അവസാന നിമിഷത്തിലുള്ള ട്വിസ്റ്റും ഇപ്പോൾ സിനിമ തീരും എന്നിടത്ത് പുതിയ ട്വിസ്ററ് കയറി വന്നും കാഴ്ചക്കാരെ എൻഗേജ് ചെയ്യിക്കാൻ അവർ ശ്രെമിക്കുന്നുണ്ട്. എന്നിരുന്നാലും കഥയിലെ ഭൂതകാലവുമായി കഥാപാത്രങ്ങളെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ചില സന്ദർഭങ്ങളിൽ അരോചകമായി തോന്നുന്നുണ്ട്.

പാപ്പന്റെ ബാക്ക്ഗ്രൗണ്ട് കൂടുതലും രാത്രിയായതിനാൽ ഛായാഗ്രഹണം അതിമനോഹരമായി അനുഭവപ്പെടുന്നു. അതുപോലെ തന്നെ ഡാർക്ക് മോഡ് സിനിമകളെ ഒരുപരിധി വരെ നിയന്ത്രിക്കുന്നത് അതിന്റെ ബിജിഎം ആണ്. അത്  മനോഹരമായി തന്നെ ജയ്ക്ക് ബിജോയ് നിർവഹിച്ചിട്ടുണ്ട്.

ഒരുവട്ടം കണ്ടിരിക്കാൻ പാകത്തിലുള്ള ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി സുരേഷ് ഗോപി ജോഷി കൂട്ടുക്കെട്ടിൽ പിറന്ന ഈ സിനിമയെ വിലയിരുത്താം. സുരേഷ് ഗോപിയെ വീണ്ടും പോലീസ് വേഷത്തിൽ കാണാനും അദ്ദേഹത്തിന്റെ ക്ലാസിക് അഭിനയ മുഹൂർത്തം അനുഭവിച്ചറിയാനും ഈ സിനിമ തീർച്ചയായും തീയറ്ററിൽ പോയി തന്നെ കാണേണ്ടതാണ്.

Exit mobile version